About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 | ഫെബ്രുവരി 05| 1197 മകരം 22| റജബ് 04| ശനി | ഉത്രട്ടാതി


കെ റെയിലിനു ഡിപിആര്‍ തയാറാക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും ഭൂമി ഏറ്റെടുക്കേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഡിപിആറിന് അനുമതി നല്‍കുന്ന കാര്യം റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്. അലൈന്‍മെന്റ് പ്ലാന്‍ ഉള്‍പ്പടെ വിശദമായ സാങ്കേതിക സാധ്യത റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടിക്കറ്റ് വരുമാനംകൊണ്ടു മാത്രം പദ്ധതി സാമ്പത്തികമായി വിജയിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സ്ഥലം ഏറ്റെടുക്കുന്നതിനെതിരായ ഹര്‍ജിയിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം.

🔳മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍നിന്നുള്ള പണം വകമാറ്റി ചെലവഴിച്ചെന്ന കേസില്‍ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ലോകായുക്ത. അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുബങ്ങള്‍ക്കു ദുരിതാശ്വാസനിധിയില്‍നിന്നു പണം നല്‍കിയെന്നാണ് ആരോപണം. ദുരിതാശ്വാസ നിധിയുടെ ഉപയോഗത്തിന് മുഖ്യമന്ത്രിക്കു വിവേചന അധികാരമുണ്ടെന്ന് ചീഫ് സെക്രട്ടറി ലോകായുക്തയില്‍ അറിയിച്ചു. മുന്‍മന്ത്രിസഭയിലെ മന്ത്രിമാരെയും കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്. കേസ് 11 ന് വീണ്ടും പരിഗണിക്കും.

🔳ശബരിമല തീര്‍ഥാടന കാലത്ത് നിലയ്ക്കലില്‍ അന്നദാനത്തിന്റെ മറവില്‍ ഒരു കോടിയലധികം രൂപയുടെ തട്ടിപ്പു കണ്ടെത്തിയതിനു പിറകേ, നിലയ്ക്കല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജയപ്രകാശിനെ സസ്പെന്‍ഡു ചെയ്തു. പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങിയതിന്റെ പേരില്‍ ഒരുകോടിയിലധികം രൂപ ദേവസ്വം ഉദ്യോഗസ്ഥര്‍ തട്ടിച്ചെന്നാണ് കണ്ടെത്തല്‍.

🔳തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന പരാമര്‍ശങ്ങള്‍ എം. ശിവശങ്കര്‍ ആത്മകഥയില്‍ എഴുതിയെങ്കില്‍ മോശമാണെന്നു സ്വപ്ന സുരേഷ്. ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമാണ്. സുപ്രധാനമായ എല്ലാ തീരുമാനങ്ങളും ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. സ്വപ്ന സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു. ശിവശങ്കറിന്റെ ആത്മകഥ വായിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും സ്വപ്ന പറഞ്ഞു.

🔳സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതോടെ താന്‍ നിരന്തരം അധിക്ഷേപിക്കപ്പെടുകയാണെന്ന് സ്വപ്ന സുരേഷ്. മൂന്നു പുരുഷന്മാരും അവരുടെ കുടുംബാംഗങ്ങളുമാണ് അധിക്ഷേപിക്കുന്നത്. കേസില്‍ കുടുങ്ങിയതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചു. ഭര്‍ത്താവും കേസിലെ ഒന്നാം പ്രതി സരിത്തിന്റെ കുടുംബവും ശിവശങ്കരനുമാണു തന്നെ അധിക്ഷേപിക്കുന്നതെന്നും സ്വപ്ന പറഞ്ഞു.

🔳തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ബ്രാഹ്‌മണരുടെ കാല്‍കഴിച്ചൂട്ട് വഴിപാട് നടത്തുന്നതിനെക്കുറിച്ചു ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി. പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി നന്ദകുമാറുമായി മന്ത്രി ഫോണില്‍ സംസാരിച്ചു.

🔳എം.സി റോഡില്‍ എസ്ബി കോളജിനു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു യുവാക്കള്‍ മരിച്ചു. ചങ്ങനാശേരി സ്വദേശി അജ്മല്‍ റോഷന്‍ (27), രുദ്രാക്ഷ് (20), അലക്സ് (26) എന്നിവരാണു മരിച്ചത്. രാത്രി പത്തോടെയാണ് അപകടമുണ്ടായത്.

🔳ബിജെപിയേയും കോണ്‍ഗ്രസിനേയും ഒരുപോലെ ശത്രുക്കളായി കണക്കാക്കാനാവില്ലെന്നു സിപിഎമ്മിന്റെ കരടു രാഷ്ട്രീയ പ്രമേയം. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ല. മതവിശ്വാസികളെ ചേര്‍ത്തു നിര്‍ത്തണം. ഹിന്ദുത്വ വിരുദ്ധത മതവിശ്വാസത്തിന് എതിരല്ല. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

🔳കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന വിഹിതം അപര്യാപ്തമാണ്. ജി എസ് ടി നഷ്ട്പരിഹാരം അഞ്ചു വര്‍ഷംകൂടി നീട്ടണമെന്ന ആവശ്യം അംഗീകരിച്ചില്ല.  കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടിവരും. ലോകായുക്താ ഭേദഗതിയില്‍ സിപിഐയുടെ എതിര്‍പ്പ് ചര്‍ച്ച ചെയ്ത് പരിഹരിക്കും. കോടിയേരി പറഞ്ഞു.

🔳ലോകായുക്തയ്ക്കെതിരെയുള്ള മുന്‍മന്ത്രി കെ.ടി ജലീലിന്റെ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ  വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ജലീല്‍ പാര്‍ട്ടി അംഗമല്ല. ലോകായുക്തയ്ക്കെതിരെ ഒരു ആരോപണവും സിപിഎം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

🔳സാമൂഹികാഘാത പഠനം നടത്താനാണ് കെ റെയില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥലം ഏറ്റെടുത്താലേ വായ്പ ലഭിക്കൂ. കേന്ദ്രം അനുമതി നിഷേധിച്ചെന്ന പ്രചാരണം തെറ്റാണ്. കോടിയേരി പറഞ്ഞു.

🔳മകന്റെ വിവാഹത്തലേന്ന് വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിനു സൗജന്യമായി വീടുവെയ്ക്കാന്‍ മൂന്നു സെന്റ് സ്ഥലം കൊടുത്ത് ഓട്ടോ ഡ്രൈവര്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ വൈ എം എ ഷുക്കുറാണ് തന്റെ 13 സെന്റ് സ്ഥലത്തില്‍നിന്ന് അയല്‍വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിനു മൂന്നു സെന്റ് സ്ഥലം നല്‍കിയത്. ക്യാന്‍സറിനു വര്‍ഷങ്ങളോളം ചികിത്സ നടത്തി കിടപ്പാടം വില്‍ക്കേണ്ടിവന്ന ഒരു വൃദ്ധമാതാവിനും യുവതിയായ മകള്‍ക്കുമാണ് ഷുക്കുര്‍ സ്ഥലം കൈമാറിയത്.

🔳തിരുവനന്തപുരം ചന്തവിളയില്‍ മദ്യപിക്കുന്നതിനിടെ കൊലക്കേസ് പ്രതിയ്ക്കു കുത്തേറ്റ സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തു. ഗുണ്ടാസംഘങ്ങളില്‍പെട്ടവര്‍ തമ്മിലുണ്ടായ ഏറ്റമുട്ടലിലാണ് കൊലക്കേസ് പ്രതി ദീപുവിനു കുത്തേറ്റത്. ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ്.

🔳ഓണ്‍ലൈനില്‍ വാങ്ങിയ ഐ ഫോണ്‍ കേടായതിനെത്തുടര്‍ന്ന് കമ്പനിക്കു പരാതി നല്‍കിയശേഷം പകരം കൊടുത്തത് വ്യാജഫോണ്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ മാറമ്പള്ളി പുതുശ്ശേരിവീട്ടില്‍ ലിയാഖത്ത് (26), പെരുമ്പാവൂര്‍ മുടിക്കല്‍ ചിറയില്‍ കാടന്‍ ഷിജാസ് (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

🔳സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ നാളെ . കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ രാവിലെ 11 മുതല്‍ 12 വരെയാണു പരീക്ഷ. കേരളത്തില്‍ ഞായറാഴ്ച ലോക് ഡൗണിനു സമാനമായ നിയന്ത്രണമുണ്ടെങ്കിലും തിരിച്ചറിയല്‍ രേഖയും സത്യവാങ്മൂലവുമായി പരീക്ഷാ സെന്ററിലെത്താം.

🔳അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതി ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തിങ്കളാഴ്ച വിധി പ്രസ്താവിക്കും. വാദംകേള്‍ക്കല്‍ ഇന്നലെ പൂര്‍ത്തിയാക്കി.

🔳അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്ന് ദിലീപ് വിശദമാക്കുന്ന ഓഡിയോ തന്റെ കൈയ്യിലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. കേസ് കോടതിയുടെ പരിഗണനയിലായതിനാലാണ്  ഓഡിയോ പുറത്തുവിടാത്തത്. കോടതി വിധി വന്നാലുടനേ പുറത്തുവിടും. ഇതും ശാപവാക്കാണെന്ന് കോടതി പറഞ്ഞാല്‍ ഒന്നും പറയാനില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

🔳യുജിസി ചെയര്‍മാനായി ജെഎന്‍യു വൈസ് ചാന്‍സലറായ എം ജഗദീഷ് കുമാറിനെ നിയമിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം. മദ്രാസ് ഐഐടിയില്‍നിന്ന് ഇലക്ട്രോണിക്സ് എന്‍ജിിനീയറിംഗില്‍ ഡോക്ടറേറ്റ് നേടിയ ജഗദീഷ് കുമാര്‍ 2016 ലാണ് ജെഎന്‍യു വൈസ് ചാന്‍സലറായത്. ഇദ്ദേഹത്തിന്റെ നയങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. യുജിസി ചെയര്‍മാനായിരുന്ന ഡിപി സിംഗ് വിരമിച്ച ഒഴിവിലാണു നിയമനം.

🔳ഫേസ്ബുക്ക് സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിലെ മുന്‍നിരക്കാനുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ കടത്തിവെട്ടി ഇന്ത്യന്‍ കോടീശ്വരന്മാരായ മുകേഷ് അംബാനിയും  ഗൗതം അദാനിയും . സുക്കര്‍ബര്‍ഗിന്റെ കമ്പനിയായ മെറ്റയുടെ ഓഹരിവില കഴിഞ്ഞ ദിനം കുത്തനെ ഇടിഞ്ഞതോടെയാണ് അംബാനിയും അദാനിയും മുന്നിലെത്തിയത്. ഫോര്‍ബ്‌സ് റിപ്പോര്‍ട്ടനുസരിച്ച് അദാനിയുടെ ആസ്തി 9010 കോടി ഡോളറും അംബാനിയുടെ ആസ്തി 9000 കോടി ഡോളറുമാണ്. സുക്കര്‍ബര്‍ഗ് ആഗോള സമ്പന്നന്മാരുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്തായി.

🔳ഐഎസ്എല്ലില്‍ കഴിഞ്ഞ മത്സരത്തിലെ തോല്‍വിക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ രണ്ടു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. 70-ാം മിനിറ്റില്‍ മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ആയുഷ് അധികാരി പുറത്തായ ശേഷം ശേഷിച്ച സമയം 10 പേരുമായി കളിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ജയം പിടിച്ചത്. ജയത്തോടെ പോയന്റ് പട്ടികില്‍ രണ്ടാം സ്ഥാനത്തെത്താനും ടീമിനായി.

🔳രാജ്യാന്തര ക്രിക്കറ്റില്‍ അപൂര്‍വ നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. 1,000 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഫെബ്രുവരി ആറിന് വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനം ഇന്ത്യയുടെ ആയിരാമത്തെ ഏകദിന മത്സരമാകും. ഇതുവരെ കളിച്ച 999 ഏകദിനങ്ങളില്‍ നിന്ന് 518 വിജയവും 431 തോല്‍വിയുമാണ് ഇന്ത്യയ്ക്കുള്ളത്.

🔳കേരളത്തില്‍ ഇന്നലെ 1,20,496 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചത് 28 മരണങ്ങള്‍. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 567 മുന്‍ മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 57,296 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 41,037 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,66,120 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട 2069, കണ്ണൂര്‍ 1814, പാലക്കാട് 1792, ഇടുക്കി 1442, വയനാട് 1202, കാസര്‍ഗോഡ് 731.

🔳രാജ്യത്ത് ഇന്നലെ 1,25,345 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 13,840, കര്‍ണാടക- 14,950, തമിഴ്നാട്- 9,916, ഡല്‍ഹി- 2,272.

🔳ആഗോളതലത്തില്‍ ഇന്നലെ മുപ്പത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ മൂന്ന് ലക്ഷത്തിനു മുകളില്‍. ബ്രസീല്‍ - 1,76,096, ഫ്രാന്‍സ്- 2,41,049, ഇംഗ്ലണ്ട് - 84,053, റഷ്യ- 1,68,201, തുര്‍ക്കി - 1,11,157, ഇറ്റലി- 99,522, ജര്‍മനി-2,35,511, ജപ്പാന്‍ - 1,03,038. ഇതോടെ ആഗോളതലത്തില്‍ 39.10 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 7.52 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,856 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1,907, ഇന്ത്യ - 1,056, ബ്രസീല്‍ - 493, ഫ്രാന്‍സ്- 355, റഷ്യ- 682, ഇറ്റലി - 433, മെക്‌സികോ- 648. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 57.41 ലക്ഷമായി.