About

News Now

ഭിന്നശേഷിക്കാർക്ക് താങ്ങാകാൻ യെല്ലോ വിങ്സ് വീണ്ടും സജീവമാകുന്നു

 


കോഴിക്കോട്: 

ഭിന്നശേഷിക്കാരായ  18 വയസ്സിനു മുകളിൽ  പ്രായമുള്ള  യുവതിയുവാക്കൾക്ക്  തൊഴിൽ പരിശീലനവും അതു വഴി ഒരു വരുമാന മാർഗവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്ഥാപനമാണ് യെല്ലോ വിങ്സ്. തൊഴിൽ പരിശീലനത്തിലൂടെ അവരെ ശാക്തീകരിക്കുക,   അതുവഴി  സ്വയം പര്യാപ്തരാക്കുക എന്നതാണ്  യെല്ലോവിങ്സിന്റെ ദീർഘകാല ലക്ഷ്യം. 

ഭിന്നശേഷിയുള്ള സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സമൂഹത്തിന്റെ മോശം മനോഭാവമാണ്, സഹതാപത്തിനപ്പുറം അവർക്കാവശ്യം അവസരങ്ങളാണ്. യെല്ലോ വിങ്സിൽ അവരുടെ  കഴിവുകൾ വികസിപ്പിക്കാനും അത് വഴി ഒരു വരുമാനം നേടിയെടുക്കാനുമുള്ള ഒരു സംവിധാനം  സൃഷ്ടിക്കുന്നു. 

തൊഴിൽ രംഗത്ത് ഭിന്നശേഷിക്കാരെ അംഗീകരിക്കാൻ  നമ്മുടെ സമൂഹം പൂർണ്ണമായും തയാറായിട്ടില്ല. പ്രത്യേകിച്ച് മാനസിക വെല്ലുവിളി നേരിടുന്നവരെ.   2018 മെയ് 15 ന്  കോഴിക്കോട് പൊറ്റമ്മലിൽ യെല്ലോ വിങ്സ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന 15 ട്രെയിനീസ് ആയിട്ടായിരുന്നു തുടക്കം. ഇവിടെ ഒരാളൊഴികെ ബാക്കിയുള്ളവരെല്ലാം  മാനസിക വെല്ലുവിളി നേരിടുന്നവരാണ്. 

 ആദ്യ ഘട്ടമെന്ന നിലയിൽ കാരി ബാഗുകൾക്കായി ഒരു സ്റ്റിച്ചിംഗ് യൂണിറ്റ് ആരംഭിച്ചു . അതിലേക്ക് ട്രെയിനീസിനെ തയാറാക്കുകയായിരുന്നു ആദ്യപടി. പ്രാർത്ഥനയും വ്യായാമത്തിലൂടെയും ദിവസം തുടങ്ങുന്നു. ഓഫീസും പരിസരവും വൃത്തിയാക്കുന്നതും ചെടികളെ പരിപാലിക്കുന്നതും അവർ തന്നെ. നൂല് കോർക്കാനും മെഷീൻ ചവിട്ടാനും അളവ് എടുക്കാനും കത്രിക വെച്ച് മുറിക്കാനും ഒക്കെ പരിശീലനം തുടങ്ങി. മാസങ്ങളോളം നീണ്ട പരിശീലനത്തിലൂടെ ഓരോരുത്തരും ഓരോ മേഖലയിൽ തങ്ങളുടെ പ്രാഗൽഭ്യം തെളിയിക്കാൻ തുടങ്ങി. അളവെടുക്കാനും വെട്ടാനും മുറിക്കാനും തുന്നാനും തൈയ്ക്കാനും ഇസ്തിരി ഇടാനും  പാക്ക് ചെയ്യാനും ഒക്കെ അവരുടെ  കഴിവിനനുസരിച്  ഓരോ ഗ്രൂപ്പുകളാക്കി. ഓർഡർ വരുന്നതിനനുസരിച്ചും അല്ലാതെയും സഞ്ചികൾ,  പല തരം കോട്ടൻ, ജൂട്ട്, പേപ്പർ ബാഗുകൾ ഒക്കെ  ഉണ്ടാക്കാൻ തുടങ്ങി.  . 

ഒരു വർഷത്തെ പരിശീലനം കൊണ്ട് സ്വന്തമായി ആരുടെയും സഹായമില്ലാതെ തുണി സഞ്ചികൾ തയ്‌ക്കാൻ അവരിൽ കുറച്ചുപേർ പ്രാപ്തരായിരിക്കുന്നു.  കത്രിക നേരെ പിടിക്കാൻ പോലും അറിയാതിരുന്നവർ ഇന്ന്  അളവെടുത്തു മുറിക്കാൻ തുടങ്ങിയിരിക്കുന്നു. 

 പാട്ടു പാടാനും ഡാൻസ് കളിക്കാനും കഴിവുകളുള്ളവരും ഉണ്ട് കൂട്ടത്തിൽ. അവർക്കും ആവശ്യമായ പ്രോത്സാഹനവും അവസരങ്ങളും നൽകി വരുന്നു.  അവരുടെ കുറവുകളെ മാറ്റി നിർത്തി കഴിവുകളിലൂടെ അവരെ സമൂഹത്തിന്റെ മുൻ നിരയിലേക് കൊണ്ട് വരാൻ യെല്ലോ വിങ്സ് ശ്രദ്ധിച്ചു വരുന്നു. 

നീണ്ട രണ്ടു വർഷക്കാലത്തെ മഹാമാരിക്ക് ശേഷം കോഴിക്കോട് കോമ്പോസിറ്റ് റീജിണൽ സെൻ്ററുമായി സഹകരിച്ച് ട്രെയിനിംഗ് യൂണിറ്റും നിർമാണ യൂണിറ്റും വീണ്ടും പ്രവർത്തനം ആരംഭിക്കുന്നത്.