About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 | മാർച്ച് 08 ചൊവ്വ|1197 കുംഭം 24 കാർത്തിക| ശഅബാൻ 05| 


◼️ഇന്ന് മാര്‍ച്ച് എട്ട്, അന്താരാഷ്ട്ര വനിതാദിനം. എല്ലാവര്‍ക്കും താമരശ്ശേരി ന്യൂസിന്റെ വനിതാദിനാശംസകള്‍.

◼️പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച് ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുമെന്ന് എക്സിറ്റ് പോള്‍ ഫലം. ഉത്തര്‍പ്രദേശിലും മണിപ്പൂരിലും ബിജപിക്കു തുടര്‍ഭരണം ലഭിക്കുമെന്നാണ് സൂചന. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന ഉത്തരാഖണ്ഡിലും ഗോവയിലും തൂക്കുസഭയ്ക്കു സാധ്യത.

◼️പഞ്ചാബില്‍ മൂന്ന് എക്സിറ്റ് പോള്‍ ഫലങ്ങളും ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായാണ് പ്രവചിച്ചത്. ആം ആദ്മി ഒറ്റയ്ക്കു കേവല ഭൂരിപക്ഷം നേടുമെന്നാണ് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പറയുന്നത.് ആം ആദ്മി പാര്‍ട്ടി 76 മുതല്‍ 90 സീറ്റ് വരെ നേടും. 77 സീറ്റുകള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഇക്കുറി 19 -31 വരെ സീറ്റുകളില്‍ ഒതുങ്ങും. ബിജെപിയ്ക്കു പരമാവധി നാലു സീറ്റു മാത്രമേ ലഭിക്കൂ.

◼️ഉത്തര്‍പ്രദേശിലെ 403 അംഗ നിയമസഭയില്‍ ബിജെപിക്ക് 211 ലധികം സീറ്റുമായി ഭരണത്തുടര്‍ച്ചയെന്നാണു മൂന്നു എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്. സമാജ് വാദി പാര്‍ട്ടിക്ക് 140 സീറ്റു വരെ കിട്ടും. കോണ്‍ഗ്രസ് നാലു സീറ്റിലായി ഒതുങ്ങും. ബിഎസ്പിക്ക് 17 പേരെ ജയിപ്പിക്കാനാകുമെന്നാണു എക്സിറ്റ് ഫലം പറയുന്നത്.

◼️മണിപ്പൂരില്‍ ബിജെപി നില മെച്ചപ്പെടുത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലപ്രവചനം. 60 അംഗ നിയമസഭയില്‍ മുപ്പതു സീറ്റ് ബിജെപിക്കും 15 സീറ്റ് കോണ്‍ഗ്രസിനും ലഭിക്കുമെന്നാണ് റിപ്പബ്ളിക് ടീവി എക്സിറ്റ് പോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.


◼️ബിജെപി ഭരിച്ചിരുന്ന എഴുപതംഗ ഉത്തരാഖണ്ഡ് നിയമസഭയില്‍ ബിജെപിയും കോണ്‍ഗ്രസും മുപ്പതിലേറെ സീറ്റു നേടുമെന്നാണ് ബഹുഭൂരിപക്ഷം എക്സിറ്റ് പോള്‍ പ്രവചനങ്ങളും പറയുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് ഒന്നോ രണ്ടോ സീറ്റു ലഭിക്കും.  നാല്‍പതംഗ ഗോവ നിയമസഭയില്‍ ബിജെപിക്കു 16 ലേറെ സീറ്റും കോണ്‍ഗ്രസിന് 15 ലേറെ സീറ്റുമാണു പ്രവചിച്ചിരിക്കുന്നത്.

◼️വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് യുക്രെയിനിലെ പ്രധാന നഗരങ്ങളില്‍നിന്നു സുരക്ഷിത ഇടനാഴി തുറന്നെന്ന് റഷ്യ പ്രഖ്യാപിച്ചെങ്കിലും ഇടനാഴിയില്‍ റഷ്യന്‍ പട്ടാളം ഷെല്ലാക്രമണം തുടര്‍ന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദംമൂലമാണ് റഷ്യ വെടിനിര്‍ത്തില്‍ പ്രഖ്യാപിച്ചത്. ആക്രമണം തുടര്‍ന്നതിനാല്‍ വെടിനിറുത്തല്‍ പ്രാബല്യത്തിലായില്ല. റഷ്യ തുറന്ന ആറ്  ഇടനാഴികളും റഷ്യയിലേക്കായിരുന്നു. ഇത് അസന്മാര്‍ഗികമാണെന്നു യുക്രെയിന്‍.

◼️സുമിയടക്കമുള്ള യുക്രെയ്ന്‍ നഗരങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. വെടിനിര്‍ത്തി സുരക്ഷിതപാത ഒരുക്കിയെന്നു പ്രഖ്യാപിച്ച റഷ്യ സഞ്ചാരപാതയില്‍  ഷെല്ലാക്രമണം തുടര്‍ന്നതിനാലാണ് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ കഴിയാതെപോയത്. സുമിയിലേക്ക് എംബസി ബസുകള്‍ എത്തിക്കുകയും വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറുകയും ചെയ്യുന്നതിനിടെയാണ് രക്ഷാദൗത്യം അടിയന്തരമായി നിര്‍ത്തിവയ്ക്കേണ്ടി വന്നത്.

◼️യുക്രെയിനില്‍നിന്ന് 734 മലയാളികളെ കൂടി തിരിച്ചെത്തിച്ചു. ഇതോടെ കേരളത്തില്‍ തിരിച്ചെത്തിയവരുടെ എണ്ണം 2,816 ആയി.

◼️തമിഴ്നാട്ടില്‍ 1,100 കോടി രൂപയുടെ തട്ടിപ്പു നടത്തിയതിന് നാലു പേരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. ഡിസ്‌ക് അസറ്റ് ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമപ്രകാരം അറസ്റ്റു ചെയ്തത്. എന്‍. ഉമാശങ്കര്‍, അരുണ്‍കുമാര്‍, വി. ജനാര്‍ദനന്‍, എ. ശരവണകുമാര്‍ എന്നിവരാണു പിടിയിലായത്. ഉയര്‍ന്ന പലിശയ്ക്ക് ജനങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിച്ച് തട്ടിപ്പു നടത്തിയെന്നാണു കേസ്

◼️കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണത്തില്‍ അവകാശവാദമുന്നയിക്കുമെന്ന സിപിഐ നിലപാടിനോട് ആര്‍ക്കും അവകാശവാദം ഉന്നയിക്കാമെന്നു പ്രതികരിച്ച് സിപിഎം  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഷയം മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

◼️ഇനി രാജ്യസഭയിലേക്കു മല്‍സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ഇതുവരെ തന്ന അവസരങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടും ഇനി മല്‍സരിക്കില്ലെന്ന് അറിയിച്ചുകൊണ്ടും ആന്റണി ഹൈക്കമാന്‍ഡിനു കത്തു നല്‍കി. പകരം ആരെ മല്‍സരിപ്പിക്കണമെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ ചൂടുപിടിച്ചിട്ടുണ്ട്.

◼️കാഞ്ഞിരപ്പള്ളിയില്‍ സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ സഹോദരന്‍ അടക്കം കുടുംബത്തിലെ രണ്ടുപേരെ വെടിവച്ചു കൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പനായില്‍ രഞ്ജു കുര്യനും മാതൃസഹോദരന്‍ മാത്യു സ്‌കറിയയുമാണു വെടിയേറ്റു മരിച്ചത്. രഞ്ജുവിന്റെ സഹോദരന്‍ ജോര്‍ജ് കുര്യനെ പോലീസ് അറസ്റ്റ് ചെയ്തു.  ഊട്ടിയിലെ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചത്.

◼️കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി പ്രഫ. എം.വി. നാരായണനെ ഗവര്‍ണര്‍ നിയമിച്ചു. കാലിക്കട്ട് സര്‍വകലാശാലയിലെ ഇംഗ്ളീഷ് പ്രൊഫസറും സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് ഡയറക്ടറുമാണ് നാരായണന്‍. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ ഫോറിന്‍ ലാംഗ്വേജസ് വിഭാഗം ഡീനുമാണ് ഇദ്ദേഹം.

◼️പാണക്കാട് കുടുംബാംഗങ്ങളെ നേരില്‍ക്കണ്ട് അനുശോചനം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടില്‍ അനുശോചനവുമായി ഇന്നലെ രാത്രിയാണ് രാഹുല്‍ പാണക്കാട്ട് എത്തിയത്. എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയുടെ അനുശോചന കുറിപ്പും രാഹുല്‍ കുടുംബത്തിനു കൈമാറി.

◼️തൊഴിലിടങ്ങള്‍ കൂടുതല്‍ വനിത സൗഹൃദമാക്കുമെന്നും ഇതിനായി വിവിധ പദ്ധതികള്‍ തൊഴില്‍വകുപ്പ് നടപ്പാക്കുമെന്നും തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ തൊഴിലാളികള്‍ക്ക് മാത്രമായി ഒരു കോള്‍ സെന്റര്‍ സംവിധാനം സംസ്ഥാന തൊഴില്‍ വകുപ്പ് 'സഹജ' എന്ന പേരില്‍ സജ്ജീകരിക്കും. തൊഴിലിടങ്ങളിലെ അതിക്രമങ്ങള്‍, വിവേചനം, ഇരിപ്പിട സൗകര്യങ്ങള്‍ ലഭ്യമാക്കാതിരിക്കല്‍ തുടങ്ങിയവ തൊഴില്‍ വകുപ്പിനെ അറിയിക്കാനാണ് സഹജ എന്ന പരാതി സംവിധാനം  ഒരുക്കുന്നത്.

◼️കെഎസ്ആര്‍ടിസി ബസ് യാത്രക്കാരിയായ അധ്യാപികയ്ക്കെതിരേ ഉണ്ടായ ലൈംഗികാതിക്രമം ചെറുക്കുന്നതില്‍ ജാഗ്രതക്കുറവ് കാണിച്ച കണ്ടക്ടര്‍ ജാഫറിനെ സ്പെന്‍ഡ് ചെയ്തു. പോലീസ് ജാഫറിനെതിരേയും കേസെടുത്തിട്ടുണ്ട്.

◼️യുക്രെയിനില്‍ സൈന്യത്തിന്റെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി ഹര്‍ജോത് സിംഗിനെ ഇന്ത്യയില്‍ എത്തിച്ചു. വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ച് ആര്‍ആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോളണ്ടില്‍നിന്നുള്ള സംഘത്തിനൊപ്പമാണ് ഹര്‍ജോത് മടങ്ങിയെത്തിയത്.

◼️ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ഷെയ്ന്‍ വോണിന്റേത് സ്വാഭാവിക മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.  തായ്‌ലന്‍ഡ് പോലീസാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഷെയ്ന്‍ വോണിന്റെ ദേശീയ ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകള്‍ക്ക് മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനം വേദിയായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍

◼️കേരളത്തില്‍ ഇന്നലെ 23,641 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 12,868 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 2,535 കോവിഡ് രോഗികള്‍. നിലവില്‍ 49,976 കോവിഡ് രോഗികള്‍. ആഗോളതലത്തില്‍ ഇന്നലെ പന്ത്രണ്ട് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 6.04 കോടി കോവിഡ് രോഗികള്‍.

◼️സ്വര്‍ണവില കുതിച്ചുയരുന്നതിനിടെ ആഭരണപ്രേമികള്‍ക്ക് കൂടുതല്‍ തിരിച്ചടിയുമായി ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്) ഹാള്‍മാര്‍ക്കിംഗ് ഫീസ് കൂട്ടി. ആഭരണമൊന്നിന് 35 രൂപയില്‍ നിന്ന് 45 രൂപയായാണ് കൂട്ടിയത്. പുറമേ 18 ശതമാനം ജി.എസ്.ടിയുമുണ്ട്. പുതുക്കിയനിരക്ക് മാര്‍ച്ച് നാലിന് നിലവില്‍ വന്നു. ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുംമുമ്പ് ഫീസ് 25 രൂപയായിരുന്നു. ഹാള്‍മാര്‍ക്കിംഗ് നിരക്കുവര്‍ദ്ധനയ്ക്ക് ആനുപാതികമായി പണിക്കൂലിയും കൂടുമെന്നതിനാല്‍ സ്വര്‍ണം വാങ്ങാന്‍ ഇനി ചെലവേറും. വെള്ളിയുടെ ഹാള്‍മാര്‍ക്കിംഗ് വിലയും 25 രൂപയില്‍ നിന്ന് 35 രൂപയാക്കിയിട്ടുണ്ട്.

◼️ലോകത്ത് ഏറ്റവുമധികം സമ്പന്നരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം. മൂന്ന് കോടി ഡോളറോ (226 കോടി രൂപ) അതിലധികമോ സമ്പത്തുള്ള 13,637 പേരാണ് ഇന്ത്യയിലുള്ളതെന്നും 2020ലെ 12,287 പേരേക്കാള്‍ 11 ശതമാനം അധികമാണിതെന്നും പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടസി സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് വ്യക്തമാക്കി. 2026ഓടെ എണ്ണം 19,000 കവിയും. 2021ല്‍ ആഗോളതലത്തില്‍ അതിസമ്പന്നരുടെ എണ്ണം 9.3 ശതമാനം ഉയര്‍ന്ന് 6.10 ലക്ഷത്തില്‍ എത്തിയിരുന്നു.ലോകത്ത് ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത് അമേരിക്കയിലാണ് - 748 പേര്‍. ചൈനയാണ് രണ്ടാമത് (554 പേര്‍). മൂന്നാമതുള്ള ഇന്ത്യയില്‍ 145 പേരുണ്ട്.

◼️മഞ്ജു വാര്യര്‍ നായികയാകുന്ന പുതിയ ചിത്രമാണ് 'ലളിതം സുന്ദരം'. സിനിമ സംവിധാനം ചെയ്യുന്നത് മഞ്ജു വാര്യരുടെ സഹോദനും നടനുമായ മധു വാര്യരാണ്. ചിത്രത്തിന്റെ ട്രെയിലര്‍  പുറത്തുവിട്ടു.  ബി കെ ഹരിനാരായണനാണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ബിജു മേനോന്റെ നായികയായി മഞ്ജു വാര്യര്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രമോദ് മോഹന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം മാര്‍ച്ച് 18ന് റിലീസ് ചെയ്യുക. ഒരു കോമഡി ഡ്രാമയായിട്ടാകും ചിത്രം റിലീസ് ചെയ്യുക.