ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 മാർച്ച് 15 ചൊവ്വ|1197 മീനം 1 | ആയില്യം| ശഅബാൻ 12
◼️സില്‍വര്‍ ലൈന്‍ പദ്ധതിയെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഏറ്റുമുട്ടല്‍. കെ റെയില്‍ കേരളത്തെ രണ്ടായി മുറിക്കുന്ന മതിലാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വാദിച്ചു. എന്നാല്‍ പാതയുടെ വശങ്ങളില്‍ മതിലുണ്ടാക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ചയ്ക്കൊടുവില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
◼️കെ റെയിലിന്റെ സര്‍വേക്കല്ലു പറിച്ചാല്‍ ഇനിയും അടികിട്ടുമെന്ന് എഎന്‍ ഷംസീര്‍. അടിച്ചാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് എം കെ മുനീര്‍. ജനങ്ങളുടെ നെഞ്ചത്തുകൂടി കെ റെയില്‍ നടപ്പിലാക്കാനാകില്ല. കെ റെയിലല്ല, കേരളമാണ് തങ്ങള്‍ക്ക് പ്രധാനമെന്നും മുനീര്‍ വ്യക്തമാക്കി.
◼️കെ റെയിലിനു കല്ലിട്ടാല്‍ പിഴുതെറിയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശനിയാഴ്ച കെ റെയില്‍ വിരുദ്ധ ജനകീയ സദസ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയോട് ഏതുകാലം മുതലാണ് പ്രതിപക്ഷത്തിനു വിയോജിപ്പ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു. റെയില്‍ മന്ത്രാലയവുമായി ജോയിന്‍ വെഞ്ചര്‍ കമ്പനി രൂപീകരിക്കാന്‍ യു.ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ടിരുന്നെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.
◼️പഞ്ചാബ് ജലന്ധറില്‍ അന്താരാഷ്ട്ര കബഡി താരം സന്ദീപ് സിങ് നംഗല്‍ അംബിയാനെ ആളുകള്‍ നോക്കിനില്‍ക്കെ വെടിവച്ചു കൊന്നു. നാല്‍പതുകാരനായ സന്ദീപ് സിംഗിനെ ഉടനേ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നകോദറിലെ മല്ലിയന്‍ ഖുര്‍ദ് ഗ്രാമത്തില്‍ കബഡി ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തുനിന്ന് സന്ദീപ് പുറത്തേക്കു വരുമ്പോള്‍ നാലു പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.
◼️തിരുവല്ലം കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം സര്‍ക്കാര്‍ സിബിഐയ്ക്കു വിട്ടു. ദമ്പതികളെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസില്‍ അറസ്റ്റിലായ സുരേഷാണ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. സുരേഷിന്റെ ശരീരത്തിലേറ്റ ചതവുകള്‍ ഹൃദയാഘാതത്തിന് കാരണമായിട്ടുണ്ടാകാമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
◼️ശബരിമല വിമാനത്താവളത്തിനു പാര്‍ലമെന്ററി സമിതിയുടെ അനുമതി. പദ്ധതി യഥാര്‍ഥ്യമാകേണ്ടതാണെന്ന് ഗതാഗത - ടൂറിസം സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രതിരോധ മന്ത്രാലയവുമായും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനുമായും ചര്‍ച്ച നടത്തണമെന്ന് സമിതി ആവശ്യപ്പെട്ടു.
◼️ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ ഷര്‍ട്ട് ധരിക്കരുതെന്ന ആചാരം ചില തന്ത്രിമാര്‍ കൊണ്ടുവന്ന തട്ടിപ്പാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആചാരങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണം. ഭഗവാന്റെ പേരില്‍ വരുന്ന പണം വിശക്കുന്ന ഭക്തന് വിശപ്പു മാറ്റാന്‍ ഉപയോഗിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൂവാറ്റുപുഴയില്‍ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിന്റെ അലങ്കാര ഗോപുര സമര്‍പ്പണം നിര്‍വഹിക്കുന്നതിനിടെയാണ് വെള്ളാപ്പള്ളി ഇങ്ങനെ പ്രസംഗിച്ചത്.
◼️ദിലീപിനെതിരായ വധഗൂഡാലോചന കേസില്‍ വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയില്‍. കോഴിക്കോട് സ്വദേശി സായ് ശങ്കറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്നു ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയെന്നാണ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം.
◼️എച്ച്എല്‍എല്‍ ലേലത്തില്‍ കേരളം പങ്കെടുക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ കെഎസ്ഐഡിസി താല്‍പര്യപത്രം നല്‍കി. ലേലത്തില്‍ സംസ്ഥാന സര്‍ക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ പങ്കെടുക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ നിലപാട് തള്ളിയാണ് സംസ്ഥാനം ലേലത്തില്‍ പങ്കെടുക്കുന്നത്.
◼️കേരളത്തില്‍ കോഴിയിറച്ചി വില 160 രൂപയായി. ഡ്രസ് ചെയ്ത ഇറച്ചിവില 250 നു മുകളിലുമെത്തി. സാധാരണ ചൂടുകാല മാസങ്ങളില്‍ കോഴിയിറച്ചിക്ക് ഡിമാന്‍ഡ് കുറയുകയും വില കുറയുകയുമാണ് പതിവ്.
◼️ഫോര്‍ട്ട്കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ പോക്സോ കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി റോയ് വയലാട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായി മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ രക്തസമ്മര്‍ദം ഉയര്‍ന്നതായി കണ്ടതിനാലാണ് ആശുപത്രിയിലേക്കു മാറ്റിയത്.
◼️പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോയി ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് ഇരുപത്തഞ്ചു കൊല്ലം കഠിന തടവും അറുപതിനായിരം രൂപ പിഴയും. കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫലിനെയാണ് തിരുവനന്തപുരം അതിവേഗ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി 25 കൊല്ലം തടവിന് ശിക്ഷിച്ചത്.
◼️പാലക്കാട്ടെ കൂറ്റനാട് കിണറുകളില്‍ തീ. തീപിടിക്കുന്ന വാതക സാന്നിധ്യമോ ഇന്ധന ചോര്‍ച്ചയോ ആകാം കാരണം. പന്ത്രണ്ടു കിണറുകളിലാണ് ഈ പ്രതിഭാസം. കിണറിലേക്ക് കടലാസ് കത്തിച്ചിട്ടാല്‍ തീ ആളിപ്പടരുകയാണ്. കിണറുകളിലെ വെള്ളം പരിശോധനക്കയച്ചു. പ്രദേശത്തെ കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്.
◼️മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമൂഹ മാധ്യമങ്ങളില്‍ വധഭീഷണി മുഴക്കിയ എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശിനെ(40) യാണ് പാലക്കാട് കസബ പോലീസ് അറസ്റ്റു ചെയ്തത്.
◼️ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് അപമാനിച്ച മൂന്നര വയസുകാരി പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച സര്‍ക്കാര്‍ നടപടി മനുഷ്യത്വവിരുദ്ധമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഒരു കുഞ്ഞിനു നീതി നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടും അതിനു തയ്യാറാവാത്തവര്‍ എന്തു മനോനിലയുള്ളവരാണെന്ന് അദ്ദേഹം ചോദിച്ചു.
◼️വാളയാര്‍ വനമേഖലയില്‍ കാട്ടു തീ പടരുന്നു. വാളയാര്‍ അട്ടപ്പള്ളത്തുനിന്ന് പടര്‍ന്ന തീ മലമുകളിലേക്ക് എത്തി. വനം വകുപ്പിന്റെ 40 അംഗ സംഘം ശ്രമിച്ചിട്ടും തീയണയ്ക്കാന്‍ കഴിഞ്ഞില്ല.
◼️ഇന്നു മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിക്കും. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും. അതോടെ സംസ്ഥാനത്തൊട്ടാകെ വേനല്‍മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.
◼️തൃശൂര്‍ ചുവന്നമണ്ണില്‍ ബീവറേജ് കോര്‍പറേഷന്റെ മദ്യവില്‍പന ശാലയില്‍ കവര്‍ച്ച. മദ്യവും 8000 രൂപയും കവര്‍ന്നു. കടയുടെ പിന്നിലെ ഷട്ടര്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. സ്ഥാപനത്തിനു പുറത്ത് നാല് സിസിടിവി ക്യാമറകള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും പ്രവര്‍ത്തിച്ചിരുന്നില്ല. സെക്യൂരിറ്റി ജീവനക്കാരനും ഉണ്ടായിരുന്നില്ല.
◼️കെ റെയിലിനെ പിന്തുണയ്ക്കരുതെന്ന് കാനം രാജേന്ദ്രന് സിപിഐ മുന്‍ നേതാക്കളുടെ മക്കള്‍ കത്തെഴുതി. സി അച്യുതമേനോന്‍, പി.ടി പൂന്നൂസ്, കെ. ദാമോദരന്‍, കെ. മാധവന്‍, സി ഉണ്ണിരാജ, എം.എന്‍ ഗോവിന്ദന്‍ നായര്‍, പൊടോര കുഞ്ഞിരാമന്‍ നായര്‍, കെ ഗോവിന്ദപ്പിള്ള, കാമ്പിശേരി കരുണാകരന്‍, പുതുപ്പള്ളി രാഘവന്‍, വി വി രാഘവന്‍, പവനന്‍, പി.രവീന്ദ്രന്‍, ശര്‍മ്മാജി, തുടങ്ങിയ പതിനാറ് നേതാക്കളുടെ മക്കളാണ് കത്തു നല്‍കിയത്.
◼️കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സീനിയര്‍ പിജി വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രിന്‍സിപ്പലിനോട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
◼️കേരളത്തില്‍ ഇന്നലെ 18,467 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 809 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 7,980 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 2,046 കോവിഡ് രോഗികള്‍. നിലവില്‍ 33,099 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പത്ത് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. നിലവില്‍ 6.05 കോടി കോവിഡ് രോഗികളുണ്ട്.
◼️2021-22 മൂന്നാം പാദത്തില്‍ മികച്ച വരുമാനവും ലാഭവും നേടിയ പ്രമുഖ പൊതുമേഖലാ പ്രകൃതി വാതക ഉല്‍പ്പാദക കമ്പനിയായ ഗെയില്‍ ഇന്ത്യ ലിമിറ്റഡ് റെക്കോര്‍ഡ് ഇടക്കാല ലാഭ വിഹിതമായി 50 ശതമാനം പ്രഖ്യാപിച്ചു (ഒരു ഓഹരിക്ക് 5 രൂപ). മാര്‍ച്ചില്‍ കമ്പനിയുടെ മൊത്തം ലാഭ വിഹിതം 2220.19 കോടി രൂപയിലെത്തുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ഡിസംബറില്‍ ഇടക്കാല ലാഭ വിഹിതമായ ഒരു ഓഹരിക്ക് 4 രൂപ പ്രഖ്യാപിച്ചിരുന്നു. രണ്ട് ഇടക്കാല ലാഭ വിഹിതം ചേര്‍ക്കുമ്പോള്‍ മൊത്തം ലാഭവിഹിതം റെക്കോര്‍ഡ് 90 ശതമാനം.