ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 | മാർച്ച് 03 വ്യാഴം|1197 കുംഭം 19 പൂരുരൂട്ടാതി| റജബ് 30|
◼️കിഴക്കന്‍ യുക്രെയിനിലെ ഇന്ത്യക്കാരെ റഷ്യ വഴി ഒഴിപ്പിക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പു നല്‍കി. ഇന്ത്യക്കാരെ യുക്രൈന്‍ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് പുടിന്‍ ആരോപിച്ചു. യുക്രൈന്‍ സൈന്യം ഇന്ത്യന്‍ വിദ്യാര്‍ഥികളെ തടവിലാക്കിയതുപോലെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുട്ടിനും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് ഈ ആരോപണം.
◼️ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ റഷ്യന്‍ സേന തയാറാണെന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി അറിയിച്ചു. ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദേശം പോലെ റഷ്യന്‍ പ്രദേശത്ത്‌നിന്ന് സ്വന്തം സൈനിക, ഗതാഗത വിമാനങ്ങളോ ഇന്ത്യന്‍ വിമാനങ്ങളോ ഉപയോഗിച്ച് അവരെ നാട്ടിലേക്ക് അയക്കുമെന്നും എംബസി ട്വിറ്ററിലൂടെ അറിയിച്ചു.
◼️യുക്രൈന്‍ - റഷ്യ രണ്ടാംഘട്ട ചര്‍ച്ച ഇന്ന്. പോളണ്ട് - ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച. വെടിനിര്‍ത്തലും ചര്‍ച്ചയാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.
◼️സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പൊലീസിനെതിരേ രൂക്ഷവിമര്‍ശനം. ചില പൊലീസുകാര്‍ ഇടതുനയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും സര്‍ക്കാരിനെ മോശമാക്കുന്നുവെന്നുമാണ് ആരോപണം. ക്രമസമാധാനപാലനത്തിലും വീഴ്ചയുണ്ടായി. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ പൊലീസ് കൊലയാളികള്‍ക്കൊപ്പമാണെന്നും വിമര്‍ശനമുയര്‍ന്നു.
◼️മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ ലോകായുക്തയില്‍ ഇന്നും വാദം തുടരും. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് ധനസഹായം അനുവദിച്ചതെന്നും സ്വജനപക്ഷപാതം കാട്ടിയിട്ടില്ലെന്നും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
◼️ഉന്നത വിദ്യാഭ്യാസ രംഗത്തും വ്യവസായിക രംഗത്തും സ്വകാര്യ നിക്ഷേപം വേണമെന്നു നിര്‍ദേശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നവകേരള നയരേഖ പാര്‍ട്ടി നയം തന്നെയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നവകേരളരേഖയ്ക്ക് എതിരെ ദുഷ്പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനിരിക്കുന്ന രാഷ്ട്രീയപ്രമേയവും നവകേരള നയരേഖയും തമ്മില്‍ നയപരമായ ഭിന്നതകളില്ലെന്നും കോടിയേരി.
◼️നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്ന ഒരു മാസത്തെ സമയപരിധി മാര്‍ച്ച് ഒന്നാം തീയതിയോടെ അവസാനിച്ചിരുന്നു. എന്നാല്‍, അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചേക്കും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസത്തെ സാവകാശംകൂടി വിചാരണക്കോടതി സുപ്രീം കോടതിയോട് തേടിയിട്ടുണ്ട്.
◼️സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും മൊഴി എന്‍ഐഎ രേഖപ്പെടുത്തി. ജയില്‍ മോചിതയായശേഷം സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് മൊഴിയെടുത്തത്. എന്‍ഫോഴ്സ്മെന്റും മൊഴിയെടുക്കാന്‍ വിളിപ്പിച്ചിരുന്നെങ്കിലും സ്വപ്നയുടെ അപേക്ഷയനുസരിച്ച് മാറ്റിവയ്ക്കുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എം ശിവശങ്കറിന് അറിയാമെന്നായിരുന്നു സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ ശിവശങ്കറിനെ നേരത്തെ പ്രതിചേര്‍ത്തിരുന്നില്ല.
◼️യുക്രെയിനില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളെയെല്ലാം തിരികെയെത്തിക്കാന്‍ റഷ്യ വഴി വേഗത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. യുദ്ധ മേഖലയില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ക്കു പുറത്തുവരാന്‍ സുരക്ഷിതപാത ഒരുക്കണമെന്നും ഇതിനായി റഷ്യന്‍ ഭരണ നേതൃത്വവുമായി ധാരണയുണ്ടാക്കണണെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
◼️യുക്രൈന്‍ - റഷ്യ യുദ്ധത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയോട് എറണാകുളം ജില്ലാ കമ്മിറ്റി. റഷ്യയുടെ 'സൈനികനടപടി' തെറ്റാണെന്നും, എന്നാല്‍ നാറ്റോ വിപുലീകരണം റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നുമായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോയുടെ നിലപാട്. യുക്രെനില്‍ റഷ്യയുടെ അധിനിവേശം എന്നു പറയാന്‍ സിപിഎം മടിക്കുന്നതെന്തിനെന്നാണു വിമര്‍ശനം. ഇതുമൂലം പാര്‍ട്ടിയ്ക്കുള്ളിലും പൊതുസമൂഹത്തിലും ആശയക്കുഴപ്പമുണ്ടാക്കിയെന്നും പാര്‍ട്ടി എറണാകുളം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാണിച്ചു.
◼️സുല്‍ത്താന്‍ബത്തേരിയിലെ ഹോംസ്റ്റേയില്‍ യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്‍. പുല്‍പ്പളളി അമരക്കുനി പോത്തനാമലയില്‍ പ്രകാശ്-രമണി ദമ്പതികളുടെ മകന്‍ നിഖില്‍ (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളേംകുന്നില്‍ ബാലന്‍-കുഞ്ഞമ്മ ദമ്പതികളുടെ മകള്‍ ബബിത (22) എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
◼️കരിമണ്ണൂരില്‍ മധ്യവയസ്‌കനെ മര്‍ദിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ രണ്ട് പേര്‍ അറസ്റ്റില്‍. സോണി, അനന്തു എന്നിവരെയാണ് കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നു പൊലീസ് അറിയിച്ചു.
◼️ദുബൈയില്‍ മരിച്ച വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്റെ (20) മൃതദേഹം ഇന്ന് പുലര്‍ച്ചെ നാട്ടിലെത്തിക്കും. ദുബൈ ജാഫിലിയയിലെ താമസസ്ഥലത്ത് ചൊവ്വാഴ്ചയാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കാക്കൂർ സ്വദേശിനിയാണ്.
◼️പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയെ ഒന്നേകാല്‍ കിലോ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയവേ കൊവിഡ് ആനുകൂല്യത്തോടെ പരോളിലിറങ്ങിയ വെട്ടിയാര്‍ കല്ലിമേല്‍ വരിക്കോലേത്ത് എബനേസര്‍ വീട്ടില്‍ റോബിന്‍ ഡേവിഡ് (30) ആണ് അറസ്റ്റിലായത്. 2015 ലെ ഡെസ്റ്റമണ്‍ വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതിയാണിയാള്‍.
◼️സംപ്രേഷണ വിലക്കിനെതിരെ മീഡിയ വണ്‍ ചാനല്‍ സുപ്രീംകോടതിയെ സമീപിച്ചു. വിലക്കിനെതിരായ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയ സാഹചര്യത്തിലാണ് ചാനല്‍ സുപ്രീംകോടതിയെ സമീപിച്ചത്.
◼️കേരളത്തില്‍ ഇന്നലെ 36,747 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 21,664 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 6,158 കോവിഡ് രോഗികള്‍. നിലവില്‍ 74,458 കോവിഡ് രോഗികള്‍. ആഗോളതലത്തില്‍ ഇന്നലെ പതിനഞ്ച് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 6.14 കോടി കോവിഡ് രോഗികള്‍.