കിണറ്റിൽ വീണ രണ്ടുതൊഴിലാളികളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി
കോഴിക്കോട്:
ചേവായൂർ ശങ്കർ ഗ്യാസ് ഗോഡൗണിന് സമീപം വില്ലിഗൽ കോട്ടക്കുന്നിൽ ഉണ്ണികൃഷ്ണന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ വാർപ്പ് ജോലിയ്ക്കിടെ മുകളിൽ നിന്ന് പലക പൊട്ടി കിണറിലേക്ക് വീണ രണ്ടുതൊഴിലാളികളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കോഴിക്കോട് കാളൂർ റോഡ് സ്വദേശി ജയൻ(55),ഒഡീഷ സ്വദേശി വിരാട് (30) എന്നിവരെയാണ്
വെള്ളിമാടുകുന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അബ്ദുൾ ഫൈസിയുടെ നേതൃത്വത്തിലെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്.
രാവിലെ പത്തുമണിക്ക് സേന സംഭവസ്ഥലത്ത് എത്തുമ്പോൾ കിണറ്റിൽ അകപ്പെട്ട ഇവർ കിണറിന്റെ മോട്ടോർ റോപ്പിലും, പടവിലുമായി പിടിച്ചു നിൽക്കുകയായിരുന്നു. 15 അടി താഴ്ച്ചയും ഒരാൾക്ക് വെള്ളവുമുള്ള കിണറിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിഖിൽ മല്ലിശ്ശേരി ചെയർനോട്ടിൽ ഇറങ്ങി റെസ്ക്യൂ നെറ്റിന്റെ സഹായത്താൽ അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചു. ഇടുങ്ങിയ കിണറും, കിണറ്റിലേക്ക് വീണ കെട്ടിട നിർമ്മാണ സാധനങ്ങളും, കിണറിലെ വെളിച്ചക്കുറവും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. നിലയത്തിലെ ആംബുലൻസിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനോജ് മുണ്ടക്കാട്, ബിനു എ.കെ, മധു.പി, മനുപ്രസാദ്, അഭിഷേക്, ഹോംഗാർഡ്മാരായ വിജയൻ പി.എം, ബാലൻ ഇ.എം എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.