ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 | മാർച്ച് 09 ബുധൻ|1197 കുംഭം 25 കാർത്തിക| ശഅബാൻ 06
◼️പെട്രോള്‍, ഡീസല്‍ വില കൂടുമെന്ന സൂചന നല്‍കി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. അന്താരാഷ്ട്ര വിപണിവില വര്‍ധിച്ചിരിക്കുകയാണ്. ഇതു രാജ്യത്തെ എണ്ണവിലയെ സ്വാധീനിക്കും. റഷ്യ - യുക്രൈന്‍ പ്രതിസന്ധിമൂലം എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
◼️റഷ്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ച രണ്ടു റഷ്യന്‍ അനുകൂല പ്രദേശങ്ങള്‍ വിട്ടുകൊടുക്കാമെന്നു യുക്രെയിന്‍ പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്‌കി. നാറ്റോ അംഗത്വത്തിനുള്ള നീക്കത്തില്‍നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയെ ഭയപ്പെടുന്ന നാറ്റോയില്‍ വിശ്വാസമില്ലാതായി. മുട്ടിലിഴഞ്ഞു യാചിക്കുന്ന പ്രസിഡന്റാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സെലന്‍സ്‌കി. റഷ്യ ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കുന്നതോടെ റഷ്യയുമായി സന്ധിക്കുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്.
◼️റഷ്യ സുരക്ഷിത ഇടനാഴി തുറന്നതിനു പിറകേ, യുക്രെയ്നിലെ സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 700 പേരെ ഒഴിപ്പിച്ചു. സുമിയിലേക്ക് ബസുകള്‍ എത്തിച്ചാണ് ഇവരെ പുറത്തേക്കെത്തിച്ചത്. ലിവീവില്‍ എത്തിക്കുന്ന വിദ്യാര്‍ത്ഥികളെ റോമാനിയ, ഹംഗറി, പോളണ്ട് തുടങ്ങിയ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിക്കും.
◼️തദ്ദേശ സ്ഥാപനങ്ങള്‍ ജനങ്ങളെ ഭരിക്കാനുള്ളതല്ല, സേവിക്കാനുള്ളതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍. ജനങ്ങള്‍ക്കു സേവനങ്ങള്‍ ലഭ്യമാക്കണം. സേവനം ഔദാര്യമല്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളുടെ ദാസരാണെന്ന ബോധം ഉണ്ടാകണം. ഒരു ഫയലും മടക്കി അയക്കരുത്. അപേക്ഷ പൂര്‍ണ്ണമാക്കാനുള്ള ഉത്തരവാദിത്തം അപേക്ഷകനല്ല, ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ്. മന്ത്രി എം.വി ഗോവിന്ദന്‍ കോഴിക്കോട്ട് പറഞ്ഞു.
◼️ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒന്നാം പ്രതിയും ഹോട്ടലുടമയുമായ റോയി വയലാട്ടില്‍, രണ്ടാം പ്രതി സൈജു തങ്കച്ചന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ജാമ്യം അനുവദിച്ചു. കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം വാഹാനപകടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.
◼️ഫുട്പാത്തില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരേ വീണ്ടും ഹൈക്കോടതി. നിയമവിരുദ്ധമായി ആര് കൊടിതോരണങ്ങള്‍ സ്ഥാപിച്ചാലും നടപടി വേണമെന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നിയമലംഘനങ്ങള്‍ക്കു നേരെ കൊച്ചി കോര്‍പറേഷന്‍ കണ്ണടച്ചു. നടപടിയെടുക്കാന്‍ പേടിയാണെങ്കില്‍ കോര്‍പറേഷന്‍ സെക്രട്ടറി തുറന്നു പറയണമെന്നും കോടതി. സിപിഎം സമ്മേളനത്തിനായി ഫുട്പാത്തുകള്‍ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിച്ചതിനെതിരെ കഴിഞ്ഞയാഴ്ചയും കോടതി വിമര്‍ശിച്ചിരുന്നു.
◼️മയക്കുമരുന്ന് കേസ് പ്രതിയെ പിടിക്കുന്നതിനിടെ നാലു പൊലീസുകാര്‍ക്കു കുത്തേറ്റു. പ്രതി അനസ്, കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ശ്രീജിത്ത്, വിനോദ്, ചന്തു, ജയന്‍ എന്നീ പോലീസുകാരെയാണ് കുത്തിയത്. രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ പൊലീസുകാരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ പൊലീസുകാരെത്തിയാണ് അനസിനെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്. ഇരുപതോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍.
◼️നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ വധഗൂഡാലോചന നടത്തിയെന്ന കേസില്‍ ഫോണിലെ തെളിവുകള്‍ നടന്‍ ദിലീപ് നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്. ഫോണുകള്‍ കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടശേഷം മുംബൈയില്‍ ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. തെളിവുകള്‍ ദിലീപ് മനപൂര്‍വം നശിപ്പിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്.
◼️വിളിച്ചിട്ടും വരാത്ത വൈസ് ചാന്‍സലര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കാന്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍. കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണനാണ് ഗവര്‍ണര്‍ വിളിച്ചിട്ടും വരാതിരുന്നത്. ഗവര്‍ണര്‍ ഉന്നയിച്ചിരുന്ന പിആര്‍ഒ നിയമനകാര്യം കോടതിയുടെ പരിഗണനയിലായതിനാല്‍ ഗവര്‍ണറെ സന്ദര്‍ശിക്കുന്നത് കോടതിയലക്ഷ്യമാകുമെന്നു വ്യാഖ്യാനിച്ചാണ് വിസി ഗവര്‍ണറെ കാണാന്‍ വിസമ്മതിച്ചത്. വിസിക്കെതിരേ നടപടിയെടുക്കാന്‍ നിയമോപദേശം തേടിയിരിക്കുകയാണ് ഗവര്‍ണര്‍.
◼️തൃശൂര്‍- പാലക്കാട് ദേശീയപാതയിലെ മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയില്‍ ടോള്‍ പിരിവ് ആരംഭിച്ചു. കുതിരാന്‍ തുരങ്ക പാതയ്ക്കും റോഡിനുമുള്ള ടോളാണു പിരിക്കുന്നത്. കാറുകള്‍ക്ക് 90 രൂപയാണ് ഒരുവശത്തേക്കുള്ള ടോള്‍ നിരക്ക്. വലിയ ചരക്കു വാഹനങ്ങള്‍ 430 രൂപ നല്‍കണം. ട്രക്കുള്‍ക്ക് 280 രൂപ. 25.75 കിലോമീറ്റര്‍ നീളമുള്ള പാതയുടെ വടക്കഞ്ചേരിക്കടുത്ത പന്നിയങ്കരയിലാണ് ടോള്‍ ബൂത്ത്. 2032 വരെ ടോള്‍ പിരിക്കാന്‍ അനുമതിയുണ്ട്.
◼️രാജ്യസഭയിലേക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. എ.കെ ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന് സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നു വളരെ നേരത്തേ വിടപറഞ്ഞതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേയ്ക്കില്ല. സുധീരന്‍ കുറിച്ചു.
◼️സംസ്ഥാനത്തു മൂന്നു ജില്ലകളില്‍ ഇടിമിന്നലോടുകൂടി മഴയ്ക്കു സാധ്യത. പത്തനംതിട്ട, കോട്ടയം, വയനാട് ജില്ലകളിലാണു മഴയ്ക്കു സാധ്യത.
◼️ആലപ്പുഴയില്‍ വന്‍ സെക്സ് റാക്കറ്റ് പിടിയിലായി. ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് അഞ്ചു സ്ത്രീകളും ഒമ്പതു പുരുഷന്മാരുമാണ് പിടിയിലായത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ളവരാണു പിടിയിലായത്.
◼️ഇടുക്കി രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനുവിനെ കൂറുമാറ്റ നിരോധന നിയമ പ്രകാരം ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കി. 2015 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ച ടിസ്സി നാലു വര്‍ഷം പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. 2019 ല്‍ കൂറുമാറി എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പഞ്ചായത്തംഗം പി.ടി എല്‍ദോ നല്‍കിയ ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. മെമ്പര്‍ സ്ഥാനം നഷ്ടമായാലും ഭരണമാറ്റം ഉണ്ടാവില്ല.
◼️കേരളത്തില്‍ ഇന്നലെ 32,135 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1,791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 12,677 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 3,146 കോവിഡ് രോഗികള്‍. നിലവില്‍ 47,730 കോവിഡ് രോഗികള്‍. ആഗോളതലത്തില്‍ ഇന്നലെ പതാനാറ് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.98 കോടി കോവിഡ് രോഗികള്‍.
◼️ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായി റിസര്‍വ് ബാങ്ക് തത്സമയ പണമിടപാട് സംവിധാനം ആരംഭിച്ചു. യുപിഐ 123 പേ എന്ന പേരില്‍ അറിയപ്പെടുന്ന സംവിധാനത്തിലൂടെ രാജ്യത്തെ 40 കോടിയോളംവരുന്ന ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായി പണമിടപാട് നടത്താന്‍ കഴിയും. വെബ്സൈറ്റ്, ചാട്ട്ബോട്ട് എന്നിവ വഴി ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച എല്ലാ സംശയങ്ങളും തീര്‍ക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനും തുടങ്ങിയിട്ടുണ്ട്. അതിനായി ഡിജിസാതി വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 14431 അല്ലെങ്കില്‍ 1800 891 3333 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.