About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 | മാർച്ച് 05 ശനി|1197 കുംഭം 21 രേവതി| ശഅബാൻ 02| 


◼️തലമുറ മാറ്റവുമായി സിപിഎം സംസ്ഥാന സമ്മേളനത്തിനു സമാപനം. പാര്‍ട്ടിനയങ്ങളും മാറ്റുകയാണെന്ന പ്രഖ്യാപനത്തോടെയാണ് സമ്മേളനം കൊച്ചിയില്‍ സമാപിച്ചത്. ഉന്നത വിദ്യാഭ്യാസ, വ്യവസായിക മേഖലകളില്‍ സ്വകാര്യ നിക്ഷേപം വേണമെന്നു നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള നയരേഖ സമ്മേളനം അംഗീകരിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ലോകോത്തര നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങള്‍, റോഡും കെ റെയിലും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ വേണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് നയരേഖയിലുള്ളത്.

◼️ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതികള്‍ നടപ്പാക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം സംസ്ഥാന സമ്മേളന പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്നതിനെതിരെ ചിലര്‍ പ്രചരണം നടത്തുന്നു. സംസ്ഥാനത്ത് യാത്രാ സൗകര്യം വര്‍ധിപ്പിക്കേണ്ടത് ഏറ്റവും പ്രധാനമായ കാര്യമാണ്. നാടിന്റെ വികസനമാണു പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.

◼️സിപിഎമ്മിന്റെ പതിനേഴംഗ സംസ്ഥാന സെക്രട്ടേറിയറ്റില്‍ എട്ടു പുതുമുഖങ്ങള്‍. 75 വയസ് പിന്നിട്ടവരെ  കമ്മിറ്റികളില്‍നിന്നു നീക്കി യുവജനനേതാക്കളെ കൊണ്ടുവന്നു. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മന്ത്രിമാരായ സജി ചെറിയാന്‍, വിഎന്‍ വാസവന്‍, മുഹമ്മദ് റിയാസ് എന്നിവരെ ഉള്‍പ്പെടുത്തി. മുന്‍ എംഎല്‍എയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം. സ്വരാജ്, എസ്.എഫ്ഐ മുന്‍ ദേശീയ അധ്യക്ഷന്‍ പി.കെ. ബിജു, ഇടുക്കിയില്‍ നിന്നുള്ള സീനിയര്‍ നേതാവ് കെ.കെ. ജയചന്ദ്രന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍,  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്‍ എന്നിവരാണ് പുതുതായി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയത്. മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, പി. രാജീവ്, കെ. രാധാകൃഷ്ണന്‍ എന്നിവരെ നേരത്തെത്തന്നെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. സെക്രട്ടറിയേറ്റില്‍  പി.കെ ശ്രീമതി മാത്രമാണ് വനിതാ പ്രാതിനിധ്യം. പി.കെ. ശശിയെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതും പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതിരുന്നതുമാണ് മാറ്റങ്ങളില്‍ ഏറെ ശ്രദ്ധേയം. ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ എ.എ.റഹീം, എസ്.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷന്‍ വി.പി. സാനു, ചിന്ത ജെറോം എന്നീ യുവനേതാക്കള്‍ സംസ്ഥാന സമിതിയിലുണ്ട്.

◼️ഡിസിസി ഭാരവാഹി പട്ടിക തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ പ്രഖ്യാപിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. ചില ജില്ലകളില്‍ ഇനിയും ചര്‍ച്ച പൂര്‍ത്തിയാക്കാനുണ്ട്. തിങ്കളാഴ്ച്ച ഇരുവരും വീണ്ടും ചര്‍ച്ച നടത്തും. എം പി മാരുടെ പരാതിയുണ്ടെന്ന പേരിലായിരുന്നു ഹൈക്കമാന്റ് പുനസംഘടന നിര്‍ത്തിവയ്പിച്ചത്.

◼️ആദ്യം എതിര്‍ക്കുകയും പിന്നീട് അധികാരത്തിലെത്തിയാല്‍ എതിര്‍ത്തത് നടപ്പാക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഉന്നത വിദ്യാഭ്യാസ രംഗത്തെ നയംമാറ്റത്തെ പരാമര്‍ശിച്ചാണ് സുരേന്ദ്രന്റെ പ്രതികരണം. സിപിഎമ്മിന്റെ നയമാറ്റം കപടമാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

◼️കൊച്ചി നേവല്‍ ബേസില്‍ കരാറുകാര്‍ക്കു കരാര്‍ ഒപ്പിട്ടു നല്‍കാന്‍ കോടികള്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ പ്രതികളുടെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 7.47 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. മിലിട്ടറി എന്‍ജിനിയറിംഗ് സര്‍വീസ് ചീഫ് എന്‍ജിനിയര്‍ രാകേഷ്‌കുമാര്‍ ഗാര്‍ഗ്, കൂട്ടാളികളായ സഞ്ജീവ് ഖന്ന, സഞ്ജീവ്കുമാര്‍ അഗര്‍വാള്‍ എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്.

◼️തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദം ശക്തിപ്രാപിച്ചു. തമിഴ്നാട് തീരത്തേക്ക് അടുക്കാന്‍ സാധ്യത. കേരളത്തില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴയ്ക്കു സാധ്യത.

◼️ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷിനെതിരേ ഏഴു യുവതികള്‍ പരാതി നല്‍കി. കൊച്ചിയില്‍ പോലീസ് കമ്മീഷണറുടെ ഓഫീസിലാണു പരാതി നല്‍കിയത്. ഇതേസമയം, സാമൂഹ്യമാധ്യമത്തിലൂടെ ആരോപണം ഉന്നയിച്ച യുവതി പരാതി നല്‍കിയിട്ടില്ല.

◼️കെഎസ്ആര്‍ടിസി വാങ്ങിയ ലക്ഷ്വറി വോള്‍വോ സ്ലീപ്പര്‍ ബസുകള്‍ ഉടനേ സര്‍വീസ് തുടങ്ങും. എട്ട് സ്ലീപ്പര്‍ ബസ്സുകളാണ് വോള്‍വോ കെഎസ്ആര്‍ടിസിക്കു കൈമാറുക. ഇതുകൂടാതെ അശോക് ലെയ്‌ലാന്റ് കമ്പനിയുടെ 20 സെമി സ്ലീപ്പര്‍ , 72 എയര്‍ സസ്പെന്‍ഷന്‍ നോണ്‍ എസി ബസുകളും രണ്ടു മാസത്തിനുള്ളില്‍ ഘട്ടം ഘട്ടമായി കെഎസ്ആര്‍ടിസിക്കു കൈമാറും.

◼️പ്രചോദിത വനിതാ കൂട്ടായ്മയുടെ പ്രഥമ ഇന്‍സ്പിരേഷണല്‍ വുമണ്‍ അവാര്‍ഡ് സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒന്‍പതാം തീയതി കോട്ടയം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രചോദിത മാനേജിംഗ് ഡയറക്ടര്‍ ഗീതാ ബക്ഷി അറിയിച്ചു.

◼️ആലപ്പുഴയില്‍ വീട്ടില്‍നിന്നു കാണാതായ ഗൃഹനാഥനെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് കാക്കാഴം തോട്ടുവേലിയില്‍ നടേശനെ(48)യാണ് കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.

◼️കൊല്ലം ചടയമംഗലത്ത് ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ ആക്രമിച്ച് മൂന്നു പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ചടയമംഗലം പോരേടം സ്വദേശികളായ ഷാന്‍, മുഹമ്മദ് റാസി എന്നിവരാണ് പിടിയിലായത്. പോരേടം ഒല്ലൂര്‍ കോണം സ്വദേശിനിയായ അമീറത്തു ബീവി എന്ന എണ്‍ുപതുകാരിയുടെ സ്വര്‍ണമാലയാണ് ഇവര്‍ കവര്‍ന്നത്. പകല്‍ ഓട്ടോറിക്ഷയില്‍ മീന്‍ വില്‍പ്പന നടത്തിവന്ന ഇവര്‍ അമീറത്തു ബീവി ഒറ്റയ്ക്കാണ് താമസമെന്നു മനസിലാക്കി രാത്രി മോഷണം നടത്തുകയായിരുന്നു.

◼️ഐഎസ്എല്ലില്‍ ഒന്നാംസ്ഥാനക്കാരായ ജംഷഡ്പൂര്‍ എഫ്‌സിയുടെ ഗോള്‍മഴ. ഒഡിഷ എഫ്‌സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി വിജയക്കുതിപ്പ് തുടരുകയാണ് ജംഷഡ്പൂര്‍. ജംഷഡ്പൂരിനായി ഡാനിയേല്‍ ചിമ  ഇരട്ട ഗോള്‍ നേടി.

◼️ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു. 45 റണ്‍സുമായി രവീന്ദ്ര ജഡേജയും 10 റണ്‍സെടുത്ത് രവിചന്ദ്ര അശ്വിനുമാണ് ക്രീസിലുള്ളത്. 96 റണ്‍സെടുത്ത ഋഷഭ് പന്തിന്റെയും 58 റണ്‍സ് നേടിയ ഹനുമ വിഹാരിയുടെയും കരുത്തിലാണ് ഇന്ത്യ ആദ്യ ദിനം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

◼️കേരളത്തില്‍ ഇന്നലെ 32,497 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 17,105 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 5,316 കോവിഡ് രോഗികള്‍. നിലവില്‍ 61,608 കോവിഡ് രോഗികള്‍. ആഗോളതലത്തില്‍ ഇന്നലെ പതിനാറ് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. നിലവില്‍ 6.12 കോടി കോവിഡ് രോഗികള്‍.

◼️2020ല്‍ മാത്രം യൂട്യൂബ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നല്‍കിയത് 6800 കോടി രൂപ. 683,900 പേര്‍ പൂര്‍ണ സമയ തൊഴില്‍ ചെയ്യുന്നതിന് തുല്യമായ അവസരങ്ങളാണ് 2020ല്‍ യൂട്യൂബിലൂടെ ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓക്സഫോര്‍ഡ് ഇക്കണോമിക്സിന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ ഉള്ളത്. വിവിധ കണ്ടന്റുകള്‍, ബ്രാന്‍ഡ് പാര്‍ട്ടണര്‍ഷിപ്പുകള്‍, ലൈവ് സ്ട്രീമിംഗ് തുടങ്ങിയവ ക്രിയറ്റര്‍മാരുടെയും സംരംഭകരുടെയും അവസരങ്ങള്‍ ഒരുപോലെ ഉയര്‍ത്തി. രാജ്യത്ത് ഒരു ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സുള്ള 4000 ചാനലുകളുണ്ട്. ഇവ പ്രതിവര്‍ഷം സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണത്തില്‍ 45 ശതമാനം വളര്‍ച്ചയാണ് നേടുന്നത്.

◼️വിവിധ കാലാവധികളിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് കാനറാ ബാങ്ക് ഉയര്‍ത്തി. പലിശ നിരക്കില്‍ 25 ബേസ് പോയിന്റുവരെയാണ് ബാങ്ക് വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തില്‍വന്നു. പുതുക്കിയ നിരക്കുകള്‍ പ്രകാരം 7 മുതല്‍ 45 ദിവസംവരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 2.90 ശതമാനമാണ് പലിശ ലഭിക്കുക. 46-90 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് 3.9 ശതമാനം ആണ്. 91 മുതല്‍ 179 ദിവസം വരെയുള്ളവയ്ക്ക് 3.95 ശതമാനം നിരക്കിലും പലിശ ലഭിക്കും. 4.40 ശതമാനം ആണ് 180 ദിവസം മുതല്‍ ഒരു വര്‍ഷത്തിന് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക്.