About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 മാർച്ച് 29  ചൊവ്വ|1197 മീനം 15   അവിട്ടം| ശഅബാൻ 26|



◼️ഹൈക്കോടതി വിധിച്ചു; സംസ്ഥാന സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നു ജോലിക്കു ഹാജരാകണം. ഇല്ലെങ്കില്‍ ശമ്പളം തടയും. അവധി അനുവദിക്കില്ലെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. അതേസമയം ഡയസ്നോണ്‍ അംഗീകരിക്കില്ലെന്നും പണിമുടക്കുമെന്നും സര്‍വ്വീസ് സംഘടനകള്‍ വ്യക്തമാക്കി. മുന്‍കൂട്ടി നോട്ടീസ് നല്‍കിയാണ് സമരമെന്നും അവര്‍ പറഞ്ഞു. അഡ്വക്കറ്റ് ജനറലിന്റെ ഉപദേശമനുസരിച്ചാണ് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചത്.

◼️സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്നു തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവു ഹാജി. സമരം പ്രഖ്യാപിച്ച ജീവനക്കാര്‍ ജോലിക്കു പോകുകയും ലുലു മാള്‍ പോലുള്ള വന്‍കിട സ്ഥാപനങ്ങള്‍ തുറക്കുകയും ചെയ്യുമ്പോള്‍ ചെറുകിട വ്യാപാരികള്‍ മാത്രം അടച്ചിടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് എം അബ്ദുല്‍ സലാം വ്യക്തമാക്കി. എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകള്‍ അറിയിച്ചു.

◼️പൊതുപണിമുടക്ക് ആഘോഷമാക്കി സംസ്ഥാന സെക്രട്ടേറിയറ്റ്. ആകെയുള്ള 4,828 ജീവനക്കാരില്‍ 32 പേര്‍ മാത്രമാണ് ജോലിക്കു ഹാജരായത്. സംസ്ഥാനത്തുടനീളം പണിമുടക്ക് അനുകൂലികള്‍ കടകള്‍ അടപ്പിച്ചും വാഹനങ്ങള്‍ തടഞ്ഞും അക്രമം നടത്തി. മിക്കയിടത്തും പോലീസ് കാഴ്ചക്കാരായി..

◼️സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെതിരായ ഹൈക്കോടതി വിധി നടപ്പാക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പണിമുടക്കില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് മനസിലാക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

◼️സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നതിനെതിരെ ഉത്തരവിട്ട കേരള ഹൈക്കോടതിക്കു പണിമുടക്കു തടയാനാവില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പണിമുടക്കാന്‍ ജീവനക്കാര്‍ക്ക് അവകാശമുണ്ടെന്നും മേല്‍ക്കോടതിയുണ്ടെന്നും വിജയരാഘവന്‍ പ്രതികരിച്ചു.

◼️രോഗിക്ക് ആശുപത്രിയില്‍ സാധനങ്ങള്‍ എത്തിച്ച് മടങ്ങിയവരെ പണിമുടക്കുകാര്‍ മര്‍ദ്ദിച്ചു. കാസര്‍കോട്ടെ പെര്‍ളടുക്കത്താണ് സംഭവം. കുണ്ടംകുഴി സ്വദേശികളായ അനീഷ്, വിനോദ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു. തലക്കും ചെവിക്കും പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◼️പണിമുടക്കി ജനത്തെ ദുരിതത്തിലാക്കിയെങ്കിലും കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദി നിര്‍മ്മാണത്തിനു പണിമുടക്കില്ല. നായനാര്‍ അക്കാദമിയിലെയും ടൗണ്‍ സ്‌ക്വയറിലെയും വേദി നിര്‍മ്മാണമാണ് ഇന്നലേയും തുടര്‍ന്നത്. പൊലീസ് മൈതാനിയിലെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷവേദിയുടെ നിര്‍മ്മാണവും തടസമില്ലാതെ നടന്നു.

◼️കണ്ണൂര്‍ സര്‍വകലാശാലാ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാന്‍ ഗവര്‍ണര്‍ക്കുള്ള അധികാരം ഇല്ലാതാക്കുന്ന ചട്ടം ഭേദഗതി ഗവര്‍ണര്‍ തള്ളി. സര്‍വകലാശാല നിയമമനുസരിച്ച് ബോര്‍ഡിന്റെ ചെയര്‍മാനെയും അംഗങ്ങളെയും നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ഗവര്‍ണര്‍ക്കാണ്. എന്നാല്‍ അതു ഗൗനിക്കാതെ 71 പഠനബോര്‍ഡുകള്‍ സര്‍വ്വകലാശാല നേരിട്ട് പുന:സംഘടിപ്പിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇതു റദ്ദാക്കിയിരുന്നു.

◼️നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ചോദ്യംചെയ്തശേഷം വിട്ടയച്ചു. ഇന്നും ചോദ്യം ചെയ്യല്‍ തുടരും. ദിലീപിനെതിരേ ചുമത്തിയ ആരോപണങ്ങള്‍ക്കുള്ള, നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഉള്‍പെടെയുള്ള തെളിവുകള്‍ തേടിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ഫോണിലെ വിവരങ്ങളെക്കുറിച്ചും ചോദ്യം ചെയ്തു. ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന് ദിലീപ് ആവര്‍ത്തിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നും  പറഞ്ഞു. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

◼️വീണ്ടും ഇന്ധന വിലവര്‍ധന. ഒരു ലിറ്റര്‍ ഡീസലിന് 74 പൈസയും പെട്രോളിന് 87 പൈസയുമാണ് വര്‍ധിപ്പിച്ചത്.

◼️സര്‍വേക്കല്ലു നാട്ടുന്നതിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കെ റെയില്‍ വിരുദ്ധ ജനകീയ സമിതി. കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ അവസരം നിഷേധിച്ചുള്ള സുപ്രീംകോടതി ഉത്തരവ് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതാണെന്നും സമിതി വിമര്‍ശിച്ചു. സാമൂഹികാഘാത പഠനത്തിനുള്ള സര്‍വ്വേ നടത്താമെന്നു വിധിച്ച സുപ്രീംകോടതി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ആശങ്കകള്‍ മനസിലാക്കിയില്ലെന്ന് സമരസമിതി വിമര്‍ശിച്ചു.

◼️ശല്യപ്പെടുത്തരുതെന്ന് എഴുത്തുകാരോട് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍. പുസ്തകം കൊണ്ടുതന്നു പിറ്റേന്ന് അഭിപ്രായം പറയണമെന്ന് ആവശ്യപ്പെടാനോ, ഒരാഴ്ചയ്ക്കുള്ളില്‍ പ്രകാശനം നടത്തണമെന്നു പറയാനോ മുതിരരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. എന്തു വായിക്കണമെന്നത് എന്റെ മാത്രം തീരുമാനമാണ്. ആ തെരഞ്ഞെടുപ്പ് പ്രായം കൂടുകയും സമയം കുറയുകയും ചെയ്യുമ്പോള്‍ കുറേക്കൂടി കര്‍ക്കശം ആകുന്നതും സ്വാഭാവികം. സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

◼️സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന മൂന്നു മാസത്തെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ജൂണ്‍ 30 വരെ നീട്ടി. വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധി നേരത്തെ മാര്‍ച്ച് 31 വരെ നീട്ടിയിരുന്നു. കോവിഡ് മൂലം വാഹനങ്ങളുടെ വരുമാനം ഇല്ലാതായതിനാലാണ് കാലവധി നീട്ടിയത്.

◼️പാലക്കാട് പേഴുങ്കരയില്‍ വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ചു. കുന്നത്ത് വീട്ടില്‍ ഹൗസിയ എന്ന 38 കാരിയാണ് മരിച്ചത്. 13 വയസുള്ള മകന്‍ പുറത്തു കളിക്കാന്‍ പോയപ്പോഴാണ് സംഭവം.

◼️ഇന്ത്യന്‍ നേവിയില്‍ സെയിലര്‍ തസ്തികയില്‍ 2500 ഒഴിവുകളില്‍ അവിവാഹിതരായ പുരുഷന്മാര്‍ക്ക് അവസരം. ആര്‍ട്ടിഫൈസര്‍ അപ്രന്റിസ്, സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ് വിഭാഗത്തിലാണ് അവസരം. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ അഞ്ച്.

◼️അറസ്റ്റിലാകുന്നവരുടെ രക്തസാമ്പിള്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് അനുമതി നല്‍കുന്ന ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്ന നിയമം ലോക്സഭയില്‍ അവതരിപ്പിച്ചു. വിരലടയാളം, പാദമുദ്രകള്‍, ഫോട്ടോ, ഐറിസ് റെറ്റിന സ്‌കാന്‍, ഒപ്പ്, കൈയക്ഷരം തുടങ്ങിയവ ശേഖരിക്കാന്‍ പോലീസിന് അനുമതി നല്‍കുന്ന നിയമമാണ് അവതരിപ്പിച്ചത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കള്ളക്കേസുകള്‍ക്കു സാധ്യത കൂടുമെന്നും പ്രതിപക്ഷം ആരോപിച്ചു.

◼️കേരളത്തില്‍ ഇന്നലെ 11,939 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 3,682 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ ആയിരത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 31,639 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ ഒന്‍പത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.94 കോടി കോവിഡ് രോഗികളുണ്ട്.

◼️ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ ആഗോള വിപണിവിഹിതം 2017ന് ശേഷം ആദ്യമായി വീണ്ടും 60 ശതമാനം കടന്നു. മികച്ച സ്വീകാര്യതയുള്ള ഐഫോണ്‍ 12, ഐഫോണ്‍ 13 ശ്രേണികള്‍ക്ക് നല്‍കിയ 5ജി അപ്ഗ്രേഡിംഗാണ് ആപ്പിളിന് കരുത്തായത്. കൊവിഡ് മൂലം 2020ല്‍ പുത്തന്‍ ഫോണുകളുടെ ലോഞ്ചിംഗ് ഇല്ലാതിരുന്നതും 2021ലെ ലോഞ്ചിംഗിനെ തുടര്‍ന്ന് വന്‍ ഡിമാന്‍ഡ് ലഭിച്ചതും ആപ്പിളിന് ഗുണം ചെയ്തു. 2021ല്‍ ലോകത്തെ എല്ലാ വില്പനമേഖലകളിലും ആപ്പിളാണ് വിപണിവിഹിതത്തില്‍ മുന്നിട്ടുനിന്ന ഒറിജിനല്‍ എക്വിപ്‌മെന്റ് മാനുഫാക്ചററെന്ന് ഗവേഷണസ്ഥാപനമായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് അഭിപ്രായപ്പെട്ടു. കഴിഞ്ഞവര്‍ഷം മൊത്തം സ്മാര്‍ട്ട്ഫോണ്‍ വില്പനയില്‍ 27 ശതമാനവും ഐഫോണുകള്‍ ഉള്‍പ്പെടുന്ന പ്രീമിയം ശ്രേണിയുടെ സംഭാവനയാണ്.