About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 ഏപ്രിൽ 02  ശനി|1197 മീനം 19  രേവതി| 


◼️ ആരോഗ്യ സര്‍വകലാശാലയില്‍ പരീക്ഷാ കലഹം. അവസാന വര്‍ഷ എംബിബിഎസ് പരീക്ഷയുടെ ആദ്യ പരീക്ഷ വിദ്യാര്‍ഥികള്‍ ബഹിഷ്‌കരിച്ചെങ്കിലും പരീക്ഷകള്‍ തുടരുമെന്ന് ആരോഗ്യ സര്‍വകലാശാല. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിച്ചുകൂട്ടി പരീക്ഷ തുടരുമെന്ന് അറിയിച്ചു. മതിയായ ക്ലാസുകള്‍ ലഭിച്ചില്ലെന്ന വിദ്യാര്‍ത്ഥികളുടെ പരാതി സര്‍വകലാശാല തള്ളി. സപ്ലിമെന്ററി പരീക്ഷകള്‍ അടുത്ത സെപ്തംബറില്‍ മാത്രമേ നടത്തൂ. വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നുള്ള പരീക്ഷകള്‍ എഴുതണമെന്ന് സര്‍വകലാശാല ആവശ്യപ്പെട്ടു.

◼️ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്.

◼️സംസ്ഥാനത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പുകളില്‍ പെട്രോള്‍, ഡീസല്‍ ക്ഷാമം. കുടിശ്ശിക തുക കൊടുത്തു തീര്‍ക്കണമെന്നും തുടര്‍ന്നും ഇന്ധനം കിട്ടാന്‍ പണം മുന്‍കൂറായി അടക്കണമെന്നും കമ്പനി  ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്കു കാരണമെന്ന് ഡീലര്‍മാര്‍ പറയുന്നു.

◼️രാജ്യത്തെ ടോള്‍ പ്ലാസകളില്‍ നിരക്ക് വര്‍ധിപ്പിച്ചു. കേന്ദ്ര ക്ഷാമബത്ത വര്‍ധിക്കുന്നതിന് ആനുപാതികമായി കൊല്ലത്തില്‍ രണ്ടു തവണ നിരക്ക് വര്‍ധിപ്പിക്കാറുണ്ട്. വാളയാറില്‍ ചെറുവാഹനങ്ങള്‍ക്ക് ഒരുവശത്തേക്കുള്ള യാത്രയ്ക്ക് 75 രൂപ നല്‍കണം. പന്നിയങ്കരയില്‍ 100 രൂപയാണ്. അരൂരില്‍ 45 രൂപ നല്‍കണം.

◼️നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ ചുവന്ന സ്വിഫ്റ്റ് കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ടയര്‍ പഞ്ചറായ കാര്‍ കെട്ടിവലിച്ചു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് പോലീസ്. 2016 ല്‍ പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ച വാഹനമാണിതെന്നും ഗൂഡലോചനയിലെ പ്രധാന തെളിവാണ് ഈ കാറെന്നും അന്വേഷണ സംഘം പറയുന്നു.

◼️സംസ്ഥാന സര്‍ക്കാരുകള്‍ ദുരുപയോഗിക്കുന്ന യുഎപിഎ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ലോക്സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. അക്രമവുമായി ഒരു ബന്ധവുമില്ലാതെയാണ് യുഎപിഎ കേസുകളില്‍ 66 ശതമാനം അറസ്റ്റുകളും നടന്നത്.  ശിക്ഷാ നിരക്ക് വെറും രണ്ടര ശതമാനമാണ്. സംസ്ഥാനങ്ങള്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്യുകയാണെന്നും ശശി തരൂര്‍ എംപി വിമര്‍ശിച്ചു.

◼️റംസാന്‍ ഒന്ന് ഞായറാഴ്ചയാണെന്ന് മുജാഹിദ് വിഭാഗം. സുന്നി വിഭാഗങ്ങള്‍ ഇന്നു തീരുമാനം അറിയിക്കും. മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയിലും യുഎഇയിലും ഇന്ന് റംസാന്‍ വ്രതം ആരംഭിക്കും.  എന്നാല്‍ ഒമാന്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഞായറാഴ്ചയാണു വ്രതം തുടങ്ങുന്നത്.

◼️റവന്യൂ വകുപ്പില്‍ വില്ലേജ് ഓഫീസര്‍ മുതല്‍ തഹസില്‍ദാര്‍ വരെ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന 2,400 ഉദ്യോഗസ്ഥര്‍ക്കു സ്ഥലംമാറ്റം. വര്‍ഷങ്ങളായി ഒരേ സീറ്റില്‍ ജോലി ചെയ്തിരുന്നവരെയാണ് സ്ഥലംമാറ്റിയത്. ഇതിനു പിറകില്‍ സിപിഐയുടെ ജോയിന്റ് കൗണ്‍സിലാണെന്നാണു റിപ്പോര്‍ട്ട്.

◼️രാജ്യത്ത് മാര്‍ച്ച് മാസത്തിലെ ജിഎസ്ടി വരുമാനം സര്‍വകാല റെക്കോര്‍ഡിട്ടു. 1,42,095 കോടി രൂപയാണ് ജിഎസ്ടി വരുമാനം. ഇക്കഴിഞ്ഞ ജനുവരിയില്‍ 1.40 ലക്ഷം കോടി രൂപയുടെ ജി എസ് ടി വരുമാനം നേടിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.

◼️കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിച്ചെന്ന കേസില്‍ എസ്ഐ അറസ്റ്റില്‍. കൊല്ലം പരവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷൂജയെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ പി ഹണ്ടില്‍ കണ്ടെടുത്ത തൊണ്ടി  മുതലായ ബന്ധുവിന്റെ മൊബൈല്‍ ഫോണ്‍ ഷൂജ നശിപ്പിച്ചെന്നാണ് ആരോപണം.

◼️വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ ആരെയും തെരുവിലിറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . വികസന പദ്ധതികള്‍ക്കായി സഹകരിക്കുന്നവരെ സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കും. സ്ഥലം വിട്ടുനല്‍കുന്നവരെ മതിയായ നഷ്ടപരിഹാരം നല്‍കി പുനധിവസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിവര്‍ഷം 820 ലക്ഷം യൂണിറ്റ് ഉത്പാദന ശേഷിയുള്ള മാങ്കുളം ജലവൈദ്യുതി പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

◼️വികസനം പറയുമ്പോള്‍ കേരളത്തില്‍ മാത്രമാണ് പരിസ്ഥിതി പ്രശ്നങ്ങള്‍ തടസമായി പറയുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. അതിവേഗ ട്രെയിനിന്റെ സ്പീഡ് 200 പോരാ, 400 കിലോമീറ്റര്‍ വേണം. നാലു മണിക്കൂര്‍കൊണ്ടല്ല, രണ്ടു മണിക്കൂര്‍കൊണ്ട് കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് എത്താന്‍ കഴിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

◼️ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെപിസിസി അധ്യക്ഷനുമായി ആലോചിച്ചാണ് നിലപാട് പറഞ്ഞത്. ചങ്ങനാശേരിയില്‍ തനിക്കെതിരേ ഐഎന്‍ടിയുസി എന്ന പേരില്‍ ചിലര്‍ നടത്തിയ പ്രകടനത്തിനു പിന്നില്‍ കുത്തിത്തിരുപ്പു സംഘമെന്നും അദ്ദേഹം പറഞ്ഞു. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ അഭിവാജ്യ ഘടകമാണ്. അഭിവാജ്യ ഘടകവും പോഷക സംഘടനയും തമ്മില്‍ വ്യത്യാസമുണ്ട്. ഐഎന്‍ടിയുസിയെ തള്ളിപ്പറഞ്ഞതല്ലെന്നും സതീശന്‍ വ്യക്തമാക്കി.

◼️ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെ ആറുവിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പഞ്ചാബ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത വെറും 14.3 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. 31 പന്തുകളില്‍ നിന്ന് 70 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ആന്ദ്രെ റസ്സലാണ് കൊല്‍ക്കത്തയുടെ വിജയശില്‍പ്പി.

◼️ഖത്തര്‍ ലോകകപ്പ് മത്സരക്രമമായി. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന നറുക്കെടുപ്പില്‍ ആകെ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളാക്കി തിരിച്ചു.യൂറോപ്യന്‍ വമ്പന്‍ന്മാരയ സ്‌പെയ്‌നും ജര്‍മനിയും ഗ്രൂപ്പ് ഇയിലാണ് മത്സരിക്കുക. ആതിഥേയരായ ഖത്തര്‍ എ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് ജിയിലാണ് ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍. ഗ്രൂപ്പ് സിയിലാണ് ലിയോണല്‍ മെസിയും സംഘവും കളിക്കുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എച്ചിലാണ്.

◼️2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗ്യചിഹ്നം ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ പുറത്തിറക്കി. പ്രതിഭാധനനായ കളിക്കാരന്‍ എന്ന അര്‍ത്ഥം വരുന്ന 'ല ഈബ്' ആണ് ഇത്തവണത്തെ ഭാഗ്യ ചിഹ്നം.

◼️കേരളത്തില്‍ ഇന്നലെ 15,864 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 418 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 3,051 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ ആയിരത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 29,699 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പന്ത്രണ്ട് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.90 കോടി കോവിഡ് രോഗികളുണ്ട്.