About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 ഏപ്രിൽ 04 തിങ്കൾ|1197 മീനം 21  ഭരണി| റംസാൻ 02


◼️പാക്കിസ്ഥാനില്‍ നാടകീയ നീക്കങ്ങള്‍. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി അല്ലാതായെന്ന് പാക്കിസ്ഥാന്‍ കാബിനറ്റ് സെക്രട്ടറി. പാര്‍ലമെന്റ് പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പിന് ഇമ്രാന്‍ഖാന്‍ ശുപാര്‍ശ ചെയ്തത് അംഗീകരിച്ചതോടെ അദ്ദേഹം പ്രധാനമന്ത്രി അല്ലാതായെന്നാണ് വിശദീകരണം. ഇതേസമയം, അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരേ പ്രതിപക്ഷാംഗങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍നിന്നു പിരിഞ്ഞുപോകാതെ രാത്രിയിലും കുത്തിയിരിപ്പു സമരം നടത്തി. സുപ്രിം കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷം അറിയിച്ചു. പ്രധാനമന്ത്രിയുടെ ശുപാര്‍ശ സ്വീകരിച്ച് ദേശീയ അസംബ്ലി പിരിച്ചുവിട്ടെന്ന് പാക് പ്രസിഡന്റ് ആരിഫ് അലവി അറിയിച്ചു.

◼️സാമ്പത്തിക പ്രതിസന്ധിയും ജനരോഷവും ശക്തമായ ശ്രീലങ്കയില്‍ എല്ലാ കാബിനറ്റ് മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി മഹിന്ദ രജപക്സെയും രാജിവച്ചെന്നാണ് ആദ്യം അഭ്യൂഹം പരന്നതെങ്കിലും അദ്ദേഹം രാജിവച്ചിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ മകനും സ്പോര്‍ട്സ് മന്ത്രിയുമായ നമല്‍ രജപക്സെ അടക്കം 26 മന്ത്രിമാരാണ് ഇന്നലെ രാത്രി വളരെ വൈകി രാജിവച്ചത്. മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണു രാജി.

◼️വികസനം നാടിന്റെ ആവശ്യമാണെന്നും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തില്‍ സഹകരിക്കാത്ത ചിലരുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടി ബഹിഷ്‌കരിച്ച പ്രതിപക്ഷത്തെ അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ അര്‍ഹമായ വിഹിതം തരാത്തതിനാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായി. അര്‍ഹമായതു തരണമെന്നു പറയാന്‍ കേരളത്തിലെ എംപിമാര്‍ തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◼️പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും 42 പൈസയാണു വര്‍ധിപ്പിച്ചത്.

◼️കെ റെയില്‍ പദ്ധതിയില്‍ ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും കണ്ടാല്‍ ഇടപെടുമെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ നിയമനം സംബന്ധിച്ചു സിപിഎം എംപി സ്വകാര്യ ബില്‍ അവതരിപ്പിച്ചതിനെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

◼️അഴിമതി നടത്തിയെന്ന് ആരോപിച്ച് താമരശേരിയിലെ മൂന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്കു സസ്പെന്‍ഷന്‍. പിഎന്‍ പ്രവീണ്‍കുമാര്‍, കെ. ലതീഷ് കുമാര്‍, ശ്രീധരന്‍ വലക്കുളവന്‍ എന്നിവരെയാണ് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്. 2015-2016 ല്‍ അനധികൃതമായി മണല്‍ കടത്തിയതിന് കസ്റ്റഡിയിലെടുത്ത 61 വാഹനങ്ങളില്‍നിന്നും നിയമാനുസരണം പിഴയീടാക്കാതെ വിട്ടുകൊടുത്തെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.

◼️എട്ടു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍  ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണു മഴയ്ക്കും മണിക്കൂറില്‍ 40 കീലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

◼️എഐസിസി അധ്യക്ഷ സോണിയ ഗാന്ധിയുമായി രമേശ് ചെന്നിത്തല ഇന്നു കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. തന്നെ ഒതുക്കാന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നു ചെന്നിത്തലയ്ക്കു പരാതിയുണ്ട്. ഐഎന്‍ടിയുസിയുടെ പ്രതിഷേധം അടക്കമുള്ള ചില നീക്കള്‍ക്കു പിറകില്‍ ചെന്നിത്തലയാണെന്ന സതീശന്‍ വിഭാഗത്തിന്റെ ആക്ഷേപവും എഐസിസിയുടെ മുന്നിലുണ്ട്.

◼️കുതിരാന്‍ തുരങ്കത്തില്‍ വീണ്ടും ടിപ്പറിന്റെ ബക്കറ്റ് തട്ടി ലൈറ്റുകള്‍ക്കും കേബിളുകള്‍ക്കും തകരാര്‍. മണ്ണുത്തി - വടക്കഞ്ചേരി ആറുവരി പാതയില്‍ കുതിരാനിലെ രണ്ടാമത്തെ തുരങ്കത്തിലാണ് ഇത്തരവണ തകരാര്‍ സംഭവിച്ചത്. നിര്‍മ്മാണ കമ്പനിയുടെ ടിപ്പര്‍തന്നെയാണ് ഇത്തവണയും വില്ലന്‍. ബക്കറ്റ് താഴ്ത്താതെ പോയതാണു കാരണം. കുതിരാന്‍ തുരങ്കത്തില്‍ ജനുവരിയിലും സമാനമായ അപകടം സംഭവിച്ചിരുന്നു.

◼️മാതാപിതാക്കള്‍ ആശുപത്രിയില്‍ കഴിയവേ, മൂവാറ്റുപുഴയില്‍ ബാങ്ക് ജപ്തി ചെയ്തു കുട്ടികളെ പുറത്താക്കിയ ബാങ്കിന്റെ നടപടി നിയമവിരുദ്ധമാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കുടുംബത്തിന്റെ ബാധ്യത താന്‍ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

◼️സിപിഎമ്മിന്റെ 'ചിന്ത'യിലും സിപിഐയുടെ 'നവയുഗ'ത്തിലുമായി ഇരു പാര്‍ട്ടികള്‍ക്കുമെതിരേ നടത്തുന്ന ലേഖനയുദ്ധത്തിന് വെടിനിറുത്തല്‍. വിവാദം അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചിന്തയ്ക്ക് നിര്‍ദേശം നല്‍കി. സിപിഐയുടെ ഭാഗത്തുനിന്ന് നവയുഗത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു. വിവാദങ്ങള്‍ അനവസരത്തിലാണ്. ഇപ്പോള്‍ സിപിഎമ്മും സിപിഐയും ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണ്. അദ്ദേഹം ഓര്‍മിപ്പിച്ചു.

◼️കേരളത്തിലെ എല്‍ജെഡി, ജനതാദള്‍ പാമ്പര്യമുള്ള മൂന്നു ദേശീയ പാര്‍ട്ടികളുമായി ലയന ചര്‍ച്ച തുടങ്ങി. ബിഹാറിലെ ആര്‍ജെഡി, കര്‍ണാടകയിലെ ജെഡിഎസ്, യുപിയിലെ സമാജ് വാദി പാര്‍ട്ടി എന്നിവയുമായാണ് ചര്‍ച്ച തുടങ്ങിയത്. ലയന ചര്‍ച്ചക്കായി എല്‍ജെഡി ഏഴു നേതാക്കളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എല്‍ജെഡി ദേശീയ നേതൃത്വത്തിലെ ഒരു വിഭാഗം ആര്‍ജെഡിയുമായി ലയിച്ച സാഹചര്യത്തിലാണ് ഈ നീക്കം. ഏതു പാര്‍ട്ടിയുമായി ലയിക്കണമെന്ന കാര്യത്തില്‍ മെയ് 25 നകം തീരുമാനമുണ്ടാകുമെന്ന് എല്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

◼️കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ചികിത്സ സഹായ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചു. പൊതുജനങ്ങളില്‍ നിന്ന് പതിനൊന്ന് ലക്ഷത്തി അറുപത്തി നാലായിരം രൂപ ചികിത്സാ സഹായം എത്തി. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

◼️പ്രമുഖ നാടക- ചലച്ചിത്ര നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു. 77 വയസായിരുന്നു. കൊല്ലം കേരളപുരം വേലംകോണത്ത് സ്വദേശിയാണ്. പ്രമുഖ നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. പതിനായിരം വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ നടനാണ്. കെഎസ്ആര്‍ടിസിയിലെയും കയര്‍ ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചാണ് നടനായത്.