അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കെ മുരളീധരനെ തിരെമേയര്‍ ആര്യ രാജേന്ദ്രന്‍ പരാതി നല്‍കി
തിരുവനന്തപുരം:
അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കെ. മുരളീധരൻ എം.പിക്കെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ പൊലീസിൽ പരാതി നല്‍കി . മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. നിയമോപദേശത്തിന് ശേഷം കേസ് എടുക്കുന്നതിൽ പൊലീസ് തീരുമാനമെടുക്കും.
കാണാന്‍ നല്ല സൗന്ദര്യമുണ്ട്. പക്ഷെ വായില്‍നിന്ന് പുറത്തുവരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണെന്നായിരുന്നു മുരളീധരൻ്റെ അധിക്ഷേപം. കോര്‍പറേഷനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന കോണ്‍ഗ്രസ് സമരത്തിനിടെയായിരുന്നു പരാമര്‍ശം.
മുരളീധരന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 'എം.പി. പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന കസേരയിലാണ് ആര്യാ രാജേന്ദ്രന്‍ ഇരിക്കുന്നത്. അതുകൊണ്ട് അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വം പറയാം. ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍... എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത് എന്നു മാത്രമാണ് അവരോടു പറയാനുള്ളത്. കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് ശരിയാ. പക്ഷെ വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തു മാത്രം കിളുത്തതാണ്. മഴ കഴിയുമ്പോഴേക്കും സംഭവം തീരും. ''