ഭക്ഷ്യവിഷബാധ: 12 വിദ്യാര്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്:
ജില്ലയിലെ സ്വകാര്യ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിന്റെ പെരുമണ്ണയിലുള്ള ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്ന് 12 വിദ്യാര്‍ത്ഥികളെ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫുഡ് സേഫ്റ്റി ഇന്റലിജന്‍സ് വിഭാഗത്തില്‍നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന്കുന്ദമംഗലം ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. രഞ്ജിത്ത് പി. ഗോപി ഹോസ്റ്റലില്‍ പരിശോധന നടത്തി. സ്ഥാപനം ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തി.
കുടിവെള്ളം പരിശോധിച്ച സര്‍ട്ടിഫിക്കറ്റ്, ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ എടുത്തിരിക്കേണ്ട മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ എടുത്തിരുന്നില്ല. സ്ഥാപനത്തില്‍ കിച്ചന്‍ ഉണ്ടെങ്കിലും പുറമേ നിന്ന് കൊണ്ടുവരുന്ന ഭക്ഷണമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നതെന്ന് വിദ്യാര്‍ഥികള്‍ മൊഴി നല്‍കി. പ്രഥമദൃഷ്ട്യാ ഫുഡ് പോയ്‌സോണിങ് ആണെന്നും കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ റിപ്പോര്‍ട്ട് നല്‍കാനാകുവെന്നും പരിശോധന നടത്തിയ ഡോക്ടര്‍ അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് കുടിക്കാന്‍ വിതരണം ചെയ്ത വെള്ളത്തിന്റെ എവിഡന്‍സ് സാമ്പിള്‍ മൈക്രോബയോളജി കെമിക്കല്‍ എന്നീ പരിശോധനകള്‍ക്കായി മലാപറമ്പ് റീജിയണല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചു. റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് കോഴിക്കോട് ആര്‍.ഡി.ഒ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ഒക്ടോബര്‍ മാസത്തില്‍ കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ ഉള്‍പ്പെടെ 14 ഹോസ്റ്റലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. 10 ഹോസ്റ്റലുകളില്‍ നിന്നായി 34000 രൂപ പിഴയീടാക്കി. വരും ദിവസങ്ങളിലും ഹോസ്റ്റല്‍ മെസുകള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ ഊര്‍ജിതമാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസ്സിസ്റ്റന്റ് കമ്മീഷണര്‍ എം.ടി ബേബിച്ചന്‍ അറിയിച്ചു.
ഹോസ്റ്റല്‍ മെസ്, കാന്റീന്‍ എന്നിവയ്ക്കുള്ള ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദേശങ്ങള്‍
1. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ ആറുമാസത്തില്‍ ഒരിക്കല്‍ ഒരു അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷ്യനറേ കണ്ടു പരിശോധിച്ച്
മെഡിക്കല്‍ ഫിറ്റ്‌നസ് ഉറപ്പുവരുത്തണം. ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ പരിശോധന നടത്തുമ്പോള്‍ ഇവ ഹാജരാക്കണം.
2. വെള്ളം ഉപയോഗിച്ചുള്ള പാചകം ചെയ്യുന്ന സ്ഥലങ്ങളില്‍ വെള്ളം ആറുമാസത്തില്‍ ഒരിക്കല്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സൂക്ഷിക്കണം. ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ പരിശോധന നടത്തുമ്പോള്‍ ഇവ ഹാജരാക്കണം.
3. ഭക്ഷണം പാചകം ചെയ്യുന്നതിനായി നല്ല ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ തിരഞ്ഞെടുക്കുക.
4.fssai ലൈസന്‍സ് രജിസ്‌ട്രേഷനുള്ള കടകളില്‍ നിന്ന് മാത്രം ഉല്‍പ്പന്നങ്ങള്‍ വാങ്ങുക.
5. 2011ലെ പാക്കേജിങ് / ലേബലിങ് റെഗുലേഷന്‍ 2011ല്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ വിവരങ്ങളും ഭക്ഷ്യവസ്തുക്കളുടെ ലേബലുകളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
6. പരിസരശുചിത്വവും വ്യക്തിശുചിത്വവും ഉറപ്പുവരുത്തുക.
7. അനുവദനീയമല്ലാത്ത കൃത്രിമനിറങ്ങള്‍ ഭക്ഷണത്തില്‍ ചേര്‍ക്കാതിരിക്കുക.
8. ഹെയര്‍ നെറ്റ്, ഗ്ലൗസ് ടോങ്‌സ് എന്നിവയുടെ ഉപയോഗം ശീലമാക്കുക.
9. സാമൂഹ്യ അകലവും മാസ്‌കും നിര്‍ബന്ധമായും ശീലമാക്കുക.
10. ഭക്ഷ്യവസ്തുക്കള്‍ അടച്ചു സൂക്ഷിക്കുക.
11. വേസ്റ്റ് നിര്‍മാര്‍ജനം ചെയ്യാന്‍ സംവിധാനമേര്‍പ്പെടുത്തുക
12. വേസ്റ്റ് ബിന്‍ തുറന്നു സൂക്ഷിക്കാതിരിക്കുക. അത് ഈച്ചയും മറ്റും വ്യാപിക്കുന്നതിന് കാരണമാകും.
13. പാകം ചെയ്ത ഭക്ഷണവും പാകം ചെയ്യാത്തതും വെവ്വേറെ സൂക്ഷിക്കുക.
14. വെജിറ്റേറിയന്‍ ഭക്ഷണവും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും വെവ്വേറെ സൂക്ഷിക്കുക.
15. ഉപഭോക്താക്കള്‍ക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രം നല്‍കുക.
16. ഒരിക്കല്‍ ചൂടാക്കിയശേഷം തണുപ്പിക്കാനായി പച്ചവെള്ളം ചേര്‍ക്കാതിരിക്കുക.
17. പാകംചെയ്ത ഭക്ഷണം രണ്ടുമണിക്കൂറില്‍ കൂടുതല്‍ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കാതിരിക്കുക.
18. ഭക്ഷണം പാകം ചെയ്ത ശേഷം ഉടനെ ഉപയോഗിക്കുന്നില്ലെങ്കില്‍ 4 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ഊഷ്മാവില്‍ സൂക്ഷിച്ച ശേഷം വീണ്ടും ഉപയോഗിക്കുമ്പോള്‍ 70 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടാക്കിയ ശേഷം മാത്രം ഉപയോഗിക്കുക.
19. പൊട്ടിപ്പൊളിഞ്ഞതായ പാത്രങ്ങള്‍ നീക്കംചെയ്തു ഗുണനിലവാരമുള്ള നല്ല പാത്രങ്ങളില്‍ പാചകം ചെയ്യുക.
20. പഴയ ഭക്ഷണം അല്ലെങ്കില്‍ കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും പാചകം ചെയ്യുന്ന സ്ഥലത്ത് സൂക്ഷിക്കാതിരിക്കുക.
21. ഭക്ഷ്യ എണ്ണ ഒരിക്കലും ഒന്നിലധികം തവണ ആവര്‍ത്തിച്ച് ചൂടാക്കാതിരിക്കുക.
22. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എടുത്തു മാത്രം പ്രവര്‍ത്തിക്കുക
വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാവുന്നതാണ്.