About

News Now

കന്നട സൂപ്പർ താരം പുനീത് രാജ്‌കുമാർ അന്തരിച്ചു


ബംഗലൂരു
:
കന്നട സൂപ്പർ താരം  പുനീത് രാജ്‌കുമാർ (46) അന്തരിച്ചു. ഹൃദയാഘാതത്തെ തുട‌ർന്നായിരുന്നു അന്ത്യം. രാവിലെ ജിമ്മിൽ വർക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് നെഞ്ചുവേദനയുണ്ടായത്. തുടർന്ന് ഉടൻ ബംഗളൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുനീതിന്‍റെ പേഴ്സണൽ മാനേജർ സതീഷാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞ് കന്നഡ മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മെ നേരിട്ട് എത്തിയിരുന്നു.


സഹോദരൻ ശിവരാജ് കുമാറും യഷും ആശുപത്രിയിൽ എത്തി. പുനീതിന്‍റെ മരണം തെന്നിന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കന്നഡ സിനിമയിലെ പ്രശസ്തനായ നടൻ രാജ്‌കുമാറിന്‍റെ മകനാണ് പുനീത് രാജ്‌കുമാർ. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടൻ ഇതുവരെ 29 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അപ്പു എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായക വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെ ആരാധകർ അദ്ദേഹത്തെ അപ്പു എന്ന് വിളിക്കാനും ആരംഭിച്ചു.

അഭി, അജയ്, അരസു തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്‍റെ പ്രകടനം ഏറെ ശ്രദ്ധേയമായി. മോഹൻലാലിനൊപ്പം അഭിനയിച്ച മൈത്രി എന്ന സിനിമ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപെട്ടിരുന്നു. യുവരത്ന എന്ന സിനിമയാണ് അദ്ദേഹത്തിന്‍റേതായി ഒടുവിൽ പുറത്തിറങ്ങിയത്. 1985ൽ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.

പ്രിയ ആനന്ദിനൊപ്പം ചേതൻ കുമാറിന്‍റെ ജെയിംസിന്‍റെ ഷൂട്ടിംഗ് അദ്ദേഹം അടുത്തിടെ പൂർത്തിയാക്കിയിരുന്നു. നവംബർ 1 മുതൽ പവൻ കുമാർ സംവിധാനം ചെയ്യുന്ന ദ്വിത്വയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയായിരുന്നു പുനീത്. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമാണ് അദ്ദേഹം.

2012 ൽ 'ഹു വാണ്ട്സ് ടു ബി എ മില്ല്യണർ?' എന്ന ഗെയിം ഷോയുടെ കന്നഡ വേർഷനായ 'കന്നഡാഡ കോട്യാധിപതി' എന്ന ഗെയിം ഷോയിലൂടെ ടെലിവിഷൻ അവതാരകനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു. 2007–08 മിലാനയിലും 2010-11 ജാക്കിയിലും മികച്ച നായക നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. അശ്വിനി രേവന്ത് ആണ് ഭാര്യ. ദൃതി, വന്ദിത എന്നിവരാണ് മക്കൾ.