ആര്യ രാജേന്ദ്രനെതിരേ അധിക്ഷേപ പരാമർശം; മുരളീധരൻ ഖേദം പ്രകടിപ്പിച്ചു, കേസുമായി മുന്നോട്ടെന്ന് മേയർ
തിരുവനന്തപുരം:
തിരുവനന്തപുരം മേയർ ആര്യ എസ് രാജേന്ദ്രനെതിരേ അധിക്ഷേപ പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരൻ എംപി. തന്‍റെ പരാമർശം ആര്യയ്ക്ക് മനോവിഷമം ഉണ്ടാക്കിയെങ്കിൽ ഖേദിക്കുന്നുവെന്നാണ് മുരളീധരൻ പറഞ്ഞത്. ഖേദം പ്രകടിപ്പിക്കുന്നത് ദുരഭിമാനമായി കാണുന്നില്ല. തന്‍റേത് നാക്കുപിഴയല്ലെന്നും മുരളീധരൻ പറഞ്ഞു. താന്‍ ഉന്നയിച്ച വിഷയം നിലനില്‍ക്കുന്നതായും പേടിച്ച് മുട്ടുമടക്കിയിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
മേയര്‍ക്ക് പക്വതയില്ലാത്ത പെരുമാറ്റമാണെന്നും നടന്ന ലക്ഷങ്ങളുടെ തട്ടിപ്പില്‍ ഭരിക്കുന്നവര്‍ക്ക് ധാര്‍മിക ഉത്തരവാദിത്വമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. തന്‍റേത് നാക്കുപിഴയല്ല. പറഞ്ഞതില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. അതേസമയം എന്‍റെ പ്രസ്താവന കൊണ്ട് അവര്‍ക്ക് മാനസികമായ പ്രയാസമുണ്ടായെങ്കില്‍ അതില്‍ തനിക്ക് ഖേദമുണ്ട്. തന്‍റെ പ്രസ്താവന കൊണ്ട് സ്ത്രീകള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ട്. അതേസമയം തെറ്റുകള്‍ തെറ്റുകള്‍ തന്നെയാണ്. താന്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും മുരളീധരന്‍ പറഞ്ഞു. പരാതി നല്‍കിയതില്‍ തനിക്കൊരു പ്രശ്‌നവുമില്ല. ഒരുപാട് കേസുകള്‍ തനിക്കെതിരെയുണ്ട്. എന്നാൽ കെ. മുരളീധരന്‍റെ പരാമര്‍ശത്തില്‍ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്ന് മേയര്‍ ആര്യ എസ്. രാജേന്ദ്രന്‍ പറഞ്ഞു. നിലവിലെ പരാതിയില്‍ പൊലീസ് നടപടി എടുക്കട്ടെ. അതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
സ്ത്രീകളെ മോശമായി വരുത്തിതീര്‍ക്കാനാണ് ശ്രമം. താന്‍ വളര്‍ന്നുവന്നത് പ്രയാസകരമായ സാഹചര്യത്തിലാണെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു. കെ മുരളീധരനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് മേയര്‍ പരാതി നല്‍കിയത്. മേയറുടെ പരാതിയില്‍ നിയമോപദേശം ലഭിച്ച ശേഷം മാത്രമെ കേസ് എടുക്കുകയുള്ളുവെന്നാണ് പൊലിസ് പറയുന്നത്.