ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധ : ജില്ലാകലക്റ്റർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് :
പെരുമണ്ണയിലെ സ്വകാര്യ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
കോഴിക്കോട് ജില്ലാകളക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. വനിതാ ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച 15 വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഒരു കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധിക്യതർ മാധ്യമങ്ങളെ അറിയിച്ചു. 7 വിദ്യാർത്ഥികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മനുഷ്യാവകാശ പ്രവർത്തകനായ അക്ബർ അലി സമർപ്പിച്ച പരാതിയിലാണ് നടപടി. റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണം.