About

News Now

കാലിക്കറ്റിന്റെ അന്തര്‍കലലായ അത്ലറ്റിക്സ് ജനുവരി അഞ്ച് മുതല്‍ ഏഴ് വരെ കോഴിക്കോട്

കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ കായികമത്സരങ്ങളുടെ നിയമാവലി പുസ്തകം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സിണ്ടിക്കേറ്റ് അംഗം അഡ്വ. ടോം കെ. തോമസിന് നല്‍കി പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: 

കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ പുരുഷ-വനിതാ അത്ലറ്റിക്സ് മത്സരത്തിന് കോഴിക്കോട് ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജ് ആതിഥേയരാകും. ജനുവരി അഞ്ച് മുതല്‍ ഏഴ് വരെയാണ് മത്സരങ്ങള്‍. പുരുഷ വിഭാഗം ഫുട്ബോള്‍ മത്സരത്തിന് ഡിസംബര്‍ 28 മുതല്‍ 31 വരെ കോഴിക്കോട് ദേവഗിരി കോളേജും വനിതാ ഫുട്ബോളിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജും വേദിയാകും. ജനുവരി 24, 25 തീയതികളിലാണ് മത്സരം. പുരുഷ ക്രിക്കറ്റ് തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ ഫെബ്രുവരി ഒന്ന് മുതല്‍ നാല് വരെയും  വനിതകളുടേത് സുല്‍ത്താന്‍ ബത്തേരി സെന്റ്മേരീസ് കോളേജില്‍ ജനുവരി 11 മുതല്‍ 14 വരെ തീയതികളിലുമാണ് നടക്കുക. പുരുഷ ഹാന്‍ഡ് ബോള്‍, പുരുഷ-വനിതാ ബോക്സിങ് (ജനുവരി 19,20,21), ടെന്നീസ് (ഫെബ്രുവരി 17,18) സോഫ്റ്റ് ടെന്നീസ് (ഫെബ്രുവരി 24, 25) മത്സരങ്ങള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി ആതിഥ്യം വഹിക്കും. ഇത്തവണ അഖിലേന്ത്യാ പുരുഷ ഹാന്‍ഡ് ബോള്‍, കോഫ് ബോള്‍, സോഫ്റ്റ് ബേസ് ബോള്‍ മത്സരങ്ങളും കാലിക്കറ്റ് സര്‍വകലാശാലയിലാണ് നടത്തുക. ദക്ഷിണമേഖലാ പുരുഷ ഹാന്‍ഡ്ബോളിനും കാലിക്കറ്റ് വേദിയാകും.

അന്തര്‍കലാലയ മത്സരങ്ങളുടെ വേദി നിശ്ചയിക്കുന്ന യോഗം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വിവിധ കായികമത്സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പുതുക്കിയ നിയമാവലി പുസ്തകത്തിന്റെ പ്രകാശനവും വി.സി. നിര്‍വഹിച്ചു. ബിരുദവിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന കായിക സാക്ഷരതാ പദ്ധതിയായ 'കോഫെ' യില്‍ ഭിന്നശേഷിക്കാരെക്കൂടി പങ്കാളികളാക്കണമെന്ന് വി.സി. അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സിന്‍ഡിക്കേറ്റിന്റെ കായിക സ്ഥിരംസമിതി കണ്‍വീനര്‍ അഡ്വ. ടോം കെ. തോമസ് അധ്യക്ഷനായി. കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഉപമേധാവി ഡോ. എം.ആര്‍. ദിനു, അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ്, കോളേജുകളിലെ കായികാധ്യാപക സംഘടനാ പ്രസിഡന്റ് നാരായണ മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.