About

News Now

എന്‍ പത്മനാഭൻ്റെ ജീവിതം അവകാശപ്പോരാട്ടങ്ങള്‍ക്ക് മാതൃകയാണെന്ന് എളമരം കരീം എം പി.

 


കോഴിക്കോട്: 

തൊഴിലവകാശങ്ങള്‍ ഓരോന്നായി  കവര്‍ന്നെടുക്കപ്പെടുന്ന ഇക്കാലത്ത് എന്‍ പത്മനാഭനെപ്പോലുള്ളവരുടെ ജീവിതം അവകാശപ്പോരാട്ടങ്ങള്‍ക്ക് മാതൃകയാണെന്ന് എളമരം കരീം എം പി. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന് സഹപ്രവര്‍ത്തകര്‍ ഒരുക്കിയ സൗഹൃദക്കൂട്ടിന്റെ സ്‌നേഹാദരം ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പത്രപ്രവര്‍ത്തകരുടേയും ജീവനക്കാരുടേയും ആനുകൂല്യങ്ങള്‍ ഓരോന്നായി വെട്ടിമാറ്റപ്പെടുകയാണ്. വേജ്‌ബോര്‍ഡ് സംവിധാനങ്ങള്‍ തന്നെ ഒഴിവാക്കപ്പെടുന്നതോടെ പത്രമേഖലയില്‍ ജോലി ചെയ്യുന്നവരുടെ ഭാവി എന്താകുമെന്ന് കണ്ടറിയണം. 

രാജ്യത്ത് അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരുടെ അവസ്ഥ മഹാ കഷ്ടമാണ്. സമ്പത്ത് ഒരിടത്ത് മാത്രം കേന്ദ്രീകരിക്കുന്നു.  കൊവിഡ് വന്ന് രാജ്യമാകെ തകര്‍ന്നിട്ടും സമ്പന്നന്‍ അതി സമ്പന്നനായി മാറുകയാണ്. എന്നാല്‍, താഴെക്കിടയിലുള്ളവന്‍  കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിമാറ്റപ്പെടുന്നു. മുകേഷ് അംബാനി ഒരു ദിവസം നേടുന്ന വരുമാനം നേടാന്‍ ഇന്ത്യയിലെ അസംഘടിത തൊഴിലാളി പതിനായിരം വര്‍ഷം ജോലിയെടുക്കണമെന്നാണ് കണക്കെന്നും എളമരം കരീം പറഞ്ഞു. 

തൊഴിലാളി പ്രവര്‍ത്തകന്‍ എന്ന നിലക്ക് എന്‍ പത്മനാഭന്‍ സഹ പ്രവര്‍ത്തകര്‍ നല്‍കുന്ന ആദരത്തിന് വലിയ വിലയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

ചടങ്ങില്‍ കെ യു ഡബ്ല്യൂ ജെ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. എന്‍ പി രാജേന്ദ്രന്‍, ഇ എസ് സുഭാഷ്, കെ പ്രേംനാഥ്, കെ സി രാജഗോപാല്‍, മനോഹരന്‍ മോറായി, പി പി ശശീന്ദ്രന്‍, ദീപക് ധര്‍മടം, പി എ എം ഗഫൂര്‍, ബാബുരാജ്, അഡ്വ. എം രാജന്‍, തോമസ്, എ പി അബു, ബാബു ഗോപിനാഥ്, അബ്ദുല്‍ മജീദ്, ഗോപകുമാര്‍, എം എം ശംസുദ്ദീന്‍, ജിനേഷ് പൂനത്ത്, ടി കെ അബ്ദുല്‍ ഹമീദ്, മധുശങ്കര്‍, എം വി ഫിറോസ്, , എന്‍ , രാജീവ് പ്രസംഗിച്ചു. എന്‍ പത്മനാഭന്‍ മറുപടി പ്രസംഗം നടത്തി.