കാലിക്കറ്റ് സര്‍വകലാശാല ഭൂമിയില്‍ നിന്നും ചന്ദന മരം മുറിച്ചു കടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
തേഞ്ഞിപ്പലം:
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാംപസ് ഭൂമിയില്‍ നിന്നും ചന്ദന മരം മുറിച്ചു കടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ഉള്ളണം സ്വദേശി മുഹമ്മദ് ഷബീര്‍ എന്ന ചാള ബാബു (34) ആണ് കഴിഞ്ഞ ദിവസം തേഞ്ഞിപ്പലം പോലീസ് അറസ്റ്റിലായത്.
മുമ്പ് കഞ്ചാവ് കേസില്‍ പ്രതിയായ ഇയാള്‍ 2016-ല്‍ കാലിക്കറ്റ് കാംപസില്‍ നിന്നും ഒരു ചന്ദന മരവും, ചേളാരി മാതാപുഴ റോഡിലെ ഓക്സിജന്‍ പ്ലാന്റിന്റെ വളപ്പില്‍ നിന്നും അഞ്ച് ചന്ദന മരവും മുറിച്ച് കടത്തിയ കേസിലെ പ്രതിയാണ്.
കേസില്‍ കരിപ്പൂര്‍ മുളിയംപറമ്പ് സ്വദേശി ചെരങ്ങോടന്‍ അബ്ദുല്‍ നാസര്‍ (41), നീരോല്‍പാലംസ്വദേശികളായ മേത്തലയില്‍ ശിഹാബുല്‍ ഹഖ് (33), തൊണ്ടിക്കോടന്‍ ജംഷീര്‍ (35), ചെനക്കലങ്ങാടി സ്വദേശി നമ്പില്ലത്ത് കെ.ടി ഫിര്‍ദൗസ് (36) എന്നിവരെ പത്ത് ദിവസം മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. തേഞ്ഞിപ്പലം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്‍.ബി ഷൈജു, സബ് ഇന്‍സ്‌പെക്ടര്‍ സംഗീത് പുനത്തില്‍, സി.പി.ഒമാരായ ഷിബുലാല്‍, റഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.