About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2021 | നവംബർ 23 | 1197 വൃശ്ചികം 8 | ആഖിർ 18 | ചൊവ്വ | തിരുവാതിര

🔳സംസ്ഥാനത്തെ നാല് ജില്ലകളിലെ വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. കാസര്‍കോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് തീരുമാനമായത്. നൂറുകോടി രൂപ വരെ ഈ ജില്ലകള്‍ക്ക് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

🔳മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 141.05 അടിയാണ് നിലവിലെ ജലനിരപ്പ്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നത്. മഴയും നീരൊഴുക്കും കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാവിലെ കുറഞ്ഞു തുടങ്ങിയിരുന്നു.

🔳ഒരു ദിവസം മഴ മാറി നിന്നതോടെ മൂന്നാറില്‍ ഞായറാഴ്ച അതിശൈത്യം. ഞായറാഴ്ച രാവിലെയാണ് മൂന്നാറിലും പരിസരങ്ങളിലും അതിശൈത്യം അനുഭവപ്പെട്ടത്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, പഴയ മൂന്നാര്‍ എന്നിവടങ്ങളില്‍ 10 ഡിഗ്രിയായിരുന്നു താപനില. ചൊക്കനാട് , മാട്ടുപ്പെട്ടി, ലക്ഷ്മി, രാജമല എന്നിവടങ്ങില്‍ ഏഴും, തെന്മല, ഗുണ്ടുമല , ചിറ്റുവര എന്നിവടങ്ങളില്‍ അഞ്ചുമായിരുന്നു ഞായറാഴ്ച വെളുപ്പിന് അനുഭവപ്പെട്ട താപനില.

🔳കെ റെയില്‍ പദ്ധതിക്കെതിരേ ഉയരുന്ന എതിര്‍പ്പുകള്‍ കണക്കിലെടുക്കാതെ അതിവേഗ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. അതിവേഗ സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിന് ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ഡെപ്യൂട്ടി കളക്ടര്‍ അനില്‍ ജോസിനെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടിക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. 

🔳അനധികൃത ദത്തുകേസിലെ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചതിന് പിന്നാലെ കേസിലെ പരാതിക്കാരി അനുപമ എസ്. ചന്ദ്രന്റേയും അജിത്തിന്റെയും സാമ്പിളുകളും ശേഖരിച്ചു. എല്ലാം ശരിയായ രീതിയില്‍ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും അനുപമ പ്രതികരിച്ചു. സാമ്പിള്‍ എടുത്തത് തന്റെ കുഞ്ഞിന്റെ തന്നെയാണോ എന്ന് ഉറപ്പില്ലെന്നും അക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും അനുപമ പറഞ്ഞു.

🔳ശിശുക്ഷേമ സമിതിക്കെതിരെയുള്ള പ്രചാരണം അവാസ്തവമെന്ന് ജനറല്‍ സെക്രട്ടറി ജെഎസ് ഷിജുഖാന്‍. പൊതുജന മധ്യത്തില്‍ അപമാനിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം ശിശുക്ഷേമ സമിതിയെ തകര്‍ക്കാനുള്ള കുപ്രചരണം തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ 2017 ഡിസംബര്‍ 20 ന് അനുവദിച്ച രജിസ്ട്രേഷന് 2022 ഡിസംബര്‍ വരെ കാലാവധിയുണ്ടെന്നും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 സെക്ഷന്‍ 41 പ്രകാരമാണ് സമിതി പ്രവര്‍ത്തിക്കുന്നതെന്നും ഷിജുഖാന്‍ വ്യക്തമാക്കി.

🔳വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് മുസ്ലീം സംഘടനകള്‍. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും എതിര്‍പ്പുകള്‍ക്കിടയിലും സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോയാല്‍ പ്രക്ഷോഭ പരിപാടികളും നിയമ നടപടികളും സ്വീകരിക്കുമെന്നും കോഴിക്കോട്ട് മുസ്ലീം ലീഗ് വിളിച്ച് ചേര്‍ത്ത മതസംഘടനകളുടെ യോഗം നിലപാടെടുത്തു. വഖഫ് സ്വത്ത് ദൈവത്തിന്റെ സ്വത്താണെന്നും അതിന്റെ സംരക്ഷണത്തിന് മതബോധമുള്ളവര്‍ വേണമെന്നും മുസ്ലീം സംഘടനകള്‍ ഒറ്റക്കെട്ടായി നിലപാടെടുത്തു. വഖഫ് നിയമനങ്ങള്‍  പിഎസ് സി വഴിയാക്കിയാല്‍ അവിശ്വാസികള്‍ ബോര്‍ഡിലെത്തുമെന്നും മത വിശ്വാസമുള്ളവര്‍ വഖഫ് ബോര്‍ഡില്‍ വരണമെന്ന് നിര്‍ബന്ധമാണെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

🔳ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിതിനെ കൊലപ്പെടുത്തിയ കേസില്‍  ഒരാള്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവാണ് അറസ്റ്റിലായത്. ഇയാള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് എന്നാണ് വിവരം. ദൃക്‌സാക്ഷികള്‍ തിരിച്ചറിയേണ്ടത് കൊണ്ട് പ്രതിയുടെ പേര് വെളിപ്പെടുത്താനാവില്ലെന്ന് എസ്പി  ആര്‍ വിശ്വനാഥ് പറയുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

🔳കണ്ണൂര്‍ യൂണിവേഴ്സ്റ്റിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കുന്നതില്‍ അന്തിമ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്‍. പ്രിയ വര്‍ഗീസിന്റെ യോഗ്യത സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും താന്‍ വിസിയായി വന്നതിന് ശേഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒരു പിന്‍വാതില്‍ നിയമനവും നടന്നിട്ടില്ലെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

🔳മുതിര്‍ന്ന നടി കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായമനുവദിച്ചതില്‍ കോണ്‍ഗ്രസില്‍ ഭിന്നത. സഹായമനുവദിച്ചതിനെ അനുകൂലിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി ടി തോമസ് രംഗത്തെത്തിയപ്പോള്‍ രാഷ്ട്രീയചായ് വ് നോക്കിയാണ് സര്‍ക്കാര്‍ സഹായമെന്ന് വിമര്‍ശിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രനും ഫേസ്ബുക്ക് പോസ്റ്റിട്ടു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ചികിത്സയില്‍ കഴിയുന്ന നടി കെപിഎസി ലളിതയ്ക്ക് സഹായമനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.സാമൂഹ്യ മാധ്യമങ്ങളില്‍ വിഷയത്തില്‍ ചര്‍ച്ച സജീവമായതോടെ കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തുവന്നു. ഇതിനെതിരായിരുന്നു പി ടി തോമസിന്റെ ഫേസ്ബുക്ക്  പോസ്റ്റ്.  

🔳മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച വാഹനാപകട കേസില്‍ ഊരിമാറ്റിയ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ പൊലീസ് തേവര കണ്ണങ്കാട്ട് പാലത്തിന് സമീപം കായലില്‍ തിരച്ചില്‍ നടത്തി. അഗ്നിശമന സേനയിലെ മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ചായിരുന്നു തിരച്ചില്‍ നടത്തിയത്. കേസിലെ രണ്ട് പ്രതികളുമായി നടത്തിയ തിരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല.

🔳മുന്‍ എംഎല്‍എ കെ.എം. ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.പി.എ. മജീദ് എംഎല്‍എയെ കണ്ണൂരില്‍ നിന്നുള്ള  വിജിലന്‍സ് സംഘം ചോദ്യംചെയ്തു. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യംചെയ്യല്‍. കോഴിക്കോട് പോലീസ് ക്ലബ്ബില്‍വെച്ചാണ് ചോദ്യംചെയ്തത്.  എന്നാല്‍ ചോദ്യംചെയ്യലിനായി എത്തിയതല്ലെന്നും  സ്‌നേഹ ബന്ധത്തിന്റെ പുറത്ത് എത്തിയതാണെന്നും അതുകൊണ്ടാണ് പോലീസ് ക്ലബ്ബിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

🔳വയനാട്ടിലെ ലക്കിടിയില്‍ വ്യവസായിയുടെ ഭൂമിക്ക് അരക്കോടി മുടക്കി പിഡബ്ല്യൂഡി 'മതില്‍ പണിയുന്ന' സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി റിപ്പോര്‍ട്ടാവശ്യപ്പെട്ടു. ഇന്ന് വൈകുന്നേരത്തിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി മുഹമ്മദ് റിയാസ് ചീഫ് എഞ്ചിനീയറോട് നിര്‍ദ്ദേശിച്ചത്. വയനാട് ലക്കിടിയില്‍ കോയന്‍കോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള വസ്തുവിന്റെ മുന്നിലാണ് നിര്‍മാണം നടക്കുന്നത്. വ്യവസായിയുടെ പുരയിടം സംരക്ഷിക്കുകുന്ന രീതിയിലുള്ള സംരക്ഷണ ഭിത്തിയുടെ നിര്‍മാണത്തിന്റെ ഭാഗമായി പാതയോരത്ത് നിന്ന് നീക്കുന്ന മണ്ണ് തളളുന്നത്, ഇതേ വ്യവസായിയുടെ തന്നെ മറ്റൊരു ഭൂമി നികത്താനാണെന്നും റിപ്പോര്‍ട്ടുകള്‍.

🔳തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പാത നിര്‍മ്മാണത്തിന് ചെലവായതിനേക്കള്‍ 236 കോടി രൂപ കരാര്‍ കമ്പനി  ഇതിനകം  പിരിച്ചെടുത്തതായി കണക്കുകള്‍. ടോള്‍ പിരിവിന്റെ കാലാവധി തീരാന്‍ ഇനിയും ഏഴ് വര്‍ഷം ബാക്കി നില്‍ക്കെ ചെലവായതിന്റെ 10 മടങ്ങ് തുക കമ്പനിക്ക് നേടാനാകുമെന്ന് വിവരാവകാശ നിയമപ്രകാരമുളള രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

🔳തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ പട്രോളിങ്ങിനിടെ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടികളടക്കം നാല് പേര്‍ അറസ്റ്റില്‍. പത്തും പതിനേഴും വയസുള്ള കുട്ടികളും പത്തൊന്‍പതുകാരനും കസ്റ്റഡിയിലുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ പട്രോളിംഗിനിടെ മോഷണം തടയാന്‍ ശ്രമിച്ച നവല്‍പേട്ട് സ്റ്റേഷന്‍ എസ്ഐ ഭൂമിനാഥന്‍ ആണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളെ പിന്തുടര്‍ന്നെത്തിയ ഭൂമിനാഥനെ പുതുക്കോട്ട തിരുച്ചിറപ്പള്ളി റോഡിലെ പല്ലത്തുപട്ടി കലമാവൂര്‍ റെയില്‍വേ ഗേറ്റിന് സമീപം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

🔳ആന്ധ്രയിലും കര്‍ണാടകയിലും കനത്ത മഴയെ തുടര്‍ന്ന് പച്ചക്കറി വില കുതിക്കുന്നു. കേരളത്തിലേക്കുള്ള പച്ചക്കറികള്‍ക്കും അരിക്കും ദിവസങ്ങള്‍ക്കിടെ 35 ശതമാനത്തോളം വില കൂടി. വ്യാപക വിളനാശവും ചരക്കു നീക്കം കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണം.

🔳രാമായണ്‍ എക്‌സ്പ്രസിലെ ജീവനക്കാര്‍ കാവി നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് തുടര്‍ന്നാല്‍ ട്രെയിന്‍ തടയുമെന്ന് ഉജ്ജയിനില്‍ നിന്നുള്ള സന്യാസിമാര്‍. ജീവനക്കാര്‍ കാവിവസ്ത്രം ധരിക്കുന്നത് ഹിന്ദുമതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സന്ന്യാസിമാര്‍ ആരോപിക്കുന്നു.

🔳രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി ഇനി  ഉത്തര്‍പ്രദേശില്‍.  1,000 ഏക്കര്‍ സ്ഥലത്ത് ഫിലിം സിറ്റി സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. ഫിലിം സിറ്റി നിര്‍മാണത്തിന് ബിഡ്ഡുകള്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാമെന്ന്  യമുന എക്സ്പ്രസ്വേ  ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റി സിഇഒ അരുണ്‍ വീര്‍ സിംഗ് അറിയിച്ചു.

🔳നടന്‍ കമല്‍ഹാസന് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

🔳ന്യൂസീലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നു മത്സരങ്ങളിലും ഇന്ത്യ വിജയിച്ചത് വലിയ സംഭവമായി കാണേണ്ടെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. മത്സരങ്ങളുടെ ആധിക്യം മൂലം മടുത്ത് വശംകെട്ട ന്യൂസീലന്‍ഡ് ടീമിനെതിരേയാണ് ഇന്ത്യ കളിച്ചതെന്നും അത് യാഥാര്‍ഥ്യ ബോധത്തോടെ നോക്കിക്കാണണമെന്നും ദ്രാവിഡ് വ്യക്തമാക്കി.

🔳ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെതിരായ ആദ്യ മത്സരത്തിനിടയില്‍ പരിക്കേറ്റ കേരളാ ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം  കെ.പി. രാഹുലിന് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരങ്ങള്‍ നഷ്ടമാകുമെന്ന് വ്യക്തമായി. രാഹുലിനെ ചികിത്സയ്ക്കായി ഗോവയിലെ ടീമിന്റെ ബയോ ബബിളില്‍ നിന്ന് മുംബൈയിലേക്ക് മാറ്റുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

🔳ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ എഫ്.സി ഗോവയ്‌ക്കെതിരേ മുംബൈ സിറ്റി എഫ്.സിക്ക് ജയം. സ്‌ട്രൈക്കര്‍ ഇഗോള്‍ അംഗൂളോ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കായിരുന്നു നിലവിലെ ചാമ്പ്യന്‍മാരുടെ വിജയം.

🔳സയ്യിദ് മുഷ്താഖ് അലി ടി20 കിരീടം തമിഴ്‌നാടിന്. നിലവിലെ ചാംപ്യന്മാായ തമിഴ്‌നാട് കര്‍ണാടകയെ നാല് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. അവസാന പന്തില്‍ സിക്‌സറടിച്ച ഷാറുഖ് ഖാനാണ് തമിഴ്‌നാടിനെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംിഗിന് ഇറങ്ങിയ കര്‍ണാടക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ തമിഴ്‌നാട്  20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ത്രസിക്കുന്ന ജയം സ്വന്തമാക്കി.

🔳ആഗോളതലത്തില്‍ ഇന്നലെ 4,06,196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 46,338 പേര്‍ക്കും ഇംഗ്ലണ്ടില്‍ 44,917 പേര്‍ക്കും റഷ്യയില്‍ 35,681 പേര്‍ക്കും തുര്‍ക്കിയില്‍ 24,856 പേര്‍ക്കും ജര്‍മനിയില്‍ 40,489 പേര്‍ക്കും നെതര്‍ലാന്‍ഡില്‍ 23,002 പേര്‍ക്കും ഹംഗറിയില്‍ 27,209 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.82 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.93 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 4,771 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 263 പേരും റഷ്യയില്‍ 1,241 പേരും   ഉക്രെയിനില്‍ 326 പേരും ഹംഗറിയില്‍ 392 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51.73 ലക്ഷമായി.