സ്കൂട്ടറിൽ ബ്രൗൺ ഷുഗർ മയക്കുമരുന്നുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
കോഴിക്കോട്:
എക്സൈസ് 34 പൊതി ബ്രൗൺ ഷുഗർ മയക്കുമരുന്നുമായി രണ്ട് പേരെ സ്കൂട്ടർ സഹിതം അറസ്റ്റ് ചെയ്തു. കോഴിക്കോട് പന്തീരങ്കാവ് വടക്കെ ചെറങ്ങോട്ട് വീട്ടിൽ ഷിജു എം.വി. കോഴിക്കോട് ഒളവണ്ണ പൊക്കുന്ന് തയ്യിൽത്താഴം
സാക്കിർ മൻസിലിൽ മുഹമ്മദ് റിജാസ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വ്യാഴാഴ്ച വൈകീട്ട് 5.30 മണിയ്ക്ക് കോഴിക്കോട് ചാലപ്പുറം ഭാഗത്ത്കോഴിക്കോട് സർക്കിൾ പാർട്ടി നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും ബ്രൗൺഷുഗർ 2.1 ഗ്രാം പിടിച്ചെടുത്തു. മുംബൈയിൽ നിന്നും ബ്രൗൺഷുഗർ വാങ്ങി കോഴിക്കോട് നഗരത്തിലും മറ്റും വിൽപന നടത്തുകയാണ് ഇവരുടെ പതിവ്. ബ്രൗൺ ഷുഗറിന്റെ ഉറവിടത്തെപ്പറ്റി എക്സൈസ് സൈബർ വിങ്ങുമായി ചേർന്ന് കൂടുതൽ അന്വേഷണം ആരംഭിച്ചു. പിടിച്ചെടുത്ത മയക്ക് മരുന്നിന് ചില്ലറ വിപണിയിൽ ഒന്നര ലക്ഷത്തോളം വിലവരും. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.
കോഴിക്കോട് എക്സൈസ് സർക്കിൽ ഇൻസ്പെക്ടർ സി.ശരത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ അനിൽദത്ത് കുമാർ, സജീവൻ,എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഗംഗാധരൻ.കെ, റിഷിത്ത് കുമാർ.ടി.വി. യോഗേഷ്ചന്ദ.എൻ.കെ, ദിലീപ്കുമാർ, ഡി.എസ്, രഞ്ജിത്ത്.ആർ, റജിൻ.എം.ഒ എക്സൈസ് ഡ്രൈവർ ബിബിനീഷ്.എം.എം എന്നിവരുമുണ്ടായിരുന്നു.