About

News Now

വിവാഹം കച്ചവടത്തിന്റെ വേദിയായി മാറരുത്; അഡ്വ.പി.സതീദേവി

 


കോഴിക്കോട്:

നമ്മുടെ സമൂഹത്തില്‍ വിവാഹം കച്ചവടത്തിനുള്ള വേദിയായി മാറരുതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. സ്ത്രീധന വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ഗവ. ലോ കോളജില്‍ '1961-ലെ സ്ത്രീധന നിരോധന നിയമം - ഭേദഗതി അനിവാര്യം' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.  

വിലപേശി വില്‍ക്കപ്പെടുന്നതാവരുത് കുടുംബബന്ധങ്ങളെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിരോധിക്കപ്പെട്ടിട്ടുള്ള ഏറ്റവും പ്രാകൃതമായ ഒരു സാമൂഹ്യവിപത്താണ് സ്ത്രീധനമെന്നും അവർ പറഞ്ഞു.

വിവാഹം കച്ചവട വേദിയാവുകയാണ്. ആ കച്ചവടത്തിൽ വിലപേശലിന്റെ ഭാഗമായി പെൺകുട്ടികൾ മാറ്റപ്പെടുന്നു. നമ്മുടെ നാട്ടിൽ നടക്കുന്ന വിവാഹങ്ങളിൽ പലതും സ്വർണ്ണം കൊടുത്ത് വിലപേശി നടക്കുന്ന സ്ഥതിയിലേക്ക് മാറിയിട്ടുണ്ട്. വിലപേശി വിൽക്കപെടേണ്ടവരല്ല പെൺകുട്ടികൾ എന്ന ബോധ്യം എല്ലാവർക്കും ഉണ്ടാവണം.  സമീപകാലത്ത് നടന്ന സംഭവവികാസങ്ങൾ ഉൾക്കൊണ്ട് പെൺകുട്ടികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന രീതിയിൽ നിയമ ഭേദഗതി ഒരുക്കേണ്ടതുണ്ട്. കുടുംബത്തിലും പൊതു സമൂഹത്തിലും സ്ത്രീധനത്തിനെതിരായ പ്രവർത്തനങ്ങൾ ഉണ്ടാവണം. വിവാഹധൂർത്തുകൾ, ആർഭാട വിവാഹങ്ങൾ, സ്ത്രീധനം എന്നിവയെ ഒഴിവാക്കിക്കാൻ പ്രതിജ്ഞകൊണ്ട് മാത്രം സാധിക്കില്ല. അവ പ്രവർത്തനത്തിൽ വരുത്താനുള്ള സാഹചര്യം ഉറപ്പുവരുത്താൻ നമുക്കാവണമെന്നും അധ്യക്ഷ പറഞ്ഞു.

വർഷങ്ങൾക്കു മുമ്പേ സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ രാജ്യമാണ് നമ്മുടേത്. എന്നാൽ  വർഷങ്ങൾക്കിപ്പുറവും സ്ത്രീ ധനത്തെക്കുറിച്ച് ചർച്ചചെയ്യുന്നതും സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുക്കേണ്ടിവരുന്നതും  ദൗർഭാഗ്യകരമാണ്.  അടുത്തകാലത്തായി സമൂഹത്തിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട നിരവധി ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. അത്തരമൊരു പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന് സ്ത്രീധന നിരോധന നിയമ ഭേദഗതി സംബന്ധിച്ചും സ്ത്രീധനമെന്ന സാമൂഹ്യവിപത്ത് എങ്ങനെ സമൂഹത്തെ മോശമായി ബാധിക്കുന്നുവെന്നത് സംബന്ധിച്ചും ചർച്ച ചെയ്യേണ്ടിവരുന്നത്. പാരിതോഷികമെന്ന പേരിൽ നൽകുന്ന സാധനങ്ങൾ പോലും പിന്നീട് പ്രശ്നങ്ങളുടെ ഭാഗമാവുമെന്നും അവർ പറഞ്ഞു.

സ്ത്രീധനവിരുദ്ധ പ്രതിജ്ഞയും കമ്മീഷന്‍ അധ്യക്ഷ  ചൊല്ലിക്കൊടുത്തു. കേരള വനിതാ കമ്മിഷന്റെ സ്ത്രീധന വിരുദ്ധ കാംപെയ്ന്‍ 'സകുടുംബം സ്ത്രീധനത്തിനെതിരെ' ഓണ്‍ലൈന്‍ സത്യപ്രതിജ്ഞാ കാംപെയ്‌ന്റെ സമാപനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ലോ കോളജ് പ്രിൻസിപ്പാൾ സി.വി. കുമാരന്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ അംഗം അഡ്വ. എം.എസ്.താര, കോഴിക്കോട് ഗവ. ലോ കോളജ് അസി. പ്രഫസര്‍ അഞ്ജലി പി.നായര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എം.ആതിര, വിദ്യാര്‍ഥി പ്രതിനിധി ബ്രിജേഷ് എന്‍. ബാലകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. വനിതാ കമ്മീഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശ്രീകാന്ത് എം. ഗിരിനാഥ് സ്വാഗതവും ലോ കോളജ് വിദ്യാര്‍ഥി പ്രതിനിധി കെ. കീര്‍ത്തി നന്ദിയും പറഞ്ഞു.