മതിൽ ഇടിഞ്ഞു വീണ് ആശുപത്രി കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു: വാർഡ് മെമ്പർക്ക് പരുക്കേറ്റു
കുന്ദമംഗലം:
ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പഴയ കെട്ടിടത്തിൻ്റെ പിൻവശത്തെ മതിൽ ഇടിഞ്ഞു വീണ് ആശുപത്രി കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെയാണ് കോൺഗ്രീറ്റ് മതിൽ നിലംപൊത്തിയത്. ഒരാഴ്ച മുമ്പ് നിർമ്മിച്ച മതിലാണ് തകർന്ന് വീണത്. ഇതോടെ ഹെൽത്ത് ഇൻസ്പെക്റ്ററുടെ മുറിയുടെ ജനൽ ചില്ലുകളും, മേൽക്കൂരയിലെ ഓടുകളും, തകർന്നു. ജനറേറ്ററിന് കേടുപാടുകൾ സംഭവിച്ചു.
കെട്ടിടത്തിൻ്റെ പിൻവശത്ത് കല്ലുകൾ അടർന്ന് വീണ് ടോയ്ലറ്റിലേക്കുള്ള പൈപ്പുകൾ പൊട്ടുകയും ചെയ്തു.
ഇന്ന് രാവിലെ സ്ഥലം സന്ദർശിക്കുന്നതിനിടയിലാണ് മണ്ണിടിഞ്ഞ് വീണ് വാർഡ് മെമ്പർ കെ.കെ.സി. നൗഷാദിന് കൈക്ക് പരുക്കേറ്റത്. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ തിരുവലത്ത് ചന്ദ്രൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് സുരക്ഷ നടപടികൾ സ്വീകരിച്ചു.
നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് മതിൽ തകരാൻ കാരണമെന്നാണ് ആക്ഷേപം.