About

News Now

കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴ മുന്നറിയിപ്പ്:ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

 

തിരുവനന്തപുരം: 

ഇന്നും നാളെയും സംസ്ഥാനത്ത്ശക്തമായ മഴ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കന്യാകുമാരി തീരം വഴി തെക്കു കിഴക്കൻ അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദം നിലവിൽ ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്.

തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ രണ്ട് ദിവസവും യെല്ലോ അലർട്ടായിരിക്കും. വ്യാഴാഴ്ച വരെ മഴ തുടർന്നേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 

ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാൽ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പിന് സമാനമായ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി.