മുൻ എം.എൽ.എ സി. മോയിൻകുട്ടിയെ അനുസ്മരിച്ച് രാഹുൽ ഗാന്ധി
കൈതപ്പൊയിൽ:
മുൻ എം.എൽ.എയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി. മോയിൻകുട്ടിയെ അനുസ്മരിച്ച് രാഹുൽ ഗാന്ധി എം.പി.
സമൂഹത്തിൽ ഐക്യവും സമാധാനവും ഊട്ടിയുറപ്പിക്കാൻ യത്‌നിച്ച നേതാവായിരുന്നു സി. മോയിൻകുട്ടിയെന്ന് അദ്ദേഹം പറഞ്ഞു. തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി കൈതപ്പൊയിൽ ലിസ്സാ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സി.മോയിൻകുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. സാഹോദര്യവും മതേതരത്വവും തകർക്കാനും വിഭാഗീയത സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനും ചില കോണുകളിൽ നിന്നുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് സമാധാനത്തിൻ്റെയും പാലം കെട്ടിപ്പടുക്കുകയായിരുന്നു മോയിൻകുട്ടി. മോയിൻകുട്ടിയെ പോലുള്ള നേതാക്കളെ സ്‌നേഹ വാത്സല്യത്തോട് കൂടി മാത്രമേ ജനം ഓർക്കുകയുളളൂ. മോയിൻകുട്ടി നെഞ്ചിലേറ്റിയ ശുഭാപ്തി വിശ്വാസം തന്നെയാണ്, തന്നെയും മുന്നോട്ട് നയിക്കുന്നതെന്നും രാഹുൽഗാന്ധി. പരിപാടിയിൽ മുസ്ലീം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.കെ.കാസിം അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് മുനവറലി ശിഹാബ് തങ്ങൾ മോയിൻകുട്ടി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, എ.പി.അനിൽകുമാർ എം.എൽ.എ, ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺകുമാർ, സി.പി.ചെറിയ മുഹമ്മദ്, കെ.ജയന്ത്, ഫാ.ജോസ് മേലേട്ട്‌കൊച്ചിയിൽ, വി.എം. ഉമ്മർ മാസ്റ്റർ, വി.കെ.ഹുസൈൻകുട്ടി, ആയിഷക്കുട്ടി സുൽത്താൻ തുടങ്ങിയവർ പങ്കെടുത്തു. കെ.വി. അബ്ദുറഹ്മാൻ സ്വാഗതവും സി.എ. മുഹമ്മദ് നന്ദിയും പറഞ്ഞു.