മലബാർ മേഖല മഗരിസ കലാ സംഗമം ഇന്ന്
കൊടുവള്ളി:
കലാ സംഗീത രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഉന്നമനത്തിന് വേണ്ടി കൊടുവള്ളി ആസ്ഥാനമായി രൂപീകരിച്ച 'മഗരിസ' കലാ കുടുംബത്തിന്റെ പ്രവർത്തനം തുടക്കം കുറിച്ചുള്ള മലബാർ മേഖല കലാ സംഗമവും ജനകീയ മാപ്പിളപ്പാട്ട് മത്സരവും ഇന്ന് (ചൊവ്വ) കാവിലുമ്മാരം എൻ ബി ടി ഹാളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 2 മണിക്ക് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മാപ്പിളപ്പാട്ട് മത്സരം നടക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഡോ. എം. കെ മുനീർ. എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാപ്പിളപ്പാട്ട് രംഗത്തെ പ്രതിഭകളെ ആദരിക്കൽ മുൻ എം.എൽ. എ കാരാട്ട് റസാഖ് നിർവ്വഹിക്കും. നിർധന കുടുംബത്തിനുള്ള സഹായ ധനം ചടങ്ങിൽ കൈമാറും. മണ്മറഞ്ഞ കലാകാരൻമാരായ എരഞ്ഞോളി മൂസ, പീർ മുഹമ്മദ്, നെടുമുടി വേണു, വി. എം കുട്ടി എന്നിവരെ അനുസ്മരിക്കും. തുടർന്ന് ഐ. പി സിദ്ധീക്കും വിളയിൽ ഫസീലയും നയിക്കുന്ന സംഗീത വിരുന്നും നടക്കും. വാർത്താ സമ്മേളനത്തിൽ മഗരിസ ചെയർമാൻ ഹനീഫ വള്ളിൽ, കൺവീനർ വി.പി സലീം, ട്രഷറർ കെ.കെ ആലി, ഹസൻ കച്ചേരിമുക്ക്, ബാബു മടവൂർ, പി.വി ബഷീർ,അക്കു പുല്ലാളൂർ എന്നിവർ പങ്കെടുത്തു.