ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2021 | ഡിസംബർ 23| 1197 ധനു 8| അവ്വൽ 18 | വ്യാഴം |ആയില്യം
🔳ആഗോളതലത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. ഇന്നലെ മാത്രം എട്ടര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. അമേരിക്കയില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്കും ഇംഗ്ലണ്ടില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കും ഇന്നലെ രോഗം ബാധിച്ചു. ഫ്രാന്‍സിലും സ്പെയിനിലും ജര്‍മനിയിലും ഇറ്റലിയിലുമെല്ലാം രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.
🔳ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍. ദില്ലിയില്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളുള്‍പ്പടെ എല്ലാ സാംസ്‌കാരിക പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തിയതായി ദില്ലി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഹരിയാനയില്‍ ജനുവരി ഒന്നു മുതല്‍ വാക്സീന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് മാത്രമേ പൊതു സ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളു എന്ന് ആരോഗ്യ മന്ത്രി അനില്‍ വിജ് പറഞ്ഞു.
🔳ഒമിക്രോണ്‍ സ്ഥിതി വിലയിരുത്താന്‍ ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. രാജ്യത്ത് ഇതുവരെ 213 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. ഇതിനിടെ ദില്ലിയിലെ പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു. 125 പേര്‍ക്കാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ആറു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്കാണിത്.
🔳പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ തീര്‍ത്തും ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷം. പ്രതിപക്ഷത്തിന് സംസാരിക്കാന്‍ പോലും അവസരം നല്‍കാതെ സര്‍ക്കാര്‍ ബില്ലുകള്‍ പാസ്സാക്കിയെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ. അംഗങ്ങളെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ നടപടി പിന്‍വലിക്കാനായി ഖേദം പ്രകടിപ്പിക്കാമെന്ന് പ്രതിപക്ഷനേതാവ് തന്നെ സര്‍ക്കാരിനെ അറിയിച്ചെങ്കിലും ഒരോ അംഗങ്ങളും സഭക്കുള്ളില്‍ ഖേദം പ്രകടിപ്പിക്കണമെന്ന് സര്‍ക്കാര്‍ വാശി പിടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. തീര്‍ത്തും ജനാധിപത്യ വിരുദ്ധമായാണ് പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കിയതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് അധീര്‍രഞ്ജന്‍ ചൗധരി ആരോപിച്ചു.
🔳പ്രധാനമന്ത്രി നരേന്ദ്ര മോദി ജനാധിപത്യത്തിന്റെ പ്രവര്‍ത്തന ശൈലി മാറ്റിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ. പ്രധാനമന്ത്രി അന്താരാഷ്ട്ര വിഷയങ്ങളേക്കുറിച്ച് സംസാരിക്കുമ്പോള്‍ ലോകം ഇപ്പോള്‍ ഉറ്റുനോക്കുകയാണെന്നും നഡ്ഡ കൂട്ടിച്ചേര്‍ത്തു. ഗോവ ബിജെപിയുടെ 10 വര്‍ഷത്തെ ഭരണത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🔳സംസ്ഥാനത്ത് ഇന്നലെ 9 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഘാന, നൈജീരിയ, യുകെ, അയര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇന്നലെ ഒമിക്രോണ്‍ സ്ഥീരീകരിച്ചവരില്‍ 11 വയസ്സുകാരനും ഉള്‍പ്പെടുന്നു. ഇതോടെ സംസ്ഥാനത്ത് മാത്രം ഒമിക്രോണ്‍ കേസുകള്‍ 24 ആയി. സംസ്ഥാനത്ത് ഒറ്റ ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവുമുയര്‍ന്ന ഒമിക്രോണ്‍ കണക്കാണ് ഇന്നലത്തേത്.
🔳അന്തരിച്ച കോണ്‍ഗ്രസ്സ് നേതാവ് പി ടി തോമസ്സിന് കേരളം ഇന്ന് യാത്രാമൊഴിയേകും. രാവിലെ കൊച്ചിയിലെ പാലാരിവട്ടത്ത് എത്തിക്കുന്ന മൃതദേഹം ഡിസിസിയില്‍ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്ന് ടൗണ്‍ ഹാളിലെത്തിക്കുന്ന മൃതദേഹത്തില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപചാരം അര്‍പ്പിക്കും. അതിനു ശേഷം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തില്‍ പി ടി തോമസ്സിന്റെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ യാത്രമൊഴി നല്‍കും. വൈകീട്ട് 5.30മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തില്‍ പി.ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി ആകും സംസ്‌കാരചടങ്ങുകള്‍.
🔳സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ 'മെഡിസെപി'ന് മന്ത്രിസഭ അംഗീകാരം നല്‍കി. ജനുവരി ഒന്നുമുതല്‍ പദ്ധതി തത്ത്വത്തില്‍ ആരംഭിക്കും. അംഗങ്ങളായി നിശ്ചയിച്ചിരിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അംഗത്വം നിര്‍ബന്ധമാണ്. നിലവിലുള്ള രോഗങ്ങള്‍ക്ക് ഉള്‍പ്പെടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചികിത്സകള്‍ പണരഹിതമായിരിക്കും. എംപാനല്‍ഡ് ചെയ്യപ്പെട്ട പൊതു-സ്വകാര്യ ആശുപത്രികളില്‍ മാത്രമേ പദ്ധതിപ്രകാരമുള്ള പരിരക്ഷ ലഭിക്കൂ. എന്നാല്‍ ജീവന് ഭീഷണിയോ അപകടമോ ഉള്ള അടിയന്തര സാഹചര്യങ്ങളില്‍ എംപാനല്‍ഡ് ചെയ്യപ്പെടാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും മെഡിസെപ് പരിരക്ഷ ലഭിക്കും.
🔳പൊലീസിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനങ്ങളുമായി സി പി ഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ രംഗത്തെത്തി. പല കേസുകളിലും രാഷ്ട്രീയപാര്‍ട്ടികളും മതസംഘടനകളും നല്‍കുന്ന പേരുകാരെ പ്രതികളാക്കുന്ന പ്രവണതയുണ്ടെന്നും ഇത് ആപത്താണെന്നും പന്ന്യന്‍ തുറന്നടിച്ചു. ചില ഉദ്യോഗസ്ഥര്‍ അതിന് വേണ്ടി മാത്രം നില്‍ക്കുന്നു. ഈ ഏര്‍പ്പാട് കേസുകളെ ദുര്‍ബലപ്പെടുത്തുമെന്നും പന്ന്യന്‍ വിമര്‍ശിച്ചു. പിങ്ക് പൊലീസ് വിചാരണയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിനെതിരായ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് പന്ന്യന്റെ പ്രതികരണം.
🔳സില്‍വര്‍ ലൈന്‍ പദ്ധതിയിലെ ആശങ്ക പരിഹരിക്കാന്‍ യോഗം വിളിക്കണമെന്ന് ശശി തരൂര്‍ എംപി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. പദ്ധതിയില്‍ ആശങ്കയറിയിച്ച ജനങ്ങളേയും രാഷ്ട്രീയ പാര്‍ട്ടികളേയും കെ റെയില്‍ പ്രതിനിധികളേയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്തണമെന്ന നിര്‍ദ്ദേശമാണ് തരൂര്‍ മുന്നോട്ട് വച്ചിട്ടുള്ളത്. മുഖ്യമന്ത്രി യോഗം വിളിച്ചില്ലെങ്കില്‍ സ്വന്തം നിലക്ക് അത്തരമൊരു ചര്‍ച്ച സംഘടിപ്പിക്കുന്നതിനെ കുറിച്ച് തരൂര്‍ ആലോചിക്കുന്നുണ്ടെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
🔳മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ ഇരയായ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സര്‍ക്കാരിനോട് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. സംഭവത്തില്‍ കുറ്റക്കാരിയായ ഉദ്യോഗസ്ഥക്കെതിരെ ജില്ലാ പോലിസ് മേധാവിയോട് അച്ചടക്ക നടപടി സ്വീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
🔳കേരളത്തിലെ വസ്ത്ര വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. വസ്ത്രങ്ങളുടെ ജിഎസ്ടി നിരക്ക് അഞ്ചില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം പ്രഖ്യാപിച്ചത്. ഡിസംബര്‍ 28 ന് സംസ്ഥാനത്തെ എല്ലാ ജിഎസ്ടി ഓഫിസുകളിലേക്കും രാവിലെ 11 ന് മാര്‍ച്ചും ധര്‍ണയും നടത്താനുമാണ് തീരുമാനം. പുതുവര്‍ഷം മുതലാണ് വസ്ത്രങ്ങള്‍ക്ക് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. എല്ലാ തുണിത്തരങ്ങള്‍ക്കും 12 ശതമാനം ജിഎസ്ടിയാണ് പ്രാബല്ല്യത്തില്‍ വരുന്നത്.
🔳പ്രഥമ കേരള ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രകാശനംചെയ്തു. ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ ജേതാവ് നീരജ് ചോപ്രയോടുള്ള ബഹുമാനാര്‍ത്ഥം നീരജ് എന്നാണ് ഭാഗ്യ ചിഹ്നമായ മുയലിന് പേരിട്ടിരിക്കുന്നത്. സംസ്ഥാനത്തെ കായിക മേഖലയ്ക്ക് സ്റ്റേറ്റ് ഒളിമ്പിക്സ് വലിയ ഊര്‍ജ്ജം പകരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുതിര്‍ന്ന കായികതാരങ്ങള്‍ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി തലസ്ഥാനത്ത് എത്തും. രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാന ഒളിമ്പിക്സ് നടക്കുന്നത്.
🔳ഐഎസ്എല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയെ മൂന്ന് ഗോളിന് വീഴ്ത്തിയതിന് പിന്നാലെ ചെന്നൈയിന്‍ എഫ് സിയെയും മൂന്ന് ഗോളിന് വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി ചെന്നൈയിന്‍ വലയില്‍ അടിച്ചുകയറ്റി സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയം കുറിച്ചു. ജയത്തോടെ ഏഴ് കളികളില്‍ 12 പോയന്റുമായി ആറാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്സ് കുതിച്ചു. ഞായറാഴ്ച രണ്ടാം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികള്‍.
🔳ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ആവേശജയം. ഹര്‍മന്‍പ്രീത് സിംഗ്, സുമിത്, വരുണ്‍ കുമാര്‍, ആകാശ്ദീപ് സിംഗ് എന്നിവര്‍ ഇന്ത്യക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ അര്‍ഫ്രാസ്, അബ്ദുള്‍ റാണ, നദീം എന്നിവരാണ് പാക്കിസ്ഥാനുവേണ്ടി ഗോളടിച്ചത്.
🔳ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി. ഓസട്രേലിയന്‍ ബാറ്റര്‍ മാര്‍നസ് ലാബുഷെയ്നാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഇതാദ്യമായാണ് ലാബുഷെയ്ന്‍ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.
🔳ആഗോളതലത്തില്‍ ഇന്നലെ എട്ടര ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 2,08,577 പേര്‍ക്കും ഇംഗ്ലണ്ടില്‍ 1,06,122 പേര്‍ക്കും റഷ്യയില്‍ 25,264 പേര്‍ക്കും ഫ്രാന്‍സില്‍ 84,272 പേര്‍ക്കും ജര്‍മനിയില്‍ 45,606 പേര്‍ക്കും സ്പെയിനില്‍ 60,041 പേര്‍ക്കും ഇറ്റലിയില്‍ 36,293 പേര്‍ക്കും ദക്ഷിണാഫ്രിക്കയില്‍ 21,098 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 27.74 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.35 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 6,928 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,364 പേരും റഷ്യയില്‍ 1,020 പേരും ജര്‍മനിയില്‍ 471 പോളണ്ടില്‍ 775 പേരും ഉക്രെയിനില്‍ 301 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53.92 ലക്ഷമായി.
🔳സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജെഎസ്ഡബ്ല്യു സിമന്റിലെ ചെറു ഓഹരി വിഹിതം സ്വന്തമാക്കി. 100 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഭീമനായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജെഎസ്ഡബ്ല്യു സിമന്റില്‍ നിക്ഷേപിച്ചത്. സിസിപി ഓഹരികളാണ് ബാങ്ക് സ്വന്തമാക്കിയത്. ഈയിടെ അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ് ഇന്‍കോര്‍പറേറ്റഡും സിനര്‍ജി മെറ്റല്‍സ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ് ലിമിറ്റഡും ജെഎസ്ഡബ്ല്യു സിമന്റില്‍ വലിയ നിക്ഷേപം നടത്തിയിരുന്നു. 1500 കോടി രൂപയാണ് ഇരുവരും നിക്ഷേപിച്ചത്. പുതിയ നിക്ഷേപങ്ങളുടെ കരുത്തില്‍ ജെഎസ്ഡബ്ല്യു സിമന്റിന് നിലവിലെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 14 മെട്രിക് ടണ്ണില്‍ നിന്ന് 24 മെട്രിക് ടണ്ണിലേക്ക് ഉയര്‍ത്താനാവും. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ കമ്പനി ഐപിഒയിലേക്ക് കടക്കും.
🔳അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില 2022ല്‍ 100 ഡോളര്‍ കടക്കുമെന്ന് വിശകലന വിദഗ്ധര്‍. നിലവിലുള്ളതിനേക്കാള്‍ 41 ശതമാനം വില വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഒമിക്രോണ്‍ വ്യാപനം അതിശക്തമായാല്‍ 2022ന്റെ ആദ്യ പകുതിയില്‍ തന്നെ ഈ കുതിപ്പുണ്ടാകും. 1990ന് ശേഷം ബ്രെന്റ് ക്രൂഡ് ഇന്‍ഡക്സില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ വര്‍ഷമായിരുന്നു 2021 കലണ്ടര്‍ വര്‍ഷമെന്ന് റോബോബാങ്ക് ഇന്റര്‍നാഷണല്‍ വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം 41 ശതമാനം വരെ നേട്ടമാണ് ബ്രെന്റ് ക്രൂഡ് ഓയില്‍ ഉണ്ടാക്കിയത്. ഒരു ഘട്ടത്തില്‍ ബാരലിന് 85 ഡോളര്‍ വരെ കുതിച്ച വില ഇപ്പോള്‍ 72 ഡോളറിലെത്തിയിരിക്കുകയാണ്. 2022 ലും 2023 ലും ബാരലിന് 100 ഡോളര്‍ കടക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്സ് പ്രവചിക്കുന്നത്.