ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 | ജനുവരി 04| 1197 ധനു 20| ആഖിർ 01| ചൊവ്വ | ഉത്രാടം
തിരുവനന്തപുരത്തു സില്‍വര്‍ ലൈന്‍ പാതയ്ക്കു കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. തിരുവനന്തപുരം നാവായിക്കുളത്തും കല്ലമ്പലത്തും കല്ലിടുന്നതിന് എതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പൊലീസ് എത്തിയെങ്കിലും കല്ലിടാനാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. സില്‍വര്‍ ലൈനിനു ജനപിന്തുണയ്ക്കായി പൗരപ്രമുഖരുടെ യോഗം വിളിച്ചുകൂട്ടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചിരിക്കേയാണ് പ്രതിഷേധം ശക്തമാകുന്നത്.
🔳ട്രെയിനില്‍ യാത്രക്കാരനെ ചവിട്ടിയെ സംഭവത്തില്‍ എ.എസ്.ഐ എം.സി പ്രമോദിനെ സസ്പെന്‍ഡ് ചെയ്തു. ഇന്റലിജന്‍സ് എഡിജിപിയാണ് പ്രമോദിനെ സസ്പെന്‍ഡ് ചെയ്തത്. പ്രമോദിനെ റെയില്‍വേയില്‍ നിന്നും മാറ്റാനും തീരുമാനമായി.
🔳കണ്ടെയിന്മെന്റ് സോണുകളില്‍ ഉള്ളവര്‍ ഓഫീസുകളില്‍ എത്തേണ്ടതില്ല. കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. അണ്ടര്‍ സെക്രട്ടറിക്ക് താഴെയുള്ള 50 ശതമാനം ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം. ഗര്‍ഭിണികളും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരും ഓഫീസില്‍ പോകേണ്ടതില്ല. ഓഫിസുകളിലെ ബയോ മെട്രിക് സംവിധാനവും ഒഴിവാക്കിട്ടുണ്ട്.
🔳നടിയെ ആക്രമിച്ച കേസിന്റെ പോക്കില്‍ ആശങ്ക രേഖപ്പെടുത്തി ആക്രമിക്കപ്പെട്ട നടി. തുടരന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്കു കത്തയച്ചു. ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ പറയുന്നു.
🔳നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷനെതിരെ പരാതിയുമായി പ്രതി ദിലീപ്. തന്റെ കൈവശം ദൃശ്യങ്ങളുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപെടുത്തലിനു പിന്നില്‍ പ്രോസിക്യൂഷനാണെന്ന് ദിലീപ് ആരോപിച്ചു. കോടതിയിലെ കേസ് അട്ടിമറിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥന്റേയും പ്രോസിക്യൂഷന്റേയും ശ്രമമെന്ന് ദിലീപ്.
🔳ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ഗൂഢാലോചനയില്‍ പങ്കെടുത്ത ആര്‍എസ്എസുകാര്‍ക്ക് രക്ഷപ്പെടാന്‍ സഹായം ചെയ്ത സുരേഷ് ബാബുവാണ് അറസ്റ്റിലായത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ഇയാള്‍ ചേര്‍ത്തല സ്വദേശിയാണ്.
🔳മകരവിളക്ക് ദര്‍ശനത്തിനു 14 ന് വരുന്നവരെ മാത്രമെ സന്നിധാനത്ത് നില്‍ക്കാന്‍ അനുവദിക്കൂവെന്ന് പൊലീസ്. തലേന്ന് എത്തുന്നവര്‍ക്കു പോലും സന്നിധാനത്ത് തങ്ങാന്‍ അനുമതി നല്‍കില്ല. എഡിജിപി എസ്.ശ്രീജിത്ത് അറിയിച്ചു. മകരവിളക്ക് ദര്‍ശനത്തിനായി മറ്റ് സംസ്ഥാനങ്ങളിലെ തീര്‍ത്ഥാടകര്‍ ദിവസങ്ങള്‍ക്കുമുന്‍പ് സന്നിധാനത്ത് പര്‍ണ്ണശാലകള്‍ കെട്ടി കാത്തിരിക്കാറുണ്ട്. ഇത്തവണ സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ തങ്ങാന്‍ മാത്രമേ അനുമതിയുള്ളൂ.
🔳വഖഫ് നിയമനത്തില്‍ രണ്ടാംഘട്ട സമരവുമായി മുസ്ലീം ലീഗ്. ഈ മാസം 27 ന് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. നിയമസഭ ചേരുമ്പോള്‍ നിയമസഭാ മാര്‍ച്ചും പഞ്ചായത്തുകളില്‍ രാപ്പകല്‍ സമരവും നടത്തും.
🔳കുതിരാന്‍ രണ്ടാം തുരങ്കം ഏപ്രിലോടെ തുറക്കുമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുമരാമത്ത് പണികളുടെ നിരീക്ഷണ ചുമതല സൂപ്രണ്ടിങ് എഞ്ചിനീയര്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, അസി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരില്‍ ഒരാള്‍ക്കു നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം തൃശൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
🔳പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിതിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ലുക്ക് ഔട്ട് നോട്ടീസിലെ നാലു പേരില്‍ ഒരാളായ ഷംസീറാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
🔳തിരുവനന്തപുരം പിആര്‍എസ് ആശുപത്രിക്കു സമീപം ആക്രിക്കടയില്‍ ഉണ്ടായ തീപിടിത്തത്തിനു കാരണം ഇലക്ട്രിക് പോസ്റ്റില്‍നിന്ന് തീ വീണതാണെന്ന് ആക്രിക്കട ഉടമ നിഷാന്‍. രാവിലെ പത്തരയോടെ മൂന്നു തവണ തീ വീണു. 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സഥാപനത്തില്‍ വൈദ്യുതി കണക്ഷന്‍ ഇല്ലെന്നും നിഷാന്‍.
🔳ഡെന്റല്‍, വെറ്ററിനറി കോഴ്സുകള്‍ക്കു സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്കു പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
🔳പുന്നപ്രയില്‍ മത്സ്യത്തൊഴിലാളി യുവാവിനെ പൊലീസ് മര്‍ദിച്ചെന്ന് പരാതി. കര്‍ഫ്യൂ ലംഘിച്ചെന്ന് ആരോപിച്ച് ഡിസംബര്‍ 31ന് രാത്രിയായിരുന്നു മര്‍ദ്ദനം. പരിക്കേറ്റ അമല്‍ ബാബുവിനെ പൊലീസ് ഭീഷണിപ്പെടുത്തി മൊഴി മാറ്റിച്ചെന്നും ആരോപണമുണ്ട്.
🔳കേരള പൊലീസ് ഗുണ്ടകളായി മാറിയെന്നും പോലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്കു നഷ്ടപ്പെട്ടെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പിന് നാഥനില്ല. കുത്തഴിഞ്ഞ സ്ഥിതിയാണ്. മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും ചെന്നിത്തല.
🔳ആലപ്പുഴ രഞ്ജിത്ത് വധക്കേസില്‍ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിയോടു റിപ്പോര്‍ട്ടു തേടി. കമ്മീഷന്‍ അംഗം ആചാരി തള്ളോജു കൊല്ലപ്പെട്ട രഞ്ജിത്തിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.
🔳മുഖ്യമന്ത്രി പിണറായി വിജയന് ഇനി കറുത്ത കാര്‍. കൂടുതല്‍ സൗകര്യമുള്ള കറുത്ത കാറിനാണ് സ്റ്റേറ്റ് കാറിന്റെ ഒന്നാം നമ്പര്‍ പദവി. വെളുത്ത കാറാണ് മുഖ്യമന്ത്രി നേരത്തെ ഉപയോഗിച്ചിരുന്നത്.
🔳തര്‍ക്കത്തിനിടെ ആന്ധ്ര തീര്‍ത്ഥാടക സംഘത്തിലെ ഒരാളുടെ തേങ്ങ ഏറേറ്റ് ശബരിമലയില്‍ താല്‍ക്കാലിക ജീവനക്കാരന്റെ തലയ്ക്കു പരിക്കേറ്റു. കോഴിക്കോട് ഉള്ളേരി സ്വദേശി ബിനീഷിനാണ് പരിക്ക്. തേങ്ങ എറിഞ്ഞ തീര്‍ത്ഥാടകനെ പൊലീസ് പിടികൂടി. ഉച്ചയ്ക്കു നട അടച്ചതിനെത്തുടര്‍ന്ന് ബിനീഷും മറ്റു തൊഴിലാളികളും ചേര്‍ന്ന് മാളികപ്പുറവും പരിസരവും കഴുകി വൃത്തിയാക്കുകയായിരുന്നു. മാളികപ്പുറത്തേക്ക് പോകാന്‍ ശ്രമിച്ച ആന്ധ്രക്കാരായ അയ്യപ്പന്മാരെ തടഞ്ഞതോടെയാണ് ഒരാള്‍ തേങ്ങ എറിഞ്ഞത്.
🔳കുഴിയില്ലാത്ത റോഡില്‍ ടാറിട്ടതിന് പൊതുമരാത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷന്‍. കോഴിക്കോട് കുന്ദമംഗലം അസിസ്റ്റന്റ് എന്‍ജിനിയര്‍ സി. ബിജു, ഓവര്‍സിയര്‍ പി.കെ. ധന്യ എന്നിവര്‍ക്കെതിരേയാണു നടപടി. മായനാട് ഓഴുക്കര റോഡിലെ 17 മീറ്റര്‍ ടാര്‍ ചെയ്തതിനെതിരേ നാട്ടുകാര്‍ നല്‍കിയ നല്‍കിയ പരാതിയിലാണ് സസ്പെന്‍ഷന്‍.
🔳കമ്യൂണിസത്തെ തള്ളിക്കൊണ്ട് സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി പാസാക്കിയ പ്രമേയം ഔദ്യോഗിക നിലപാടല്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. പ്രമേയം തന്റെ അറിവോടെയല്ല. സര്‍ക്കാരുമായി യോജിച്ചു പോകുന്നതാണു തങ്ങളുടെ നയമെന്നും അദ്ദേഹം പറഞ്ഞു.
🔳പഴയങ്ങാടിയില്‍ കോളജ് അധ്യാപികയായ യുവതി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. അടുത്തില സ്വദേശിയ പി ഭവ്യ എന്ന 24 കാരിയാണ് മരിച്ചത്. മാത്തില്‍ ഗുരുദേവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ അധ്യാപികയായിരുന്നു.
🔳രാജ്യത്ത് കൗമാരക്കാരുടെ കൊവിഡ് വാക്സിനേഷനു തുടക്കമായി. ആദ്യ ദിവസം വാക്സീന്‍ സ്വീകരിച്ചത് മുപ്പതു ലക്ഷം കൗമാരക്കാര്‍. കേരളത്തില്‍ 38,417 കൗമാരക്കാര്‍ക്കു വാക്സിന്‍ നല്‍കി. കൊവിന്‍ പോര്‍ട്ടല്‍ വഴി 44 ലക്ഷത്തിലധികം പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.
🔳തെലങ്കാനയില്‍ ബിജെപി- ടിആര്‍എസ് പോര് തെരുവിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി സഞ്ജയ് കുമാറിനെ അറസ്റ്റു ചെയ്ത് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അധ്യാപക സംഘടനകളുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റു ചെയ്തത്.
🔳തമിഴ്നാട്ടില്‍ ജല്ലിക്കട്ടിനു മുന്നോടിയായി നടത്തുന്ന ഊര്‍ തിരുവിഴക്കിടെ കാളകള്‍ വിരണ്ടോടി അന്‍പതോളം പേര്‍ക്ക് പരിക്ക്. ജല്ലിക്കട്ടിന് മുന്നോടിയായി കാളകളെ മെരുക്കാന്‍ നടത്തുന്ന പരിശീലനമാണിത്. അനുമതി നിഷേധിച്ച് ചടങ്ങ് നടത്തിയതിന് അഞ്ചു സംഘാടകര്‍ക്കെതിരെ തിരുവണ്ണാമലൈ പൊലീസ് കേസെടുത്തു.
🔳കര്‍ഷക സമരത്തിനിടെ ലഖിംപൂര്‍ ഖേരിയിലെ കൂട്ടക്കൊല കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയാണെന്ന് പ്രിയങ്ക ഗാന്ധി. അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ മുഖ്യപ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതിനു പിറകേയാണ് പ്രിയങ്കയുടെ പ്രതികരണം.
🔳എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി ക്വാറന്റൈനിലായി. അടുത്ത ബന്ധുവിനും പേഴ്സണല്‍ സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് വസതിയില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചതെന്ന് പ്രിയങ്ക ട്വിറ്ററില്‍ അറിയിച്ചു.
🔳തമിഴുനാട്ടിലെ പുതുക്കോട്ടയ്ക്കു സമീപം സിഐഎസ്എഫ് ക്യാമ്പിലെ ഷൂട്ടിംഗ് പരിശീലനത്തിനിടെ വെടിയേറ്റ കുട്ടി മരിച്ചു. 11 വയസുള്ള പുകഴേന്തിയാണു മരിച്ചത്. തഞ്ചാവൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.
🔳ഒരു ഛിന്നഗ്രഹം ഭൂമിയോടടുക്കുന്നു. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ രണ്ടര ഇരട്ടി വലുപ്പമുള്ള ഛിന്നഗ്രഹം ജനുവരി 18 ന് ഭൂമിക്കു തൊട്ടരികിലൂടെ കടന്നുപോകും. നാസ ഇതിനെ അപകടസാധ്യതയുള്ള ഛിന്നഗ്രഹമായി തരംതിരിച്ചിട്ടുണ്ട്.
🔳ലോകത്തിലെ ഏറ്റവും പ്രായമുള്ള ജപ്പാനീസ് മുത്തശ്ശി 119-ാം ജന്‍മദിനം ആഘോഷിച്ചു. ജപ്പാനിലെ ഫുകുവോക്ക സ്വദേശിയായ കനെ തനാക്കയാണ് പ്രിയപ്പെട്ട കൊക്കാകോളയും ചോക്കലേറ്റും കഴിച്ച് പിറന്നാള്‍ ആഘോഷിച്ചത്. ഏറ്റവും പ്രായമുള്ള മുത്തശ്ശിയെന്ന നിലയില്‍ രണ്ടു വര്‍ഷം മുമ്പ് ഗിന്നസ് ബുക്ക് റെക്കോര്‍ഡ് നേടിയ കനെ തനാക്ക 120 വയസുവരെയെങ്കിലും ജീവിക്കുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു.
🔳ഐഎസ്എല്ലിലെ ആവേശപ്പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ് സിയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് വീഴ്ത്തി ഒഡീഷ എഫ് സി. മത്സരത്തില്‍ ആദ്യം ലീഡെടുത്ത ഒഡീഷക്കെതിരെ മുംബൈ സമനില പിടിക്കുകയും പിന്നീട് ലീഡെടുക്കുകയും ചെയ്തെങ്കിലും രണ്ടാം പകുതിയിലെ ഒഡീഷയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ ഒടുവില്‍ മുംബൈ മുട്ടുമടക്കി.
🔳ഐ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചു. കുറഞ്ഞത് ആറാഴ്ചത്തേക്ക് ആണ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. ടീമുകളുടെ ബയോ ബബ്ബിളില്‍ അന്‍പതിലേറെ താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്. മൂന്ന് ടീമുകളിലെ അഞ്ച് താരങ്ങള്‍ക്കും ഒരു സപ്പോര്‍ട്ട് സ്റ്റാഫിനും കൊവിഡ് ബാധിച്ചതോടെ നേരത്ത ജനുവരി ആറ് വരെ മത്സരങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.
🔳ദക്ഷിണാഫ്രിക്കക്കെതിരായ വാണ്ടറേഴ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിനിങ്ങിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 202 റണ്‍സിന് ഓള്‍ ഔട്ടായി. പൂജാരയും രഹാനയും റിഷഭ് പന്തും ഹനുമാ വിഹാരിയുമെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും 46 റണ്‍സെടുത്ത ആര്‍ ആശ്വിനും മാത്രമാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മറുപടി ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെടുത്തിട്ടുണ്ട്.
🔳ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. രാജ്യത്ത് ഇന്നലെ 35,228 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 12,160 പേര്‍ക്കും കര്‍ണാടകയില്‍ 1290 പേര്‍ക്കും തമിഴ്നാട്ടില്‍ 1728 പേര്‍ക്കും പശ്ചിമബംഗാളില്‍ 6078 പേര്‍ക്കും ഡല്‍ഹിയില്‍ 4,099 പേര്‍ക്കും ഗുജറാത്തില്‍ 1259 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു
🔳ആഗോളതലത്തില്‍ ഇന്നലെ പതിനൊന്ന് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ 2,07,951 പേര്‍ക്കും ഇംഗ്ലണ്ടില്‍ 1,57,758 പേര്‍ക്കും ഫ്രാന്‍സില്‍ 67,461 പേര്‍ക്കും തുര്‍ക്കിയില്‍ 44,869 പേര്‍ക്കും ജര്‍മനിയില്‍ 26,345 പേര്‍ക്കും സ്പെയിനില്‍ 93,190 പേര്‍ക്കും ഇറ്റലിയില്‍ 68,052 പേര്‍ക്കും അര്‍ജന്റീനയില്‍ 44,396 പേര്‍ക്കും ഗ്രീസില്‍ 36,246 പേര്‍ക്കും ആസ്ട്രേലിയയില്‍ 37,059 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 29.22 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 3.17 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 3,718 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 338 പേരും റഷ്യയില്‍ 835 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54.64 ലക്ഷമായി.
🔳ലയനം പൊതുമേഖലാ ബാങ്കുകളുടെ ലാഭക്ഷമത മെച്ചപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. 2016-17ല്‍ 1,300 കോടി രൂപയുടെ നഷ്ടത്തിലായിരുന്ന എസ്.ബി.ഐ 2020-21ല്‍ കുറിച്ചത് 20,000 കോടി രൂപയ്ക്കുമേല്‍ ലാഭമാണ്. 2018-19ല്‍ 8,339.27 കോടി രൂപയുടെ നഷ്ടത്തിലായിരുന്ന ബാങ്ക് ഒഫ് ബറോഡ 2020-21ല്‍ 828.96 കോടി രൂപ ലാഭം നേടി. 2019-20ല്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് 8,310.93 കോടി രൂപ നഷ്ടം കുറിച്ചിരുന്നു. 2020-21ല്‍ ബാങ്ക് കുതിച്ചുകയറിയത് 2,021.62 കോടി രൂപയുടെ ലാഭത്തിലേക്ക്.
🔳ഇന്ത്യയുടെ വിദേശ നാണയശേഖരം തുടര്‍ച്ചയായി താഴ്ന്നു. ഡിസംബര്‍ 24ന് സമാപിച്ച ആഴ്ചയില്‍ 58.7 കോടി ഡോളര്‍ ഇടിഞ്ഞ് ശേഖരം 63,508 കോടി ഡോളറിലെത്തി. ഡിസംബര്‍ 17ന് സമാപിച്ചവാരത്തില്‍ 16 കോടി ഡോളറിന്റെ ഇടിവും നേരിട്ടിരുന്നു. കഴിഞ്ഞ സെപ്തംബര്‍ മൂന്നിന് കുറിച്ച 64,245.3 കോടി ഡോളറാണ് വിദേശ നാണയ ശേഖരത്തിന്റെ എക്കാലത്തെയും ഉയരം. കഴിഞ്ഞമാസാന്ത്യം വിദേശ നാണയ ആസ്തി (എഫ്.സി.എ) 84.7 കോടി ഡോളര്‍ താഴ്ന്ന് 57,136.9 കോടി ഡോളറിലെത്തി. കരുതല്‍ സ്വര്‍ണശേഖരം 20.7 കോടി ഡോളര്‍ മെച്ചപ്പെട്ട് 3,939 കോടി ഡോളറായി.
🔳വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയം. ചിത്രത്തിലെ പുതിയ ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ടു. 'കുരള്‍ കേക്കുത' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ചെന്നൈയെ സ്നേഹിക്കുന്നവര്‍ക്കായാണ് ഗാനം സമര്‍പ്പിച്ചിരിക്കുന്നത്. ഹൃദയത്തിന്റെ ചിത്രീകരണത്തിന്റെ പകുതിയോളം നടന്നിരിക്കുന്നത് ചെന്നൈയിലാണ്. അതിനാല്‍ തന്നെ പുതിയ ഗാനം തമിഴില്‍ ആയിരിക്കുമെന്നും വിനീത് ശ്രീനിവാസന്‍ അറിയിച്ചിരുന്നു. ഗുണ ബാലസുബ്രഹ്‌മണ്യമെന്ന സംഗീതജ്ഞന്‍ ചിത്രത്തിനായി എഴുതിയ ഗാനം ഉണ്ണി മേനോന്‍ ആണ് ആലപിച്ചിരിക്കുന്നത്.