താമരശ്ശേരിയിലെ ദേശീയപാതയിൽ സീബ്രാ ലൈനുകൾ മാഞ്ഞിട്ടു വർഷങ്ങൾ; പ്രതീകാത്മകമായി സീബ്രാലൈനുകൾ വരച്ച് എസ്.ടി.യു പ്രതിഷേധം
താമരശ്ശേരി:
ജനത്തിരക്കേറിയ താമരശ്ശേരി ടൗണിലെ വിവിധയിടങ്ങളിൽ ഉണ്ടായിരുന്ന സീബ്രാ ലൈനുകൾ മാഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും മാറ്റി വയ്ക്കാത്ത ദേശീയ പാത അധികൃതരുടെ നിഷേധാത്മക നിലപാടിനെതിരെ സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി റോഡിൽ സീബ്രാലൈനുകൾ പ്രതീകാത്മകമായി വരച്ചു പ്രതിഷേധിച്ചു. താമരശ്ശേരി ടൗണിലെ കെ.എസ്.ആർ.ടി.സി ഡിപ്പോ മുൻവശം, ഗവൺമെന്റ് യു.പി സ്കൂളിന് മുൻവശം, ഗവൺമെന്റ് താലൂക്ക് ആശുപത്രിക്ക് മുൻവശം, പഴയ ബസ് സ്റ്റാൻഡിനു മുൻവശം, പോസ്റ്റ് ഓഫീസിന് മുൻവശം, എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന സീബ്രാ ലൈനുകൾ ആണ് മാഞ്ഞു പോയത്.
മാഞ്ഞിട്ട് രണ്ടു വർഷത്തിലധികമായി. സീബ്രാ ലൈനുകൾ ഇല്ലാത്തതുമൂലം ടൗണിലെ വിവിധ സ്ഥലങ്ങളിൽ കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവം ആയിരുന്നു. സീബ്രാലൈനുകൾ ഇല്ലാത്തതു മൂലം നിരവധി അപകടങ്ങളാണ് ടൗണിൽ നടന്നിരുന്നത്. സീബ്രാ ലൈനുകൾ മാറ്റിവരയ്ക്കണമെന്ന് ആവശ്യപ്പെട്ടു എസ് ടി യു ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് എസ് ടി യു പ്രതിഷേധ സമരവുമായി രംഗത്തെത്തിയത്.
ഗവൺമെന്റ് താലൂക്ക് ആശുപത്രിക്ക് മുൻവശത്ത് മാഞ്ഞു പോയ സീബ്ര ലൈനുകൾ വരച്ചു കൊണ്ടാണ് എസ ടി യു പ്രവർത്തകർ പ്രതിഷേധിച്ചത്. തുടർന്ന് പ്രതിഷേധ സംഗമവും വകുപ്പ് മന്ത്രിക്കുള്ള കൂട്ട കത്തയക്കലും നടന്നു. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം നിയോജകമണ്ഡലം എസ് ടി യു ജനറൽ സെക്രട്ടറി അഷ്റഫ് കൂടത്തായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എസ് ടി യു പ്രസിഡണ്ട് വി.കെ. മുഹമ്മദ് കുട്ടിമോൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുബൈർ വെഴുപ്പൂർ സ്വാഗതവും ട്രഷറർ അലി തച്ചംപൊയിൽ നന്ദിയും പറഞ്ഞു. എസ് ടി യു ജില്ലാ കമ്മിറ്റി അംഗം കാസിം കാരാടി മുഖ്യപ്രഭാഷണം നടത്തി.
സലീം വാളൂർ പൊയിൽ, കെ കെ ഹംസ കുട്ടി, കമ്മു ചുങ്കം, സി ടി സുലൈമാൻ, സലീം വാടിക്കൽ ഹാരിസ് കാരാടി തുടങ്ങിയവർ സംസാരിച്ചു.