ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 | ജനുവരി 12| 1197 ധനു 28 ആഖിർ 09| ബുധൻ | ഭരണി|
🔳ഇടുക്കി എന്‍ജിനിയറിംഗ് കോളജില്‍ കുത്തേറ്റുമരിച്ച എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന് അന്ത്യാഞ്ജലി. ഇടുക്കിയില്‍നിന്ന് ഉച്ചയോടെ തിരിച്ച വിലാപയാത്ര അര്‍ധരാത്രി കഴിഞ്ഞ് ഒരു മണിയോടെയാണ് കണ്ണൂരിലെ തളിപ്പറമ്പിലെ ജന്മനാട്ടിലെത്തിയത്. പാലക്കുളങ്ങരയിലെ വീടിനു സമീപം സിപിഎം വാങ്ങിയ എട്ടു സെന്റ് സ്ഥലത്ത് ഇന്നു പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംസ്‌കാരം. മന്ത്രി എം വി ഗോവിന്ദന്‍, മുന്‍ മന്ത്രി ഇ പി ജയരാജന്‍, എം വി ജയരാജന്‍, കെ വി സുമേഷ്, ടി വി രാജേഷ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
🔳കേരള സര്‍വകലാശാലയുടെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്. രാഷ്ട്രപതിക്കു ഡി ലിറ്റ് നല്‍കണമെന്ന ഗവര്‍ണ്ണറുടെ ശുപാര്‍ശ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ തള്ളിയെന്ന ഗവര്‍ണ്ണറുടെ വെളിപ്പെടുത്തല്‍ യോഗം ചര്‍ച്ച ചെയ്യും. വി.സി നല്‍കിയ കത്ത് തെറ്റുകളുള്ളതും നിലവാരമില്ലാത്തതുമാണെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. സമ്മര്‍ദംമൂലമാണു കത്തെഴുതിയതെന്ന് വി.സി പ്രതികരിക്കുകയും ചെയ്തിരുന്നു.
🔳കേരള വിസിയുടെ രാജി തീരുമാനിക്കേണ്ടത് താന്‍ അല്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഡി ലിറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ മനസിലാക്കി തുടങ്ങിയതില്‍ സന്തോഷം. താന്‍ ചാന്‍സലറായി തുടര്‍ന്നാല്‍ രാഷ്ട്രീയ ഇടപെടലുകളും അച്ചടക്ക രാഹിത്യവും പൊറുപ്പിക്കില്ല. അദ്ദേഹം പറഞ്ഞു.
🔳രാഷ്ട്രപതിക്കു ഡി- ലിറ്റ് നിഷേധിച്ചുകൊണ്ട് ഗവര്‍ണര്‍ക്കു നല്‍കിയ കത്ത് സമ്മര്‍ദ്ദം കൊണ്ട് എഴുതിയതാണെന്ന് കേരള സര്‍വ്വകലാശാല വിസി. മനസ് പതറുമ്പോള്‍ കൈവിറച്ചിട്ടുണ്ടാകാം. അതൊരു കുറവായി കാണുന്നില്ലെന്നു വി.പി മഹാദേവന്‍ പിള്ള.
🔳കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. യാത്രകളും ആല്‍ക്കൂട്ട സാഹചര്യങ്ങളും ഒഴിവാക്കണം. സംസ്ഥാനത്തെ കോവിഡ് മരണം അമ്പതിനായിരം കവിഞ്ഞു. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും ബാധകമാണെന്നു മന്ത്രി പറഞ്ഞു.
🔳കോടികളുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ പൊലീസിന്റെ പിടിയില്‍. മലപ്പുറം നിലമ്പൂര്‍ സ്വദേശി അബ്ദുളളക്കുട്ടിയെയാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് വയനാട്ടില്‍നിന്നു പിടികൂടിയത്. കൊഡിഷ് നിധി ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനത്തിലൂടെയായിരുന്നു തട്ടിപ്പ്. 12 ശതമാനംവരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു സ്ഥിര നിക്ഷേപങ്ങള്‍ വാങ്ങിക്കൂട്ടിയത്. കോഴിക്കോട് ജില്ലയില്‍ നൂറോളം കേസുകളുണ്ട്.
🔳ഇടുക്കിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്നലേയും സംഘര്‍ഷം. സംഘര്‍ഷംമൂലം മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു. മലപ്പുറം ചെറുകോട് കോണ്‍ഗ്രസ് - സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തിരുവനന്തപുരത്തെ കെ സുധാകരന്റെ വീട്ടിലേക്ക് സിപിഎം പ്രതിഷേധ പ്രകടനം നടത്തി. കൊല്ലം പള്ളിമുക്കിലും കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷം. പത്തനംതിട്ട തിരുവല്ലയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ഓഫീസിന്റെ ജനല്‍ചില്ലുകളും തകര്‍ത്തു. ആലപ്പുഴ ചാരുംമൂട്ടില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. വടകര എംയുഎം സ്‌കൂളിലേക്കു മാര്‍ച്ച് നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ലാത്തി വീശി.
🔳ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ സിപിഎം ആരോപണം തരംതാഴ്ന്നതെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തെ കെ സുധാകരനുള്‍പ്പെടെ എല്ലാപേരും അപലപിച്ചതാണ്. കൊലപാതക രാഷ്ടീയത്തെ കോണ്‍ഗ്രസ് ഒരിക്കലും പ്രോത്സഹിപ്പിച്ചിട്ടില്ല. ചെന്നിത്തല പറഞ്ഞു.
🔳ധീരജ് കൊലക്കേസില്‍ സിപിഎം നല്‍കുന്ന ലിസ്റ്റനുസരിച്ച് നിരപരാധികളെ അറസ്റ്റു ചെയ്താല്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യാദൃശ്ചികമായി ഉണ്ടായ കൊലപാതകത്തിന്റെ പേരില്‍ കോണ്‍ഗ്രിന്റേയും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റേയും മേല്‍ മെക്കിട്ടുകേറേണ്ടെന്നും സതീശന്‍.
🔳പോലീസുദ്യോഗസ്ഥരെ വകവരുത്താന്‍ പ്രതി ദിലീപ് ഗൂഡാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി കോടതി ഇന്ന് രേഖപ്പെടുത്തും. എറണാകുളം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴിയെടുക്കുന്നത്. പോലീസാണു കേസിലെ പരാതിക്കാര്‍. ഇന്നലെ പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപ് അടക്കമുളള പ്രതികള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം.
🔳അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ തെളിവുകള്‍ കൈമാറിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. 20 ഓഡിയോ റെക്കോഡുകള്‍ കൈമാറി. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളുമുണ്ട്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യം പകര്‍ത്തിയ പെന്‍ഡ്രൈവ് കൊണ്ടുകൊടുത്ത സാഗര്‍ പണം വാങ്ങിയാണ് കൂറുമാറിയത്. ഇതിന്റെ തെളിവുകളും കൈമാറി. കൂടുതല്‍ പേര്‍ ദിലീപിനെതിരെ രംഗത്ത് വരുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.