കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു അന്തേവാസിയെ കൂടി ചാടിപ്പോയി
കോഴിക്കോട്:
കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു അന്തേവാസി കൂടി ചാടിപ്പോയി. അഞ്ചാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന 17 വയസുകാരിയാണ് ഓട് പൊളിച്ചു രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് രക്ഷപ്പെട്ട വിവരം പോലീസിനെ അറിയിച്ചത്. മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം തുടങ്ങി.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഇന്നലെ ഒരു യുവാവ് ചാടിപ്പോയിരുന്നു. വൈകീട്ട് ബാത്ത് റൂമിന്റെ വെന്റിലേറ്റർ പൊളിച്ചാണ് 21 കാരൻ ചാടിപ്പോയത്. മെഡിക്കൽ കോളജ് പൊലീസിന്റെ അന്വേഷണത്തിൽ ചാടിപ്പോയ യുവാവിനെ രാത്രി ഷൊർണൂരിൽ നിന്നും കണ്ടെത്തി. മാനസികാരോഗ്യ കേന്ദ്രത്തിൽ തിരിച്ചെത്തിച്ചു. കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും ഒരു സ്ത്രീയും പുരുഷനും ഇവിടെ നിന്ന് ചാടി പോയിരുന്നു. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന പഴയ കെട്ടിടത്തിൻ്റെ ചുവര് വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്ന നിലയിൽ ആയിരുന്നെന്ന് സൂപ്രണ്ട് പറയുന്നു. രാവിലെ അഞ്ചരയ്ക്കാണ് സ്ത്രീ അന്ന് ചാടിപ്പോയത്. അതേ ദിവസം രാവിലെ ഏഴ് മണിയോടെ കുളിക്കാൻ കൊണ്ടു പോകുന്നതിനിടെയാണ് പുരുഷൻ ഓടിപ്പോയത്. രക്ഷപ്പെട്ട സ്ത്രിയെ വൈകിട്ടോടെ മലപ്പുറത്ത് നിന്ന് സ്ത്രീയെ കണ്ടെത്തിയിരുന്നു. ഇവരെ മലപ്പുറം വനിതാ സെല്ലിലേക്ക് മാറ്റിയിരിക്കുകയാണ്.