ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 | ഫെബ്രുവരി 21 തിങ്കൾ| 1197 കുംഭം 9 ചിത്തിര| റജബ് 20|
🔳മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ക്കുള്ള പെന്ഷന് നിര്‍ത്തില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഗവര്‍ണറുമായി ഒരു പ്രശ്നവുമില്ല. നിയമസഭാ സമ്മേളനത്തിനു തലേന്ന് മുഖ്യമന്ത്രി ഗവര്‍ണറെ കാണാന്‍ പോയതു സ്വാഭാവിക നടപടിയാണ്. പൊതുഭരണ സെക്രട്ടറിയെ മാറ്റാന്‍ ഗവര്‍ണര്‍ പറഞ്ഞിട്ടില്ല. ഗവര്‍ണര്‍ സ്വീകരിച്ച നടപടി അദ്ദേഹം തന്നെ പിന്നീട് തിരുത്തിയെന്നും കോടിയേരി പറഞ്ഞു.
🔳സംസ്ഥാന സര്‍ക്കാരിനെ ശത്രുസ്ഥാനത്തല്ല കാണുന്നതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍ക്കാര്‍ എന്റേതാണ്. അവര്‍ക്ക് എന്റെ എല്ലാ പിന്തുണയും പരിഗണനയുമുണ്ട്. എന്നാല്‍ ഒരു കാര്യം ശരിയല്ലെന്ന് കുടുംബാംഗങ്ങളോട് കുടുംബനാഥന് പറയുന്നതില്‍ എന്താണ് തെറ്റ്? ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചു.
🔳സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്നു മുതല്‍ പൂര്‍ണതോതില്‍. 47 ലക്ഷം വിദ്യാര്‍ഥികള്‍ സ്കൂളുകളിലെത്തും. ക്ലാസുകള്‍ ഇന്നു മുതല്‍ വൈകുന്നേരം വരെ. നിശ്ചിത സമയത്തു പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കി പരീക്ഷ നടത്താനാണു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സ്കൂളിലേക്കുള്ള യാത്രയിലും സ്കൂളിലും സുരക്ഷാ ജാഗ്രത വേണമെന്ന ഉപദേശത്തോടെയാണ് ക്ലാസുകള്‍ പൂര്‍ണതോതിലാക്കുന്നത്.
🔳കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുന്നോല്‍ സ്വദേശിയായ മല്‍സ്യത്തൊഴിലാളി ഹരിദാസാണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല നടത്തിയതെന്ന് സിപിഎം ആരോപിച്ചു. ന്യൂ മാഹിക്കു സമീപം ഇന്നു പുലര്‍ച്ചെ രണ്ടിനു രണ്ടു ബൈക്കുകളില്‍ എത്തിയവരാണ് കൊലനടത്തിയത്.
🔳റഷ്യ ഏതു നിമിഷവും യുക്രെയിന് ആക്രമിച്ചേക്കുമെന്ന് ആവര്‍ത്തിച്ച് അമേരിക്ക. അമേരിക്കന്‍ ദേശീയ സുരക്ഷാ സംഘം സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം വിവരങ്ങള്‍ പ്രസിഡന്റ് ജോ ബൈഡനെ ധരിപ്പിച്ചെന്നു വൈറ്റ് ഹൗസ് വെളിപ്പെടുത്തി. അതിര്‍ത്തിയില്‍ തങ്ങള്‍ നടത്തുന്നതു സൈനികാഭ്യാസം മാത്രമാണെന്നാണു റഷ്യയുടെ പ്രതികരണം.
🔳റഷ്യ ആക്രമിക്കാനുള്ള സാധ്യതകള്‍ തുടരുന്നതിനാല്‍ യുക്രെയിനിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ തിരിച്ചുവരണമെന്ന് വിദേശകാര്യമന്ത്രാലയം. താമസം അനിവാര്യമല്ലാത്ത എല്ലാവരും യുക്രൈന് വിടണമെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചത്. പ്രത്യേക വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.
🔳ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ശ്രമങ്ങള്‍ക്കു പിന്തുണയുണ്ടാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. ഉദ്ധവ് താക്കറെയുമായും എന്‍സിപി നേതാവ് ശരത് പവാറുമായും കെസിആര്‍ കൂടിക്കാഴ്ച നടത്തി. കൂടുതല്‍ പാര്‍ട്ടികളുടെ നേതാക്കളുമായി ചര്‍ച്ച തുടരുമെന്ന് ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി.
🔳കോട്ടയം ജില്ലാ ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ട പോക്സോ കേസിലെ പ്രതി ബാംഗ്ലൂരില്‍ പിടിയില്‍. മുണ്ടക്കയം സ്വദേശി ബിജീഷ് ആണ് പിടിയിലായത്. കഴിഞ്ഞ നവംബര്‍ 24 ന് മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ബിജീഷ് രക്ഷപ്പെട്ടത്.
🔳സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ നാളെ പണിമുടക്കും. ടെക്നിക്കല്‍ തസ്തികകളിലേക്കുള്ള പ്രമോഷനുള്ള സാധ്യത ഇല്ലാതാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണു പണിമുടക്ക്.
🔳പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ യുവജന കമ്മീഷന് തെളിവെടുപ്പ് നടത്തി. അപകടത്തില്‍ മരിച്ച ആദര്‍ശിന്റെ വീട്ടിലെത്തി കുടുംബാഗംങ്ങളുടെ മൊഴിയെടുത്തു. ഡ്രൈവര്‍ക്കു വീഴ്ച സംഭവിച്ചെന്നാണു ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ പ്രാഥമികമായി മനസിലാക്കിയതെന്ന് കമ്മീഷന് അംഗം അഡ്വ. ടി മഹേഷ് പറഞ്ഞു.
🔳തൃശൂരില്‍ യുവതിയെ ഹോട്ടല്‍ മുറിയില്‍ കെട്ടിയിട്ട് ബലാല്സംഗംചെയ്തെന്ന കേസില്‍ പ്രതി അറസ്റ്റില്‍. പുതുക്കാട് സ്വദേശി എ ലെനിനാണ് അറസ്റ്റിലായത്. പട്ടയമില്ലാത്ത ഭൂമിയ്ക്കു വായ്പ തരപ്പെടുത്താമെന്നു വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണു കണ്ണൂര്‍ സ്വദേശിനിയായ 38 കാരിയുടെ പരാതി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
🔳കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച ദീപുവിന്റെ കുടുംബത്തെ ട്വന്റി ട്വന്റി പ്രസ്ഥാനം ഏറ്റെടുക്കുന്നതായി പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ദീപുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
🔳കൊച്ചി വിമാനത്താവളത്തില്‍ ഒരു കോടിയോളം രൂപ വിലവരുന്ന 1.9 കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ സിദ്ധാര്‍ഥ് മധുസൂദനന്, നിതിന്‍ ഉണ്ണികൃഷ്ണന് എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്. ഇരുവരേയും കസ്റ്റംസ് അറസ്റ്റ് ചെയ്തു.
🔳യാത്രക്കാരെ ആക്രമിച്ച് ചാലക്കുടിയില്‍നിന്നു തട്ടികൊണ്ടുപോയ കാര്‍ മാളയില്‍ കണ്ടെത്തി. മാള കോള്ക്കുന്നില് ആളൊഴിഞ്ഞ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാര്‍. മൂവാറ്റുപുഴയിലെ വസ്ത്ര വ്യാപാരികള്‍ സഞ്ചരിച്ച എര്‍ട്ടിഗ കാറാണു ഒരു സംഘം തട്ടിയെടുത്തത്. മറ്റൊരു കാറിലെത്തിയ അക്രമി സംഘം കാര്‍ തടഞ്ഞ് ചുറ്റിക കൊണ്ട് ഡ്രൈവര്‍ ഇരിക്കുന്ന ഭാഗത്തെ ചില്ല് അടിച്ചു തകര്‍ത്തു. യാത്രക്കാരെ മര്‍ദ്ദിച്ചശേഷമാണ് കാര്‍ തട്ടിയെടുത്തത്. കുഴല്‍പ്പണം കവര്‍ച്ച ചെയ്യുന്ന സംഘമാണ് കാര്‍ തട്ടിയെടുത്തതെന്നു പൊലീസ് സംശയിക്കുന്നു.
🔳മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരിയില്‍ പി.വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ അനധികൃത റോപ് വേ പൂര്‍ണമായും പൊളിച്ചുനീക്കി. ഓംബുഡ്സ്മാന്റെ ഉത്തരവനുസരിച്ച് എട്ടു ദിവസമെടുത്താണ് റോപ് വേ പൊളിച്ചത്. ഒന്നര ലക്ഷം രൂപയാണ് പഞ്ചായത്ത് ഇതിനായി ചെലവഴിച്ചത്.
🔳മലയാളി വ്യവസായി ഷാര്‍ജയില്‍ അന്തരിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിനടുത്ത് കീഴാറ്റിങ്ങല്‍ സ്വദേശി എസ് സുദര്ശനന് (56) ആണ് മരിച്ചത്. 31 വര്‍ഷമായി യുഎഇയില്‍ ബിസിനസ് ചെയ്യുകയായിരുന്നു.
🔳മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റിലെ കുറുമല ഡിവിഷനില്‍ രണ്ടു കാട്ടാനകള്‍ ഏറ്റുമുട്ടി. രാത്രി ഒരു മണിയോടെ എത്തിയ കൊമ്പന്മാര് പോരടിച്ച ശേഷം പുലര്‍ച്ചെയാണ് മടങ്ങിയത്. കലികയറിയ കാട്ടാനകള്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയും പാലത്തിന്റെ കൈവരികളും തേയിലച്ചെടികളും തകര്‍ത്തു
🔳കൊടുങ്ങല്ലൂരില്‍ വീട്ടിനകത്തു വിഷവാതകമുണ്ടാക്കി ജീവനൊടുക്കിയ നാലംഗ കുടുംബത്തിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെന്ന് ആത്മഹത്യാ കുറിപ്പ്. അമേരിക്കയിലെ ഐടി കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ ആസിഫും കുടുംബവുമാണ് മരിച്ചത്. ഏറെ നാളായി വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലാണു ജോലി ചെയ്തിരുന്നത്. ഒരു കോടിയോളം രൂപ മുടക്കി വീടു നിര്‍മിച്ച ആസിഫിന് ഈയിടെ ബാങ്കില്‍നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.
🔳കേരളത്തില്‍ ഇന്നലെ 49,183 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 9 മരണങ്ങള് സ്ഥിരീകരിച്ചു. ഇതുകൂടാതെ ഇന്നലെ രേഖപ്പെടുത്തിയ 83 മുന്‍ മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 64,145 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,334 പേര് രോഗമുക്തി നേടി. ഇതോടെ 66,018 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 841, എറണാകുളം 767, കൊല്ലം 537, കോട്ടയം 456, കോഴിക്കോട് 428, തൃശൂര്‍ 386, ആലപ്പുഴ 321, ഇടുക്കി 305, വയനാട് 296, മലപ്പുറം 279, പത്തനംതിട്ട 263, പാലക്കാട് 230, കണ്ണൂര്‍ 226, കാസര്‍ഗോഡ് 92.
🔳രാജ്യത്ത് ഇന്നലെ 11,000 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 1,437 കര്‍ണാടക- 1,001, തമിഴ്നാട്- 949.
🔳ആഗോളതലത്തില്‍ ഇന്നലെ പന്ത്രണ്ട് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ 12,940. ബ്രസീല്‍ - 40,625, റഷ്യ- 1,70,699, ജര്‍മനി - 1,04,131. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 42.47 കോടി പേര്‍ക്ക്. നിലവില്‍ 6.87 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 5028 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 220, ഇന്ത്യ - 206, ബ്രസീല്‍ - 348, റഷ്യ- 745. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 59.05 ലക്ഷമായി.