About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 | ഫെബ്രുവരി 03| 1197 മകരം 20| റജബ് 02| വ്യാഴം | ചതയം



🔳കേരള സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്കു തത്കാലം അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്‍.കെ.പ്രേമചന്ദ്രന്‍, കെ.മുരളീധരന്‍ എന്നിവര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് അനുമതി ഇല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്.

🔳സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിള്‍  ബഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ഹര്‍ജിക്കാരുടെ ഭൂമിയിലെ സര്‍വേ നടപടികള്‍ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഡിപിആര്‍ തയാറാക്കിയതിനെക്കുറിച്ചു വിശദീകരിക്കണമെന്ന സിംഗിള്‍ ബഞ്ചിന്റെ നിര്‍ദ്ദേശം ഒഴിവാക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിപിആറിനെക്കുറിച്ച് ആക്ഷേപമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

🔳മണ്ണെണ്ണയ്ക്കു ലിറ്ററിന് ആറു രൂപ വില വര്‍ധിപ്പിച്ചു. ഇപ്പോള്‍ 59 രൂപയാണ് മണ്ണെണ്ണയുടെ വില. എന്നാല്‍ കേരളത്തില്‍ വില വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി ജി.ആര്‍. അനില്‍ വ്യക്തമാക്കി.

🔳കോണ്‍ഗ്രസ് അവസാനിപ്പിച്ച രാജവാഴ്ച ഇന്ത്യയില്‍ തിരിച്ചെത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജ്യം ഭരിക്കുന്നത് ചക്രവര്‍ത്തിയാണ്. പെഗാസസ് ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളെ ആക്രമിച്ചെന്നും രാഹുല്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കവേ പറഞ്ഞു. ഇന്ത്യയെ രണ്ടാക്കി. ഒന്ന് ധനികര്‍ക്കുള്ളത്, രണ്ടാമത്തേത് തൊഴിലില്ലാത്ത പാവപ്പെട്ടവരുടേത്. രാജ്യത്തെ എല്ലാ തുറമുഖങ്ങളും വിമാനത്താവളങ്ങളും ഒരു വ്യക്തിക്കു കൈമാറുന്നു. രാഹുല്‍ വിമര്‍ശിച്ചു.

🔳മുസ്ലീംലീഗ് മുന്‍കൈയെടുത്തു രൂപീകരിച്ച മുസ്ലീം കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍നിന്ന് സമസ്ത പിന്‍വാങ്ങി. വഖഫ് വിഷയത്തില്‍ പളളികളില്‍ പ്രതിഷേധിക്കാന്‍ സമസ്ത അറിയാതെ കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചതാണ് പ്രകോപനമായത്. സ്ഥിരം കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യമില്ലെന്നും പാണക്കാട് തങ്ങള്‍ വിളിക്കുന്ന യോഗങ്ങളില്‍ സഹകരിക്കുമെന്നും സമസ്ത മുശാവറ തീരുമാനിച്ചു.

🔳ആശുപത്രികളില്‍ എത്താത്ത രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ശരീരത്തില്‍തന്നെ രക്തം ശുദ്ധീകരിപ്പിക്കുന്നതാണ് പെരിറ്റോണിയല്‍ ഡയാലിസിസ്. ആശുപത്രികളില്‍ മാത്രം ചെയ്യാവുന്നതും ചെലവേറിയതും ശാരീരികമായ ബുദ്ധിമുട്ടുകളുള്ളതുമായ ഹീമോ ഡയാലിസിസ് പടിപടിയായി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി വര്‍ധിപ്പിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഈ സൗകര്യമുള്ളത്. ശേഷിച്ച മൂന്നു ജില്ലകളില്‍ കൂടി ഉടന്‍ തന്നെ പെരിറ്റോണിയല്‍ ഡയാലിസിസ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

🔳അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയക്കാന്‍ നടപടി തുടങ്ങി. ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ പ്രതികളുടെ അഭിഭാഷകര്‍ ആലുവ കോടതിയ്ക്കു കൈമാറി. ഇതിനിടെ, ദിലീപിന്റെ ശബ്ദ പരിശോധന നടത്താനും അന്വേഷണ സംഘം നടപടി തുടങ്ങി.

🔳ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ ആരോപണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അന്വേഷിച്ചതാണെന് മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍. ബിജെപിയാണ് അന്ന് ആരോപണങ്ങള്‍ ഉന്നയിച്ചത്. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടതോടെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി നിയമിച്ചതെന്നും പി.ജെ കുര്യന്‍ പറഞ്ഞു. മനുഷ്യാവകാശ കമ്മിഷനെ തീരുമാനിക്കാനുള്ള പാര്‍ലമെന്ററി സമിതിയിലെ അംഗമായിരുന്നു പി.ജെ. കുര്യന്‍.

🔳മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീര്‍ത്തിപരമായ വീഡിയോ പ്രചരിപ്പിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പൊതുഭരണവകുപ്പ് ഓഫീസിലെ അറ്റന്‍ഡര്‍ എ. മണിക്കുട്ടനെയാണ് സസ്പെന്‍ഡു ചെയ്തത്.

🔳ഈ മാസം നടത്താതെ മാറ്റിവച്ച പിഎസ്സി പരീക്ഷകള്‍ മാര്‍ച്ച് മാസം നടത്തും. പുതുക്കിയ പരീക്ഷാ കലണ്ടര്‍ പിഎസ്സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 29ന് നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ മാര്‍ച്ച് 27 ലേക്കും മാര്‍ച്ച് 30 ന് നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ മാര്‍ച്ച് 31 ലേക്കും മാറ്റി.

🔳യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും  ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി മുഖ്യമന്ത്രി  പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദുബായി എക്സ്പോ വേദിയിലെ യുഎഇ പവലിയനിലായിരുന്നു കൂടിക്കാഴ്ച. മലയാളി സമൂഹത്തോടുള്ള സ്നേഹത്തിനും കരുതലിനും മുഖ്യമന്ത്രി ദുബായ് ഭരണാധികാരിയോട് നന്ദി പ്രകടിപ്പിച്ചു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനനുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി.

🔳മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നല്‍കിയ ഫോട്ടോയും മലയാളത്തിലുള്ള കുറിപ്പുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍.  മലയാളത്തില്‍ അദ്ദേഹം പങ്കുവച്ച ഫോട്ടോ അടിക്കുറിപ്പ് ഇങ്ങനെയാണ്: 'കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്‌സ്‌പോ 2020-ലെ 'കേരള വീക്കി'ല്‍ സ്വീകരണം നല്‍കിയപ്പോള്‍. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയില്‍ കേരളീയര്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.'

🔳അബുദാബിയില്‍ കേരളത്തില്‍നിന്നുള്ള ഉല്പന്നങ്ങളുടെ പ്രദര്‍ശന വാരാഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അബുദാബി മുഷ്റിഫ് മാളില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ്, ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി തുടങ്ങിയവര്‍ പങ്കെടുത്തു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ പ്രദര്‍ശന സ്റ്റാളുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

🔳കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട. വിവിധ വിമാനങ്ങളിലായി എത്തിയ 22 യാത്രക്കാരില്‍ നിന്നായി ഇരുപത് കിലോ സ്വര്‍ണം പിടികൂടി. വിദേശത്തുനിന്ന് ഏഴു വിമാനങ്ങളില്‍ എത്തിയവരാണ് പിടിയിലായവര്‍. കണ്ണൂര്‍ ,കാസര്‍ക്കോട് , കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ് പിടിയിലായത്. ഇവരെല്ലാം ഒരു സംഘത്തിലെ കണ്ണികളാണെന്നാണു സൂചന. സ്വര്‍ണം മിശ്രിത രൂപത്തിലാണ്  എല്ലാവരും കൊണ്ടുവന്നത്. ഓരോരുത്തരുടേയും കൈയിലെ സ്വര്‍ണം ഒരു കിലോയില്‍ താഴെയായതിനാല്‍ എല്ലാവര്‍ക്കും ജാമ്യം നല്‍കി.

🔳ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ട് നടപ്പാക്കല്‍ സര്‍ക്കാരിന്റെ  വിവേചനാധികാരമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് പറഞ്ഞു. സിനിമയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 'ദിശ' സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഈ നിലപാടെടുത്തത്.

🔳കൈക്കൂലി പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ മറ്റൊരു ജീവനക്കാരനുകൂടി സസ്പെന്‍ഷന്‍. അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ ഡോ. സുജിത് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സര്‍ട്ടിഫിക്കറ്റിലെ പിഴവ് തിരുത്താന്‍ 500 രൂപ വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടെന്ന പരാതിയിലാണു നടപടി. കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പരീക്ഷ ഭവന്‍ അസിസ്റ്റന്റ് എം.കെ മന്‍സൂറിനെ  സസ്പെന്‍ഡ് ചെയ്തിരുന്നു.

🔳എംജി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ അസിസ്റ്റന്റ് സി ജെ എല്‍സിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം വിജിലന്‍സ് കോടതി തളളി. പ്രഥമദൃഷ്ട്യാ പ്രതി ഗൗരവമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

🔳രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മീഡിയ വണ്‍ ചാനലിന് സംപ്രേഷണ അനുമതി നിഷേധിച്ചതെന്നു കേന്ദ്രസര്‍ക്കാര്‍. കാരണങ്ങള്‍ വിശദീകരിച്ച കത്ത് മുദ്രവച്ച കവറില്‍ ഹൈക്കോടതിക്ക് കൈമാറി. അനുമതി നിഷേധിച്ചതിന്റെ കാരണങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്നും കത്തില്‍ പറയുന്നു.

🔳ലോകത്തിലെ ഏറ്റവും വലിയ കായികപുരസ്‌കാരമായ ലോറസ് അവാര്‍ഡിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. ഇന്ത്യയ്ക്ക് വേണ്ടി അത്‌ലറ്റിക്‌സില്‍ ആദ്യമായി സ്വര്‍ണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്ര വേള്‍ഡ് ബ്രേക്ക് ത്രൂ ഓഫ് ദ ഇയര്‍ 2022 എന്ന പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിലാണ് ഇടം നേടിയത്

🔳കേരളത്തില്‍ ഇന്നലെ 1,24,611 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 52,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചത് 29 മരണങ്ങള്‍. ഇന്നലെ രേഖപ്പെടുത്തിയ 471 മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 56,100 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 41,715 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,77,823 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598, പത്തനംതിട്ട 2475, കണ്ണൂര്‍ 2295, ഇടുക്കി 1757, വയനാട് 1602, കാസര്‍ഗോഡ് 875 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

🔳രാജ്യത്ത് ഇന്നലെ 1,68,153 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 18,067, കര്‍ണാടക- 20,505, തമിഴ്‌നാട്- 14,013, ഡല്‍ഹി- 3,028.

🔳ആഗോളതലത്തില്‍ ഇന്നലെ മുപ്പത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ മൂന്ന് ലക്ഷത്തിനടുത്ത്. ബ്രസീല്‍ - 1,67,979, ഫ്രാന്‍സ്- 3,15,363, ഇംഗ്ലണ്ട് - 88,085, റഷ്യ- 1,41,883, തുര്‍ക്കി - 1,10,682, ഇറ്റലി- 1,18,994, ജര്‍മനി-2,23,322. ഇതോടെ ആഗോളതലത്തില്‍ 38.48 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 7.43 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,381 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1,921, ബ്രസീല്‍ - 868, ഇംഗ്ലണ്ട് - 534, റഷ്യ- 678, ഇറ്റലി - 395, മെക്സികോ 829. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 57.16 ലക്ഷമായി.

🔳ജീത്തു ജോസഫും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. 'കൂമന്‍' എന്നാണ് ചിത്രത്തിന്റെ പേര്. രാത്രി സഞ്ചാരിയെന്നാണ് ടാഗ്ലൈന്‍ . പേര് പോലെ തന്നെ ഏറെ ദുരൂഹത ഉണര്‍ത്തുന്ന പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. കെ.ആര്‍. കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. രണ്‍ജി പണിക്കര്‍, ബാബുരാജ് ഉള്‍പ്പടെയുള്ള വലയ ഒരു താരനിര തന്നെ സിനിമയുടെ ഭാഗമാകും.