About

News Now

സായാഹ്ന വാർത്താമുദ്ര



2023 | ജൂലൈ  08 | ശനി 
 1198 |  മിഥുനം 23 | പൂരുരുട്ടാതി 

◾തങ്ങളുടെ കൈവശമുള്ള എല്ലാ രാസായുധങ്ങളും  നശിപ്പിച്ചെന്ന് അമേരിക്ക.  ഒന്നാം ലോക മഹായുദ്ധം മുതല്‍ ശേഖരിച്ച 30,000 ടണ്‍ ആയുധ ശേഖരം ഇല്ലാക്കിയെന്നാണ് അമേരിക്ക അറിയിച്ചത്. 
◾ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ പ്രദീപ് കുരുല്‍ക്കര്‍ ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ പാക് ചാരവനിതയ്ക്കു ചോര്‍ത്തിയെന്ന് കുറ്റപത്രം. സാറാ ദാസ് ഗുപ്ത എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ നടത്തിയ ചാറ്റിംഗിലൂടെയാണ് ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ വിശദീകരിച്ചത്. പൂനെയിലെ ഡിആര്‍ഡിഒ ലാബിന്റെ ഡയറക്ടറായിരുന്ന പ്രദീപിനെ മേയ് മൂന്നിനാണ് അറസ്റ്റു ചെയ്തത്.
◾ഗുജറാത്ത് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആശിഷ് ജെ. ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസാകും. നിയമനത്തിന് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഉടനേ ഉത്തരവിറക്കും.
◾കാലഹരണപ്പെട്ടതും അനാവശ്യമെന്നു നിയമപരിഷ്‌കരണ കമ്മിഷന്‍ കണ്ടെത്തിയ 116 നിയമങ്ങള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കാന്‍ നീക്കം. ഇതിനുള്ള കരട് ബില്ലില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും നിയമവകുപ്പ് അഭിപ്രായം തേടി.  ഏതെങ്കിലും നിയമം ഒഴിവാക്കുന്നതില്‍ വകുപ്പുകള്‍ എതിര്‍പ്പറിയിച്ചാല്‍ പുനഃപരിശോധിക്കും. 
◾സാമൂഹികസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം മൂന്നു വര്‍ഷത്തിനിടെ 11 ലക്ഷം പേരെ വെട്ടിക്കുറച്ചു. ബയോമെട്രിക് മസ്റ്ററിങ്, വരുമാനപരിധി നിബന്ധന എന്നിവയിലൂടെയാണ് ഇത്രയും പേരെ ഒഴിവാക്കിയത്.
◾ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരേ തുടര്‍സമര പരിപാടികള്‍ ആലോചിക്കാന്‍ സമസ്തയുടെ സ്പെഷല്‍ കണ്‍വന്‍ഷന്‍ ഇന്ന് കോഴിക്കോട് ചേരും. ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് ഒരു മതത്തിനും അംഗീകരിക്കാന്‍ ആകില്ലെന്നാണ് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
◾ഏക സിവില്‍ കോഡ് പ്രമേയമാക്കി സിപിഎം ഈ മാസം 15 നു കോഴിക്കോട് സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ സംഘാടക സമിതിയില്‍ സമസ്ത അംഗവും. സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയെയാണ് വൈസ് ചെയര്‍മാന്‍മാരുടെ പട്ടികയില്‍ സിപിഎം ഉള്‍പ്പെടുത്തിയത്. കെ.പി.രാമനുണ്ണിയാണ് സംഘാടക സമിതി ചെയര്‍മാന്‍.
◾ഏക സിവില്‍ കോഡ് സംവാദത്തിലേക്കു പ്രശ്നാധിഷ്ഠിതമായാണു മുസ്ലിം ലീഗിനെ ക്ഷണിച്ചതെന്നും അതൊരു രാഷ്ട്രീയ ക്ഷണമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കോണ്‍ഗ്രസ് നിലപാടില്‍ വ്യക്തതയില്ല. ലീഗിന്റെ നിലപാടിനെ സ്വാഗതം ചെയ്യും. ലീഗുമായി തൊട്ടു കൂട്ടായ്മയില്ല. സുന്നി ഐക്യത്തില്‍ ഇടതു പക്ഷത്തിന് ആശങ്കയില്ലെന്നും  ഗോവിന്ദന്‍ പറഞ്ഞു.
◾സിപിഎം സംഘടിപ്പിക്കുന്ന   ഏക സിവില്‍കോഡ് സെമിനാറില്‍ പങ്കെടുക്കണോയെന്നു തീരുമാനിക്കേണ്ടത് മുസ്ലിം ലീഗാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അവര്‍ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. അതില്‍ കോണ്‍ഗ്രസിന് തൃപ്തിയാണ്. വേണുഗോപാല്‍ പറഞ്ഞു.
◾പ്രമുഖ സിനിമാ നിര്‍മ്മാതാവും ജനറല്‍ പിക്‌ചേഴ്‌സ് ഉടമയും കശുവണ്ടി വ്യവസായിയുമായിരുന്ന കെ രവീന്ദ്രനാഥന്‍ നായര്‍ (90) അന്തരിച്ചു.
◾തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു ലോക്സഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തി വിവാദമുണ്ടാക്കിയതില്‍ ദുരൂഹതയുണ്ടെന്ന് ഹൈബി ഈഡന്‍ എംപി. ബില്‍ പിന്‍വലിക്കാന്‍ എഐസിസി തന്നോട് ഔദ്യോഗികകമായി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾വിരമിച്ച വില്ലേജ് ഓഫീസറില്‍നിന്ന് ആയിരം രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിലായി. തിരുവനന്തപുരം മുട്ടത്തറ വില്ലേജ് ഓഫീസിലെ ജീവനക്കാരന്‍ ഉമാനുജനാണ് അറസ്റ്റിലായത്.
◾ഇടുക്കി വണ്ടിപ്പെരിയാറില്‍ യുവതി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത് സുഹൃത്തിന്റെയും ഭാര്യയുടെയും ഭീഷണിയെ തുടര്‍ന്നാണെന്ന ആരോപണവുമായി ഭര്‍ത്താവും ബന്ധുക്കളും. വണ്ടിപ്പെരിയാര്‍ സ്വദേശിയായ ശ്രീദേവിയുടെ മരണത്തില്‍ ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 82.62, പൗണ്ട് - 106.07, യൂറോ - 90.63, സ്വിസ് ഫ്രാങ്ക് - 92.96, ഓസ്ട്രേലിയന്‍ ഡോളര്‍ - 55.17, ബഹറിന്‍ ദിനാര്‍ - 221.10, കുവൈത്ത് ദിനാര്‍ -271.34, ഒമാനി റിയാല്‍ - 214.75, സൗദി റിയാല്‍ - 22.03, യു.എ.ഇ ദിര്‍ഹം - 22.49, ഖത്തര്‍ റിയാല്‍ - 22.69, കനേഡിയന്‍ ഡോളര്‍ - 62.12.