പ്രഭാത വാർത്താമുദ്ര
1198 | മിഥുനം 24 | ഉത്രട്ടാതി
◾പശ്ചിമ ബംഗാളില്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളിലുണ്ടായ അക്രമങ്ങളില്‍ 15 പേര്‍ കൊല്ലപ്പെട്ടു. പോളിംഗ് ബൂത്തുകളില്‍ ബോംബു സ്ഫോടനംവരെ ഉണ്ടായി. അക്രമങ്ങളില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ എട്ടു പേര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. നിരവധി വാഹനങ്ങള്‍ കത്തിച്ചു. കേന്ദ്രസേനയെ നിയോഗിച്ചിരുന്നെങ്കിലും നിഷ്‌ക്രിയരായിരുന്നെന്ന് ആരോപണമുണ്ട്.
◾കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ ഓണത്തിന് ടിക്കറ്റ് നിരക്ക് കൂടും. ഓഗസ്റ്റ്, സെപ്റ്റംബര്‍, ഓക്ടോബര്‍ മാസങ്ങളിലെ ഉത്സവ ദിവസങ്ങളില്‍ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂടുക. എക്സ്പ്രസ് മുതല്‍ മുകളിലേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ബസുകളിലാണ് കൂട്ടിയ നിരക്ക് ബാധകമാവുക. സിംഗിള്‍ ബര്‍ത്ത് ടിക്കറ്റുകളുടെ നിരക്ക് അഞ്ചു ശതമാനം വര്‍ധിപ്പിക്കും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 15 ശതമാനം നിരക്ക് കുറയും.
◾ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകള്‍ ഒഴിവുള്ള ട്രെയിനുകളിലെ ടിക്കറ്റു നിരക്കില്‍ 25 ശതമാനം ഇളവ് നല്‍കുമെന്നു റെയില്‍വേ. എസി ചെയര്‍കാര്‍, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയിലാണ് ഇളവ്. ഒരുമാസത്തിനകം പ്രാബല്യത്തില്‍ വരും. വന്ദേഭാരതിനും ബാധകമായിരിക്കും. യാത്രക്കാരുടെ തിരക്കുള്ള കേരളത്തിലെ ട്രെയിനുകളില്‍ ഇളവു ലഭ്യമാകില്ലെങ്കിലും ഉത്തരേന്ത്യയിലെ ട്രെയിനുകളില്‍ ഇളവുണ്ടാകും.
◾ഏക സിവില്‍കോഡ് വിഷയത്തില്‍ 15 നു കോഴിക്കോട് സിപിഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കുമെന്നു സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രധാനമന്ത്രിക്കു നിവേദനം നല്‍കും. ഈ വിഷയത്തില്‍ നല്ല പ്രവര്‍ത്തനം നടത്തുന്നവര്‍ക്കൊപ്പം നില്‍ക്കും. കോഴിക്കോട് സമസ്തയുടെ പ്രത്യേക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍.
◾ഏകീകൃത സിവില്‍ കോഡിനെ ആധാരമാക്കി 15 നു കോഴിക്കോട് സിപിഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടതുണ്ടോയെന്നു തീരുമാനിക്കാന്‍ മുസ്ലിം ലീഗ് സംസഥാന നേതൃയോഗം ഇന്ന്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ രാവിലെ ഒമ്പതരയ്ക്കാണു യോഗം.
◾ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, നിയമ മന്ത്രി, നിയമ കമ്മീഷന്‍ എന്നിവര്‍ക്കു നല്‍കിയ നിവേദനത്തിലാണ് ഈ ഇങ്ങനെ ചൂണ്ടിക്കാട്ടിയത്. ഇന്ത്യയുടെ ഭരണഘടന ഉറപ്പാക്കുന്ന ബഹുസംസ്‌കാരവും വൈവിധ്യങ്ങളും ഇല്ലായ്മ ചെയ്യുന്ന ഏക സിവില്‍ കോഡ് നടപ്പാക്കരുതെന്ന് കാന്തപുരം ആവശ്യപ്പെട്ടു.
◾മണിപ്പൂരില്‍നിന്നു ക്രിസ്തുമതം തുടച്ചുനീക്കാമെന്നതു ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വ്യാമോഹമാണെന്ന് കെസിബിസി ചെയര്‍മാന്‍ ബസേലിയോസ് മാര്‍ ക്ലിമിസ് ബാവ. കലാപം ആളിക്കത്തിച്ചതു സര്‍ക്കാരാണ്. വിഷയത്തില്‍ പ്രധാനമന്ത്രിയും ഭരണകൂടവും മൗനം പാലിക്കുന്നു. അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ ഉപവാസ വേദിയിയിലാണ് വിമര്‍ശനം.
◾അതിരപ്പള്ളി ആനക്കയത്ത് കാട്ടാന ആക്രമണം. റൈഡേഴ്‌സ് ക്ലബ് അംഗങ്ങളായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശി കുന്നത്തുവീട്ടില്‍ രോഹിത്, എറണാകുളം സ്വദേശിനി ആക്കത്ത് വീട്ടില്‍ സോന എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രോഹിതിന്റെ കാലില്‍ ആന ചവിട്ടിയിട്ടുണ്ട്. റൈഡേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ 10 ബൈക്കുകളിലും ഒരു കാറിലുമായി 21 അംഗ സംഘം പൊള്ളാച്ചി, മലക്കപ്പാറ വഴി തൃശൂരിലേക്ക് സംഘടിപ്പിച്ച യാത്രക്കിടെയാണ് കാട്ടാന ആക്രമണമുണ്ടായത്.
◾കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഹൗസ് സര്‍ജന്മാര്‍ തമ്മില്‍ ഏറ്റുമുട്ടി. വൈകി വന്ന ഹൗസ് സര്‍ജനെ സഹപ്രവര്‍ത്തകനായ ഹൗസ് സര്‍ജന്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണു തര്‍ക്കവും അടിപിടിയും ഉണ്ടായത്. അര മണിക്കൂറോളം നീണ്ട തര്‍ക്കവും അടിപിടിയുംമൂലം ചികില്‍സ വൈകിയെന്നു രോഗികള്‍ പരാതിപ്പെട്ടു.
◾ഏക സിവില്‍ കോഡ് വിഷയത്തില്‍ തെരുവിലേക്കിറങ്ങില്ലെന്ന മുസ്ലിം ലീഗ് നിലപാട് സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ മുസ്ലിം സംഘടനകള്‍ അടക്കമുള്ളവരുമായി സംവദിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
◾പാലക്കാട് പിരായിരി പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പഞ്ചായത്തു പ്രസിഡന്റായെങ്കിലും രാജിവയ്ക്കുമെന്ന് സിപിഎം. ബിജെപിയുടെ സഹായത്തോടെ ഭരിക്കില്ലെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുഹറ ബഷീര്‍ തിങ്കളാഴ്ച രാജിവയ്ക്കുമെന്നും സിപിഎം അറിയിച്ചു. എന്നാല്‍ സിപിഎം -ബിജെപി അവിശുദ്ധ കൂട്ടുക്കെട്ട് പുറത്തു വന്നതായി യുഡിഎഫ് ആരോപിച്ചു.
◾ജനല്‍ച്ചില്ലുകളില്‍ കൂളിംഗ് പേപ്പര്‍ ഒട്ടിച്ചതിന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. സ്വിഫ്റ്റിന്റെ ലക്ഷ്വറി സര്‍വീസായ ഗജരാജ് ബസിനാണ് എം വി ഡി പിഴയിട്ടത്.
◾കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്ന് ഏഴരക്കോടി രൂപ തട്ടിയെന്ന കേസില്‍ ചീഫ് അക്കൗണ്ടന്റിനായി തെരച്ചില്‍. ചിറക്കല്‍ സ്വദേശി സിന്ധുവിനായി പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി.
◾കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ കണ്ടക്ടറെ അറസ്റ്റു ചെയ്തു. തിരുവന്തപുരം- മലപ്പുറം ബസിലെ കണ്ടക്ടര്‍ നെയ്യാറ്റിന്‍കര സ്വദേശി ജസ്റ്റിനെയാണ് ആലുവായില്‍ അറസ്റ്റു ചെയ്തത്. കഴക്കൂട്ടത്തുനിന്ന് കയറിയ യുവതിയെ കണ്ടക്ടറുടെ സീറ്റില്‍ വിളിച്ചിരുത്തിയായിരുന്നു അതിക്രമം.
◾പനി ബാധിച്ച് രണ്ടു മരണം. ഒമ്പതു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂന്നു വയസുകാരന്‍ കാസര്‍കോട്ടും മരിച്ചു. മങ്കട സ്വദേശിയും തലശേരി ജനറല്‍ ആശുപത്രി സൂപ്രണ്ടുമായ ജനീഷയുടെ മകള്‍ അസ്‌കയാണു കോഴിക്കോട് മരിച്ചത്. കാസര്‍കോട് പടന്നക്കാട് താമസിക്കുന്ന തൃശൂര്‍ സ്വദേശി ബലേഷിന്റേയും അശ്വതിയുടേയും മകന്‍ ശ്രീബാലുവാണു മരിച്ചത്.