ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2021 | നവംബർ 17| 1197 വൃശ്ചികം 2 | ആഖിർ 12 | ബുധൻ | അശ്വതി
🔳ശബരിമല യുവതി പ്രവേശന കേസ് ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്. യുവതി പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഭരണഘടന ബെഞ്ച് വേഗത്തില്‍ പരിഗണിക്കണമെന്ന് മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരരുടെ വിധവ ദേവകി അന്തര്‍ജനമാണ് കത്തിലൂടെ ചീഫ് ജസ്റ്റിസ് എന്‍ വി രമണയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി എന്നിവര്‍ വിശ്വാസികളുടെ ആവശ്യം പിന്തുണച്ചിട്ടുണ്ട് എന്ന് ദേവകി അന്തര്‍ജനം കത്തില്‍ ചൂണ്ടികാട്ടി.
🔳കിഫ്ബി വിവാദത്തില്‍ സിഎജിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സാഡിസ്റ്റ് മനോഭാവമുള്ള ചിലര്‍ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുടക്കം കുറിച്ചതൊന്നും ഈ സര്‍ക്കാര്‍ മുടക്കില്ലെന്നും കേരളം ഒരിഞ്ച് പോലും മുന്നോട്ട് പോകാതിരിക്കാനാണ് ചിലരുടെ ശ്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു. കേരളം അല്‍പം പുറകോട്ട് പോയാല്‍ അവര്‍ക്ക് അത്രയും സന്തോഷമാണ്. ഉന്നത വിദ്യാഭ്യാസത്തിനായി കിഫ്ബി സഹായം ഉറപ്പാക്കുമെന്നും പിണറായി പറഞ്ഞു. രാജ്ഭവനില്‍ ചാന്‍സലേഴ്സ് അവാര്‍ഡ് ദാന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
🔳കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭം ശക്തമാക്കുന്നു. ഇന്ധന വില കുറയ്ക്കാത്ത കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ദ്വിമുഖ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. നവംബര്‍ 18 ന് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
🔳കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഇന്നലെ രാത്രി ഒന്‍പതേമുക്കാലിനാണ് ഷട്ടര്‍ അടച്ചത്. 2399.10 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ് ചെറുതോണിയിലെ മൂന്നാമത്തെ ഷട്ടര്‍ തുറന്നത്.
🔳യാത്രാവേളയില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുവാന്‍ ആവിഷ്‌കരിച്ച 'നിര്‍ഭയ' പദ്ധതി ഉടന്‍ നടപ്പിലാക്കുവാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. എല്ലാ പൊതു ഗതാഗത വാഹനങ്ങളിലും ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റവും എമര്‍ജന്‍സി ബട്ടനും സ്ഥാപിച്ച് 24 മണിക്കൂറും നിരീക്ഷണത്തിലാക്കി രാത്രികാലങ്ങളില്‍ ഉള്‍പ്പെടെയുള്ള യാത്രയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ലക്ഷ്യംവെച്ചുള്ള പദ്ധതിയാണിത്.
🔳ഓര്‍ത്തഡോക്സ് - യാക്കോബായ സഭാ തര്‍ക്ക കേസുകള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്ന് യാക്കോബായ സഭ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. യാക്കോബായ സഭയ്ക്കായി ഹാജരാകുന്ന അഡ്വ. മാത്യുസ് നെടുമ്പാറയാണ് ഇന്നലെ കേസ് പരിഗണിക്കവെ ഹൈക്കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചത്. അനുമതിയില്ലാതെ വാദത്തില്‍ ഇടപെട്ടാല്‍ മാത്യൂസ് നെടുമ്പാറയ്ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. കേസില്‍ കക്ഷി ചേരാനുള്ള മാത്യൂസ് നെടുമ്പാറയുടെ അപേക്ഷ അംഗീകരിക്കരുതെന്ന് ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടു. സഭാ തര്‍ക്കക്കേസുകള്‍ വീണ്ടും വാദം കേള്‍ക്കാനായി ഹൈക്കോടതി ഈ മാസം 24 ലേക്ക് മാറ്റി.
🔳കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ നടപ്പാക്കുന്ന അര്‍ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതി ജനവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെയാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും കേരളം വന്‍ കടക്കെണിയിലേക്ക് പോകുന്ന സാഹചര്യമാണുള്ളതെന്നും അതിനാല്‍ സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നും സതീശന്‍ പ്രഖ്യാപിച്ചു.
🔳വിവാദങ്ങള്‍ക്കിടെ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനവുമായി കെ റെയില്‍ മുന്നോട്ട്. പഠനത്തിന്റെ ഭാഗമായി അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നതായി കെ റെയില്‍ അറിയിച്ചു. ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹിക ആഘാതപഠനം നടത്തുന്നത്.
🔳കരുവന്നൂര്‍ കേസ് പ്രതിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സഹപ്രവര്‍ത്തകയുടെ മകന്റെ കല്ല്യാണത്തിനാണ് താന്‍ പങ്കെടുത്തതെന്നും വരന്‍ തന്റെ വിദ്യാര്‍ഥിയാണെന്നും 20 വര്‍ഷമായി ആ കുടുംബത്തെ അറിയാമെന്നും പറഞ്ഞ മന്ത്രി വധുവിന്റെ അമ്മ പ്രതിയായതുകൊണ്ട് വിവാഹത്തില്‍ പങ്കെടുക്കാതിരിക്കാനാവില്ലെന്നും അറിയിച്ചു.
🔳കൊച്ചിയിലെ മോഡലുകളുടെ കാറപകടമരണത്തില്‍ ദുരൂഹതകളില്ലെന്ന് പൊലീസ്. യുവതികള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമെങ്കില്‍ റോയിയെ വീണ്ടും വിളിപ്പിക്കും. കേസില്‍ ചാര്‍ജ് ഷീറ്റ് ഉടന്‍ സമര്‍പ്പിക്കും. കേസുമായി ബന്ധപ്പെട്ട് മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
🔳സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുള്ള വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ ക്രമക്കേട് കണ്ടാല്‍ ഫീസ് നിര്‍ണ്ണയ സമിതിക്ക് സ്വമേധയാ നടപടി എടുക്കാന്‍ അധികാരം ഉണ്ടെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് കേരള ഹൈക്കോടതി വിധി ശരിവച്ച് കൊണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം കോടതി വിധി ഇപ്പോള്‍ പഠനം പൂര്‍ത്തിയാക്കിയ കുട്ടികളെ ബാധിക്കരുതെന്ന് സുപ്രീംകോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. ഈ കുട്ടികള്‍ക്ക് ആരോഗ്യ സര്‍വ്വകലാശാല ഉടന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോടതി വിധിച്ചു.
🔳26ാമത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരിയില്‍ നടക്കും. തിരുവനന്തപുരത്ത് വച്ച് ഫെബ്രുവരി നാല് മുതല്‍ 11 വരെയാണ് മേള നടക്കുക. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 2022 ഫെബ്രുവരി നാലിന് വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. 2021 ഡിസംബറില്‍ നടക്കാനിരുന്ന ചലച്ചിത്ര മേളയാണ് 2022 ഫെബ്രുവരിയിലേക്ക് മാറ്റിയത്.
🔳അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് മുപ്പതിനായിരത്തിലധികം പേര്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളെന്ന് എന്‍.സി.ആര്‍.ബി. റിപ്പോര്‍ട്ട്. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ ആക്‌സിഡന്റല്‍ ഡെത്ത് ആന്‍ഡ് സൂയ്‌സൈഡ്‌സ് ഇന്‍ ഇന്ത്യ എന്ന പഠന റിപ്പോര്‍ട്ടിലാണ് വിവരം. 2016 മുതല്‍ 2020 വരെ 36,872 പേരാണ് വിവാഹ ജീവിതത്തിലെ ദുരനുഭവങ്ങളുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തത്.
🔳പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ് വരുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍. പെട്രോളിന് 4 രൂപയും, ഡീസലിന് അഞ്ച് രൂപയുമാണ് സംസ്ഥാനത്തിന്റെ മൂല്യവര്‍ദ്ധന നികുതിയില്‍ രാജസ്ഥാന്‍ കുറവ് വരുത്തിയത്. പുതുക്കിയ വില ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍വരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു.അതേ സമയം ഇന്ധന നികുതിയില്‍ വരുത്തിയ ഈ കുറവ് രാജസ്ഥാന്‍ സംസ്ഥാനത്തിന് വര്‍ഷത്തില്‍ 3800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാക്കുമെന്നും അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു.
🔳വ്യോമയാന രംഗത്തേക്ക് ചുവടുവയ്ക്കുന്ന കോടീശ്വരന്‍ രാകേഷ് ജുന്‍ജുന്‍വാല ബോയിങ് കമ്പനിയില്‍ നിന്നും 72 വിമാനങ്ങള്‍ വാങ്ങുവാന്‍ കരാറായതായി റിപ്പോര്‍ട്ട്. 900 കോടി ഡോളറിനാണ് രാകേഷ് ജുന്‍ജുന്‍വാല ആരംഭിക്കുന്ന ആകാശ എയര്‍ലൈന്‍സ് ഇത്രയും വിമാനങ്ങള്‍ വാങ്ങുന്നത് എന്നാണ് വിവരം. വളരെ ചിലവ് കുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസ് എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല വ്യോമയാന രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. ഇന്റിഗോ, ജെറ്റ് എന്നീ വ്യോമയാന കമ്പനികളുടെ മുന്‍ സിഇഒമാരാണ് ആകാശ എയര്‍ കെട്ടിപ്പടുക്കാന്‍ ജുന്‍ജുന്‍വാലയ്ക്ക് ഒപ്പമുള്ളത്.
🔳200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍ തിഹാര്‍ ജയിലില്‍ കൈക്കൂലി നല്‍കാന്‍ കോടികള്‍ ചെലവഴിച്ചതായി ദില്ലി പൊലീസ്. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും പ്രത്യേക സെല്ലില്‍ ഒറ്റയ്ക്ക് താമസിക്കാനുമാണ് ഇത്രയും പണം ചെലവഴിച്ചത്. ഇതുവഴിയാണ് ജയിലിലായിരുന്നിട്ടും കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്താന്‍ പ്രതിക്ക് കഴിഞ്ഞെന്നും പൊലീസ് കണ്ടെത്തി. സുകേഷിന് ജയിലില്‍ വഴിവിട്ട സഹായം നല്‍കിയ ജയില്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി ദില്ലി പൊലീസ് അറിയിച്ചു. രണ്ടാഴ്ചത്തേക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് 60-75 ലക്ഷം രൂപവരെ കൈക്കൂലി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
🔳ബലാത്സംഗക്കേസ് സംബന്ധിച്ച് വിവാദ പരാമര്‍ശം നടത്തിയ വനിതാ ജഡ്ജിയെ കോടതി ചുമതലകളില്‍ നിന്ന് നീക്കി ബംഗ്ലാദേശ് സുപ്രീംകോടതി. ബലാത്സംഗം നടന്ന് 72 മണിക്കൂറിന് ശേഷം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന വിവാദ നിരീക്ഷണം നടത്തിയതിനെ തുടര്‍ന്നാണ് വനിതാ ജഡ്ജിയായ ബീഗം മൊസാമ്മത് കമ്രുന്നഹര്‍ നാഹറിനെ കോടതി ചുമതലകളില്‍ നിന്ന് ഒഴിവാക്കിയതെന്ന് ദി ഡയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.
🔳ലോകത്തെ ധനികരാജ്യങ്ങളില്‍ അമേരിക്കയെ പിന്തള്ളി ഒന്നാമതെത്തി ചൈന. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആഗോള തലത്തില്‍ രാജ്യങ്ങളിലെ ആസ്തികള്‍ കുത്തനെ വര്‍ധിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്. അതില്‍ തന്നെ ഏറെ നേട്ടമുണ്ടാക്കിയത് ചൈനയും. കണ്‍സള്‍ട്ടന്‍സി കമ്പനി മക്കിന്‍സി ആന്റ് കമ്പനി ലോകത്തെ പത്ത് രാജ്യങ്ങളിലെ ബാലന്‍സ് ഷീറ്റ് പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ആഗോള വരുമാനത്തിന്റെ 60 ശതമാനവും ഈ പത്ത് രാജ്യങ്ങളിലേക്കാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ചൈന, അമേരിക്ക, ജര്‍മ്മനി, ഫ്രാന്‍സ്, യുകെ, കാനഡ, ഓസ്ട്രേലിയ, ജപ്പാന്‍, മെക്സിക്കോ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് ആസ്തിയുടെ കാര്യത്തില്‍ മുന്നിലുള്ള പത്ത് രാജ്യങ്ങള്‍.
🔳അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസര്‍ തങ്ങളുടെ കോവിഡ് ആന്റിവൈറല്‍ ഗുളിക മറ്റ് കമ്പനികള്‍ക്കും നിര്‍മ്മിക്കാനുള്ള അനുമതി നല്‍കി . ഇതോടെ ഈ മരുന്ന് ലോകത്തിലെ ദരിദ്ര രാജ്യങ്ങള്‍ക്കും കുറഞ്ഞ നിരക്കിന് ലഭിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. പാക്‌സ്ലോവിഡ് എന്ന് പേരിട്ടിരിക്കുന്ന കോവിഡ് പ്രതിരോധ ഗുളിക 95 ദരിദ്ര-വികസ്വര രാജ്യങ്ങളില്‍ യോഗ്യരായ മറ്റ് കമ്പനികള്‍ക്കും നിമ്മിക്കാനുള്ള ഉപകരാര്‍ നല്‍കുമെന്നാണ് ഫൈസര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
🔳പരിശീലകനെന്ന നിലയില്‍ ഏതെങ്കിലും ഒരു ഫോര്‍മാറ്റിന് അമിത പ്രധാന്യം നല്‍കില്ലെന്നും മൂന്ന് ഫോര്‍മാറ്റും ഒരുപോലെ പ്രധാനമാണെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ദ്രാവിഡ്. ടീമിലെ ഓരോ താരങ്ങളുടെയും പ്രകടനം നിരീക്ഷിക്കാനാണ് സമയം കണ്ടെത്തുകയെന്നും കളിക്കാരില്‍ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും രാഹുല്‍ ദ്രാവിഡ് ആദ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടി20 ടീമിന്റെ നായകനായി നിയമിതനായ രോഹിത് ശര്‍മക്കൊപ്പമാണ് ദ്രാവിഡ് വാര്‍ത്താസമ്മേളനത്തിനെത്തിയത്.
🔳ആഗോളതലത്തില്‍ ഇന്നലെ 4,47,001 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 62,216 പേര്‍ക്കും ഇംഗ്ലണ്ടില്‍ 37,243 പേര്‍ക്കും റഷ്യയില്‍ 36,818 പേര്‍ക്കും തുര്‍ക്കിയില്‍ 25,101 പേര്‍ക്കും ജര്‍മനിയില്‍ 30,483 പേര്‍ക്കും ഫ്രാന്‍സില്‍ 19,778 പേര്‍ക്കും നെതര്‍ലാന്‍ഡില്‍ 20,168 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.50 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.93 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 6,399 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 894 പേരും റഷ്യയില്‍ 1,240 പേരും ഉക്രെയിനില്‍ 838 പേരും റൊമാനിയായില്‍ 343 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51.28 ലക്ഷമായി.
🔳ദുല്‍ഖറിന്റെ പുതിയ ചിത്രം 'കുറുപ്പ്' അന്‍പത് കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുണ്ടെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും ദുല്‍ഖര്‍ സല്‍മാന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. കേരളത്തില്‍ 505 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ ദിവസം തന്നെ ആറരക്കോടി നേടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് കാണികളെ അനുവദിച്ചിട്ടുള്ളതെങ്കിലും ചിത്രത്തിന്റെ പ്രദര്‍ശനങ്ങളെല്ലാം ഹൗസ്ഫുള്‍ ആയിരുന്നു. ലോകമാകെ 1500 സ്‌ക്രീനുകളിലായിരുന്നു റിലീസ്.