About

News Now

വൈഗയുടെ കത്ത് മുഖ്യമന്ത്രിയ്ക്ക് കിട്ടി: കുട്ടിമാളു അമ്മയുടെ വീട്ടിലും വെളിച്ചമെത്തി

 


താമരശ്ശേരി: 

ആറാം ക്ലാസുകാരി വൈഗ വിനോദ് മുഖ്യമന്ത്രിക്ക് ഒരു കത്തെഴുതി. അതിലൂടെ അയൽക്കാരിയായ വയോധിക കുട്ടിമാളു അമ്മയുടെ വീട്ടിൽ  വൈദ്യുതിയുടെ വെള്ളിവെളിച്ചമെത്തി. താമരശ്ശേരി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർത്ഥിനിയായ വൈഗ താമരശ്ശേരി മൂന്നാംതോട്  "സ്വർഗ"ത്തിൽ വിനോദ് കുമാറിന്റെയും ഷീനയുടെയും മകളാണ്. സഹജീവി സ്നേഹവും കരുതലും പഴങ്കഥയാകുന്ന ഈ കാലത്ത് വൈഗ എല്ലാവർക്കും വഴികാട്ടിയാകുകയാണ്.

കഴിഞ്ഞ ഒക്റ്റോബർ 22നാണ് കളങ്കമില്ലാത്ത വൈഗയുടെ കൊച്ചു മനസ്സിൽ മുഖ്യമന്ത്രിയ്ക്ക് വൈദ്യുതി വിഷയത്തിൽ  ഒരു കത്തെഴുതാമെന്ന ആശയം ഉദിക്കുന്നത്. പിന്നീട് താമസിച്ചില്ല. നോട്ട് ബുക്കിലെ ഒരു പേജിൽ അവൾ ചുരുക്കി എഴുതി.


 പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്, 

ഞാൻ വൈഗ വിനോദ്, താമരശ്ശേരി ജി.വി.എച്ച്.എസിൽ ആറാം ക്ലാസിൽ പഠിക്കുന്നു. എൻ്റെ വീടിനടുത്തുള്ള ഒരു മുത്തശിക്ക് വേണ്ടിയാണ് ഞാൻ ഈ കത്ത് എഴുതുന്നത്. 

ഞങ്ങളുടെ നാട്ടിലെ എല്ലാ വീടുകളിലും കറൻ്റ് ഉണ്ട്. മുത്തശിയുടെ വീട്ടിൽ മാത്രം കറൻറില്ല.

മുത്തശ്ശിയും മകനും മാത്രമാണ് ആ വീട്ടിലുള്ളത്. മുത്തശിക്ക് കാഴ്ചയും കേൾവിയും കുറവാണ്. അവർക്ക് എത്രെയും പെട്ടെന്ന് കറൻ്റ് കണക് ഷൻ അനുവദിച്ച് കൊടുക്കണമെന്ന് സ്നേഹപൂർവ്വം അറിയിച്ച് കൊള്ളുന്നു.

എന്ന്,

വൈഗ വിനോദ്

(ഒപ്പ്)



എഴുതിയ കുറിപ്പ്  ആദ്യം കണ്ടപ്പോൾ  മകളുടെ തമാശയായാണ് തോന്നിയതെന്ന് വൈഗയുടെ മാതാവ് ഷീന.  പിന്നീട് പിതാവ് വിനോദ് മുഖ്യമന്ത്രിയുടെ വിലാസം സംഘടിപ്പിച്ച് നൽകിയതോടെ മകൾ തന്നെ വിലാസമെഴുതി അയച്ചു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ബാലുശ്ശേരി കെ.എസ്.ഇ.ബി. ഓഫീസിൽ നിന്നും വിളി വന്നപ്പോഴാണ് മകളുടെ കത്തെഴുത്ത് 'തമാശ'യ ല്ലെന്ന് മാതാപിതാക്കൾക്ക് വ്യക്തമാകുന്നത്. പിന്നീട് താമരശ്ശേരി കെ.എസ്.ഇ.ബി. അധികൃതർ വൈഗയുടെ വീട്ടിലും സമീപത്തെ മുത്തശി കുട്ടിമാളുഅമ്മയുടെയും വീട്ടിലെത്തി. തുടർന്ന് വർഷങ്ങൾക്ക് മുൻപ് വയറിങ് ചെയ്ത കുട്ടിമാളുഅമ്മയുടെ വീട്ടിൽ ഒരു ചെലവുമില്ലാതെ കെ.എസ്.ഇ.ബി. അധികൃതർ വൈദ്യുതിയെത്തിച്ചു. വൈദ്യുതി വെളിച്ചം തെളിഞ്ഞതോടെ മുത്തശി കുട്ടിമാളുഅമ്മയുടെയും വൈഗയുടെ മുഖം മിന്നി തിളങ്ങി.

വർഷങ്ങളായി വൈദ്യുതി വെളിച്ചത്തിനായുള്ള കുട്ടിമാളുഅമ്മയുടെ കാത്തിരുപ്പിന് ഇതോടെ വിരാമമായി.   കുഞ്ഞുവൈഗയുടെ പ്രയത്നങ്ങളെ ഇപ്പോൾ പ്രദേശവാസികൾ വാഴ്ത്തുകയാണ്. എല്ലാവരും വൈദ്യുതി വെളിച്ചവും അനുബന്ധ സൗകര്യങ്ങളും ഉപയോഗപ്പെടുത്തുമ്പോൾ അയൽപക്കത്തെ മുത്തശിയ്ക്കും അത് ലഭ്യമാക്കണമെന്ന  ആഗ്രഹം സഫലമാക്കാനായതിൻ്റെ സന്തോഷത്തിലാണ് വൈഗ.

താമരശ്ശേരി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ അധികൃതർ അസംബ്ലിയിൽ വെച്ച് വൈഗയെ ഉപഹാരം നൽകി അനുമോദിച്ചു.