ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 | ഫെബ്രുവരി 01| 1197 മകരം 18| ആഖിർ 29| ചൊവ്വ | തിരുവോണം|
🔳കേരളത്തില്‍ വൈദ്യുതി ചാര്‍ജ് ഒരു രൂപ വര്‍ധിപ്പിക്കും. ഫിക്സഡ് ചാര്‍ജും കൂട്ടും. വീടുകള്‍ക്ക് 19.8 ശതമാനമാണ് ഫികസ്ഡ് ചാര്‍ജ് വര്‍ധിപ്പിക്കുക. ചെറുകിട വ്യവസായങ്ങള്‍ക്ക് 21 ശതമാനവും വന്‍കിട വ്യവസായങ്ങള്‍ക്കു 13 ശതമാനവും വര്‍ധിപ്പിക്കും. ഏപ്രില്‍ മാസത്തോടെ നിരക്കു വര്‍ധന പ്രാബല്യത്തിലാകും.
🔳കേന്ദ്ര ബജറ്റ് ഇന്ന്. രാവിലെ 11 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കും. കൊവിഡ് പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ സാമ്പത്തിക ഉത്തേജന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും ഉണ്ടാകാം. കേരളത്തിലെ കെ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിക്കുമോയെന്നും ഇന്നറിയാം.
🔳ബഹിരാകാശ മേഖല കൂടി സ്വകാര്യ കമ്പനികള്‍ക്കു തുറന്നുകൊടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍. ഐടി, ബിപിഒ മേഖലയില്‍ സ്വകാര്യവത്കരണം സാധ്യമാക്കുന്നതിന് ടെലികോം നിയന്ത്രണങ്ങള്‍ നീക്കം ചെയ്യും. ഈ വര്‍ഷം 9.2 ശതമാനം ജിഡിപി വളര്‍ച്ച ഉണ്ടാകുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
🔳ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്നു പ്രസ്താവിച്ച നിയമ മന്ത്രി പി രാജീവ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ അവകാശ ലംഘനത്തിനു നോട്ടീസ്. മന്ത്രിയുടെ പ്രസ്താവനയും കോടിയേരിയുടെ ലേഖനവും ചൂണ്ടിക്കാട്ടി മാത്യു കുഴല്‍നാടന്‍ എംഎല്‍എ യാണ് നിയമസഭ സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയത്.
🔳ലോകായുക്തിയ്ക്കെതിരെ കെ.ടി ജലീല്‍ എംഎല്‍എ വീണ്ടും രംഗത്ത്. ലോകായുക്തയായി നിയമിക്കാന്‍ യോഗ്യരായ രണ്ടു പേരേ ഉണ്ടായിരുന്നുള്ളുവെന്നും എത്ര നിര്‍ബന്ധിച്ചിട്ടും ഒരു മാന്യന്‍ പദവി ഏറ്റെടുത്തില്ല. അതിനാല്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ സിറിയക് ജോസഫിനെ നിയമിക്കുകയായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
🔳ലോകായുക്തയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് സിപിഎം മുന്‍മന്ത്രി കെ.ടി ജലീലിനെ ഇറക്കി വ്യാജാരോപണങ്ങള്‍ പടച്ചുവിടുന്നതെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കുറ്റാരോപിതരെ രക്ഷിക്കാന്‍ ലോകയുക്തയുടെ അധികാരം ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. എംജി സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. ജാന്‍സി ജെയിംസിനെ നിയമിച്ചത് 2004 നവംബറിലാണ്. ഐസ്‌ക്രീം കേസിലെ ഹൈക്കോടതി വിധി 2005 ജനുവരിയിലായിരുന്നു. അനുകൂല കോടതിവിധിക്കു പ്രതിഫലമായാണ് വൈസ് ചാന്‍സര്‍ നിയമനമെന്ന വാദം കള്ളമാണെന്ന് ഇതില്‍നിന്നു വ്യക്തമെന്നും ഉമ്മന്‍ ചാണ്ടി.
🔳സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ തുടരും. ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ വലിയ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാത്തത്. തിരുവനന്തപുരത്ത് രോഗവ്യാപനം കുറഞ്ഞെങ്കിലും സി കാറ്റഗറിയില്‍ തന്നെ തുടരും. കൊവിഡ് ബാധിതരായ ഗുരുതര രോഗമുള്ളവര്‍ക്ക് ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാണെന്ന് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
🔳കെ റെയില്‍ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. സാമ്പത്തിക-സാങ്കേതിക പ്രവര്‍ത്തനക്ഷമതയെക്കുറിച്ചും വ്യക്തത വേണം. ഡിപിആര്‍ എന്ന പേരില്‍ വിശദ പദ്ധതിരേഖ പ്രസിദ്ധീകരിച്ചെങ്കിലും അതില്‍ ഇക്കാര്യങ്ങളില്ലെന്നും സുധാകരന്‍ പറഞ്ഞു. ലോക്‌സഭയില്‍ ശൂന്യവേളയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയില്‍വെ മന്ത്രി റാവോ സാഹിബ് ധന്‍വെ രേഖാമൂലം തന്ന മറുപടിയിലാണ് ഇക്കാര്യമുള്ളതെന്നും സുധാകരന്‍ പറഞ്ഞു.
🔳അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പ്രസ്താവിക്കും. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അറസ്റ്റു തടഞ്ഞിരിക്കുന്നതിനാല്‍ അന്വേഷണവുമായി മുന്നോട്ടു പോകാന്‍ കഴിയുന്നില്ലെന്നും പ്രധാന തെളിവായ ഫോണിനുവേണ്ടി കോടതിയില്‍ ഇരക്കേണ്ട അവസ്ഥയാണെന്നും പ്രോസിക്യൂഷന്‍. വീട്ടിലെ എല്ലാവരേയും പ്രതിയാക്കിയിരിക്കുകയാണെന്ന് ദിലീപും വാദിച്ചു.
🔳കൈക്കൂലി വിവാദത്തില്‍ എംജി യൂണിവേഴ്സിറ്റിയിലെ സെക്ഷന്‍ ഓഫീസറെയും അസിസ്റ്റന്റ് രജിസ്ട്രാറേയും സ്ഥലംമാറ്റി. സമഗ്ര അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു; അറസ്റ്റിലായ എല്‍സിയുടെ നിയമനത്തില്‍ വീഴ്ചയില്ലെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.
🔳ജനുവരി ഒമ്പതിന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. 19,347 പേര്‍ പരീക്ഷ എഴുതിയതില്‍ 3,928 പേരാണു വിജയിച്ചത്.
🔳ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇയിലെ നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി ഇതിനായി സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഉറപ്പ് നല്‍കി. യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
🔳മലപ്പുറം നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ ഇടതു മുന്നണിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപെട്ടു. ബിജെപി അംഗം വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഭരണം നിലനിര്‍ത്താന്‍ സിപിഎം ബിജെപിയുടെ സഹായം തേടിയെന്ന് യുഡിഎഫ് ആരോപിച്ചു. പതിനേഴംഗ ഭരണസമിതിയില്‍ ഇടതു മുന്നണിക്കും യുഡിഎഫിനും എട്ട് അംഗങ്ങളും ബിജെപിക്ക് ഒരംഗവുമാണുള്ളത്. നറുക്കെടുപ്പിലൂടെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ ഇടതുമുന്നണി നേടി. ഇടതു മുന്നണിയിലെ ഒരംഗത്തിന്റെ വിജയം കോടതി റദ്ദാക്കിയതോടെയാണ് ഭൂരിപക്ഷം നഷ്ടപ്പെട്ട ഭരണ സമിതിക്കെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
🔳മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് കേരള ഹൈക്കോടതി താത്കാലികമായി തടഞ്ഞു. അടുത്ത രണ്ടു ദിവസത്തേക്കാണു സ്റ്റേ. ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാലാണെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടരുതെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.
🔳മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രനിര്‍ദ്ദേശം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ് ഇടാനുള്ള നീക്കമാണിത്. ഓരോ മാധ്യമത്തെയും വരുതിയിലാക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.
🔳കോഴിക്കോട് വെള്ളയില്‍ കോര്‍പറേഷന്‍ മാലിന്യനിര്‍മ്മാര്‍ജ്ജന പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം, വാഹനങ്ങള്‍ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
🔳കേരളത്തില്‍ ഇന്നലെ 99,410 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടിപിആര്‍ 42.40. സംസ്ഥാനത്ത് ഇന്നലെ 10 മരണം. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 54,395 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 38,458 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,57,552 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍ 1572, ഇടുക്കി 1451, പത്തനംതിട്ട 1338, വയനാട് 1062, കാസര്‍ഗോഡ് 844.
🔳രാജ്യത്ത് ഇന്നലെ 1,61,538 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 15,140, കര്‍ണാടക- 24,172, തമിഴ്‌നാട്- 19,280, ഡല്‍ഹി- 2,779.
🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഒന്നര ലക്ഷത്തിനടുത്ത്. ബ്രസീല്‍ - 75,255, ഫ്രാന്‍സ്- 82,657, റഷ്യ- 1,24,070, ഇറ്റലി- 57,715, ജര്‍മനി-1,19,696. ഇതോടെ ആഗോളതലത്തില്‍ 37.72 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 7.29 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 6145 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 437, റഷ്യ- 621, ഇറ്റലി - 349. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56.88 ലക്ഷമായി.